.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഏറെ നാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കഴിഞ്ഞ ദിവസം ആദ്യ കപ്പൽ എത്തി. തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി ബെർത്തിലടുത്തത് ചൈനയിൽ നിന്നുള്ള കപ്പലാണ്. സംസ്ഥാനത്തിന്‍റെ വികസനത്തിൽ അതിപ്രധാന പങ്കു വഹിക്കേണ്ട തുറമുഖം അങ്ങനെ പ്രവർത്തനസജ്ജമാവുകയാണ്. ഈ കപ്പലിന് നാളെ തുറമുഖത്ത് ഔദ്യോഗിക സ്വീകരണം നൽകും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും അടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂർത്തം തന്നെയാണിത്.
28ന് രണ്ടാമത്തെ കപ്പലും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്കു കപ്പലും എത്തുമെന്നാണ് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചിരിക്കുന്നത്. ഡ്രെഡ്‌ജിങ് ആവശ്യമില്ലാത്ത, സ്വാഭാവിക ആഴം 20 മീറ്ററിൽ അധികമുള്ള, അന്താരാഷ്‌ട്ര കപ്പൽ ചാലിനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ തുറമുഖം എന്നതാണ് വിഴിഞ്ഞത്തിന്‍റെ പ്രത്യേകത. ലോകത്തെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്നത്. ഒരന്താരാഷ്‌ട്ര തുറമുഖത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇവിടം രാജ്യത്തെ ആദ്യ മദർഷിപ്പ് പോർട്ട് എന്ന നിലയിൽ ലോകം ശ്രദ്ധിക്കുന്നതാണ്. നിരവധി കണ്ടെയ്നറുകളുമായി ഇന്ത്യയിലേക്കു വരുന്ന മദർഷിപ്പുകൾ രാജ്യത്തിന്‍റെ അയൽവക്കത്തുള്ള മദർപോർട്ടുകളിൽ നങ്കൂരമിട്ട ശേഷം അവിടെനിന്ന് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് ചരക്ക് എത്തിക്കുന്നത് ഒഴിവാക്കാൻ വിഴിഞ്ഞം ഉപകരിക്കും.
ഇത്തരത്തിൽ രാജ്യത്തെ ചരക്കു നീക്കത്തിൽ ഇതു വലിയ മാറ്റങ്ങൾക്കാണു വിഴിഞ്ഞം വഴി തുറക്കുക. സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ മദർഷിപ്പ് പോർട്ടുകളോടു മത്സരിക്കാനുള്ള കരുത്ത് വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞത്ത് കപ്പൽച്ചാലിൽ നിന്നു തുറമുഖത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് ചരക്കിറക്കി മടങ്ങാം. ദിവസങ്ങളോളം പുറംകടലിൽ കാത്തുകിടക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഇത് മദർഷിപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. രാജ്യത്തേക്ക് കടൽ വഴി കൊണ്ടുവരുന്ന സാധനങ്ങൾ വിഴിഞ്ഞത്തെത്തിച്ച് ഇവിടെ നിന്ന് ചെറുകപ്പലുകളിൽ മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകാം. രാജ്യത്തിനു പുറത്തു കൊണ്ടുവന്ന് ഇങ്ങോട്ട് എത്തിക്കുമ്പോഴുള്ള സമയനഷ്ടം ഒഴിവാകുന്നതു മാത്രമല്ല വിദേശനാണയ ശേഖരം ലാഭിക്കാനും ഇതിലൂടെ കഴിയും. രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്‌ട്ര കപ്പൽ ചാലിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ, ചരക്കുനീക്കത്തിന്‍റെ മുക്കാൽ പങ്കും കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തേ അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുവഴി വർഷം 2,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാവുന്നുണ്ടെന്നാണു പറയുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സ്വപ്നപദ്ധതി യാഥാർഥ്യമാവുന്നതോടെ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാനും അവസരമുണ്ട്. സംസ്ഥാന തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റാൻ സഹായിക്കുന്നതാണ് ഈ പദ്ധതി. തിരുവനന്തപുരം വ്യവസായ ഇടനാഴിയായി മാറുന്നതിനു തുറമുഖം വഴി തുറക്കും. തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളിലായി ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ കണ്ടെത്താനാവുമെന്നും കരുതുന്നുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി ചെറിയ കപ്പലുകൾ ഉപയോഗിച്ച് കാർഗോ കണക്റ്റിവിറ്റിയുണ്ടാക്കാൻ 17 ചെറിയ തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ നേട്ടങ്ങളൊക്കെ കൈപ്പിടിയിലാക്കുന്നതിന് ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ കൂടി എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. കണ്ടെയ്നർ ബെർത്ത് നിർമാണം 70 ശതമാനത്തിലേറെയാണു പൂർത്തിയായത്. പുലിമുട്ട് നിർമാണം പകുതിയിലേറെ കഴിഞ്ഞു. ഇനിയും വച്ചുതാമസിപ്പിക്കാതെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്കു കഴിയട്ടെ. സമയബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതു പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതാണല്ലോ. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതി അവരുടെ സമരത്തിനു കാരണമായതടക്കം വിഷയങ്ങളുണ്ട്.
2015ൽ ഉമ്മൻ ചാണ്ടി സർക്കാർ തുറമുഖ നിർമാണത്തിനുള്ള കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചപ്പോൾ 7,700 കോടി രൂപയുടെ ഈ പദ്ധതിയുടെ നിർമാണം 1,000 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വാഗ്ദാനം. അതനുസരിച്ച് 2019 അവസാനത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകേണ്ടതായിരുന്നു. അതൊന്നും നടന്നില്ല. പ്രകൃതിക്ഷോഭവും കല്ല് ലഭിക്കാനുള്ള കാലതാമസവും പുലിമുട്ട് നിർമാണം വൈകുന്നതിനു കാരണമായി. പ്രളയങ്ങളും കൊവിഡും തടസങ്ങളുണ്ടാക്കി. സർക്കാർ കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന ആരോപണവും ഇതിനിടെ അദാനി ഗ്രൂപ്പ് ഉയർത്തിയിരുന്നു. റെയ്‌ൽ, റോഡ് കണക്റ്റിവിറ്റിയിലെയും അതിർത്തി മതിൽ നിർമാണത്തിലെയും കാലതാമസം, ഭൂമി ഏറ്റെടുത്തു നൽകുന്നതിലെ മെല്ലപ്പോക്ക് തുടങ്ങിയ പ്രശ്നങ്ങൾ സർക്കാരിനെതിരേ അവർ ഉന്നയിച്ചു. അതേസമയം തന്നെ പദ്ധതി കമ്മിഷൻ ചെയ്യാൻ വൈകുന്നതിൽ അദാനി ഗ്രൂപ്പിനെതിരേ സർക്കാർ രംഗത്തുവരുന്ന അവസ്ഥയുമുണ്ടായി. പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളും നിർമാണ വേഗത്തെ ബാധിച്ചു.
എന്തായാലും അടുത്ത വർഷം മേയ് മാസത്തോടെ തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാവുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഈ ലക്ഷ്യം നടപ്പാവണമെങ്കിൽ ഒറ്റക്കെട്ടായ പ്രവർത്തനം ആവശ്യമാണ്. മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപം അടക്കം പരിഗണിക്കേണ്ടതുണ്ട്. എല്ലാവരെയും ഒപ്പം കൊണ്ടുവരാൻ സർക്കാരിനു കഴിയണം.