കളമൊഴിഞ്ഞ് ബ്രസീൽ,ലോക കപ്പ് മുന്നോട്ട്
ലാറ്റിനമെരിക്കൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ അർജന്‍റീനയും ബ്രസീലും തമ്മിലുള്ള സ്വപ്ന സെമി കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധകരാണു നിരാശയുടെ പടുകുഴിയിലായിരിക്കുന്നത്. ക്വാർട്ടർ പോലും കളിക്കാനാവാതെ ഈ ലോകകപ്പിൽ നിന്നു ബ്രസീൽ മടങ്ങുമ്പോൾ അതിന്‍റെ നിരാശയിൽ അകപ്പെടുന്നവരിൽ ആയിരക്കണക്കിനു മലയാളികളുമുണ്ട്. ലോകകപ്പ് വരുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ബ്രസീലിനും അർജന്‍റീനയ്ക്കുമാണല്ലോ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കാനറികളെ കീഴടക്കിയ നോർവേ മഞ്ഞക്കുപ്പായക്കാരുടെ കണ്ണുനീരാണ് ന്യൂ ജഴ്സി സ്റ്റേഡിയത്തിൽ വീഴ്ത്തിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയുടെ അവസാന ഭാഗത്തായിരുന്നു ഇരുപക്ഷത്തും വല കുലുങ്ങിയത്. ആദ്യ പകുതിയിൽ വീണുകിട്ടിയ പെനൽറ്റി ഗോളിലെത്തിക്കാൻ കഴിയാതെ പോയതിന്‍റെ നിരാശ ബ്രസീലിയൻ ആരാധകരെ എളുപ്പമൊന്നും വിട്ടുപോവില്ല. നോർവീജിയൻ ഗോളി ഓറിയൻ നൈലാൻഡ് ഡൈവ് ചെയ്തു തട്ടിയകറ്റിയത് ബ്രസീലിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കാവുന്ന സുവർണാവസരത്തെ തന്നെയായിരുന്നു. മത്സരത്തിൽ നൈലാൻഡിന്‍റെ തകർപ്പൻ സേവുകൾ നോർവേയ്ക്കു പകർന്ന ഊർജം ചെറുതൊന്നുമായിരുന്നില്ല.
നോർവീജിയൻ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ എർലിങ് ഹാളണ്ടിന്‍റെ സംഭാവനയാണ് അവരുടെ രണ്ടുഗോളുകളും. ഇഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെ നെയ്മർ നേടിയ ഏക ഗോൾ ഈ ലോകകപ്പിൽ അദ്ദേഹത്തിന്‍റെ ആദ്യത്തെയും അവസാനത്തെയും ഗോളായി. ഫുട്ബോളിലെ ഈ ഇതിഹാസ താരം തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുകയും ചെയ്തു. ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണു നെയ്മർ. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ. കളിക്കളങ്ങളിൽ വിസ്മയങ്ങൾ സൃഷ്ടിക്കാറുള്ള ഈ മാന്ത്രികൻ നാലു ലോകകപ്പിലാണു ടീമിനു വേണ്ടി കളിച്ചത്. എന്നിട്ടും ലോകകപ്പ് നേടുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാതെ പിൻവാങ്ങേണ്ടിവരുന്നു. പരുക്കു വില്ലനായ ഇക്കുറി പകരക്കാരനായി രണ്ടു മത്സരങ്ങളിൽ മാത്രമാണ് 34കാരനായ നെയ്മർ ഇറങ്ങിയത്.
അതേസമയം, നോർവേയുടെ വിജയശിൽപ്പി ഹാളണ്ടിന് ഈ ലോകകപ്പിൽ ഏഴു ഗോളുകളായി. വേഗത്തിലും കരുത്തിലും പൊസിഷനിങ്ങിലും ഫിനിഷിങ്ങിലും മികവു പുലർത്തുന്ന ഹാളണ്ട് ഗോൾഡൺ ബൂട്ട് മത്സരത്തിൽ ലയണൽ മെസിക്കും കിലിയൻ എംബാപ്പെയ്ക്കും ഒപ്പമാണ്. മൂന്നു പേർക്കും ഏഴു ഗോളുകൾ. അർജന്‍റീനയ്ക്കു മെസിയും ഫ്രാൻസിന് എംബാപ്പെയും പോലെ നോർവേയ്ക്ക് ഹാളണ്ടും വീരപുരുഷനായി മാറിയിരിക്കുന്നു. ഇതാദ്യമായാണ് നോർവേ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത് എന്നതും പ്രത്യേകതയാണ്. 1998ലെ ലോകകപ്പിന്‍റെ ഗ്രൂപ്പ് മത്സരത്തിലും നോർവേ ബ്രസീലിനെ 2-1ന് തോൽപ്പിച്ചിരുന്നു. ബ്രസീലിനോടു തോൽക്കാത്ത രാജ്യം എന്ന ഖ്യാതിയാണ് നോർവേ ഇപ്പോഴത്തെ വിജയത്തോടെ നിലനിർത്തുന്നത്. ലോകകപ്പിൽ അഞ്ചു തവണത്തെ ജേതാക്കളായി ചരിത്രം കുറിച്ച ബ്രസീൽ അവസാനമായി കപ്പ് നേടുന്നത് 2002ൽ ആണ്. പിന്നീടുള്ള ആറു ലോകകപ്പുകളിലും ജേതാക്കളാവാൻ കഴിയാതെ അവർക്കു മടങ്ങേണ്ടിവന്നു. 24 വർഷത്തെ ലോകകപ്പ് വരൾച്ച തുടരുമെന്നു സാരം.
ബ്രസീൽ എന്തുകൊണ്ടു തോറ്റു എന്നുള്ള ചർച്ച കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇനിയുള്ള ദിവസങ്ങളിലുണ്ടാകും. ലോകകപ്പ് തുടങ്ങും മുൻപ് ബ്രസീലിന്‍റെ പടുകൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ച് ആഘോഷം തുടങ്ങിയ ആരാധകരെല്ലാം കാനറികളുടെ ഓരോ മത്സരവും ആവേശപൂർവമാണ് നോക്കിക്കണ്ടിരുന്നത്. ഇഷ്ട ടീമിന്‍റെ പതനവും നെയ്മറുടെ വിരമിക്കലും ആരാധകർക്ക് അത്രയെളുപ്പം മറക്കാനാവില്ല. പക്ഷേ, ഫുട്ബോൾ അങ്ങനെയാണ്. ചെറിയ പിഴവുകൾക്കു കനത്ത വില നൽകേണ്ടിവരാം. അവസാന നിമിഷങ്ങളിൽ ഗതി നിശ്ചയിച്ച പല മത്സരങ്ങളും ഈ ലോകകപ്പിൽ ഉണ്ടായിട്ടുണ്ട്. ജയവും തോൽവിയും സ്പോർട്സിന്‍റെ ഭാഗമാണ്. ആ സ്പിരിറ്റിൽ ഓരോ മത്സരത്തെയും എടുത്ത് മുന്നോട്ടു പോകുകയാണല്ലോ വേണ്ടത്. നല്ല ഗെയിം ആരു കളിച്ചാലും അവരെ പിന്തുണയ്ക്കാം. ലോകകപ്പും ഫുട്ബോളും മുന്നോട്ടുപോകട്ടെ. വരാനിരിക്കുന്ന തകർപ്പൻ മത്സരങ്ങൾക്കായി കാത്തിരിക്കാം, ഓരോ ഫുട്ബോൾ പ്രേമിക്കും. നിലവിലുള്ള ലോകചാംപ്യൻമാരായ അർജന്‍റീനയെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ച കേപ്പ് വെർദെ എന്ന ചെറിയ ദ്വീപ് രാജ്യം അടിയറവു പറയും മുൻപ് കാഴ്ചവച്ച ഫുട്ബോളിന്‍റെ സൗന്ദര്യം പോലെ ഇനിയെന്തൊക്കെ ബാക്കിയിരിക്കുന്നുണ്ടാവും ഈ ലോകകപ്പിൽ.