സൈബർ ആക്രമണം രൂക്ഷം

 

freepik.com

Editorial

അന്തമില്ലാതെ സൈബർ തട്ടിപ്പുകൾ

ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കുകയും ഇങ്ങനെ കെണിയിൽ വീഴുന്നവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്

അവിശ്വസനീയമായതു വിശ്വസനീയമാണെന്നു തോന്നിപ്പിക്കാനും അതുവഴി പറഞ്ഞു പറ്റിക്കാനും ഓൺലൈൻ തട്ടിപ്പു വീരന്മാർക്കു പ്രത്യേക സാമർഥ്യം തന്നെയുണ്ട്. മറ്റുള്ളവർ കുടുങ്ങിയതുപോലെയല്ല തന്‍റെ കേസ് എന്നു ധരിച്ചാണു പലരും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത്.

പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കും 'വെർച്വൽ അറസ്റ്റിനു'മെല്ലാം എതിരേ വ്യാപകമായ രീതിയിൽ പൊതുജന ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഓൺലൈനിൽ ബന്ധപ്പെടുന്നവരെ കണ്ണടച്ചു വിശ്വസിക്കുന്നതു വലിയ അപകടമായി മാറുമെന്ന് അറിയാത്തവരും ഉണ്ടാവില്ല. എത്രയോ ആളുകൾ തട്ടിപ്പിന് ഇരയായതിന്‍റെ റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവരുന്നുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും ആളുകൾ കെണിയിൽ വീണുപോകുന്നു എന്നതാണു നിരാശാജനകമായിട്ടുള്ളത്. അവിശ്വസനീയമായതു വിശ്വസനീയമാണെന്നു തോന്നിപ്പിക്കാനും അതുവഴി പറഞ്ഞു പറ്റിക്കാനും ഓൺലൈൻ തട്ടിപ്പു വീരന്മാർക്കു പ്രത്യേക സാമർഥ്യം തന്നെയുണ്ട്. മറ്റുള്ളവർ കുടുങ്ങിയതുപോലെയല്ല തന്‍റെ കേസ് എന്നു ധരിച്ചാണു പലരും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത്.

വെർച്വൽ അറസ്റ്റ് എന്ന തട്ടിപ്പു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം അതിൽ അവസാനത്തേതാണ് കൊച്ചിയിൽ ഉണ്ടായിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരിയെ തട്ടിപ്പുകാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് 2.88 കോടി രൂപ തട്ടിയെടുത്തത്. അവർ ഒരു കള്ളപ്പണ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റിലാണെന്നും തട്ടിപ്പുകാർ അറിയിക്കുകയായിരുന്നു. അറസ്റ്റിലാണെന്നു വിശ്വസിപ്പിക്കാനായി സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള സർട്ടിഫിക്കറ്റുകൾ അവർക്ക് അയച്ചുകൊടുത്തു. കേസിൽ നിന്ന് രക്ഷപെടാൻ പിഴയടയ്ക്കണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. ഭയപ്പെട്ട ഉഷാകുമാരി തന്‍റെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ചുകിട്ടിയ പണവും ഉൾപ്പെടെ 2.88 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു.

താൻ കബളിപ്പിക്കപ്പെട്ടെന്നു മനസിലാക്കിയപ്പോൾ ഉഷാകുമാരി പൊലീസിൽ പരാതി നൽകി. കേസ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണ്. പൊലീസോ സിബിഐയോ ഫോണിലൂടെ ബന്ധപ്പെട്ട് അറസ്റ്റു ചെയ്യാറില്ലെന്ന് എത്രയോ തവണ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനു ശേഷവും 'വെർച്വൽ അറസ്റ്റ് ' എന്നു കേൾക്കുമ്പോൾ ഒരന്വേഷണം നടത്താമെന്ന് ഇരകളാവുന്നവർക്കു തോന്നാറില്ല എന്നതാണു തട്ടിപ്പുകാർക്കു സഹായകരമാവുന്നത്. പൊലീസ്, സിബിഐ, അല്ലെങ്കിൽ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഫോൺ കോളുകൾ വന്നാൽ അതു സംബന്ധിച്ച വിവരങ്ങൾ ഇവിടുത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് തട്ടിപ്പാണെന്ന് ഉറപ്പുവരുത്താവുന്നതാണ്. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാവുമെന്നിരിക്കെ അതിനു തയാറാവാതിരിക്കുന്നതാണ് അബദ്ധമായിപോകുന്നത്.

വെർച്വൽ അറസ്റ്റ് തട്ടിപ്പിനു പിന്നാലെയാണ് ഫോർട്ട് കൊച്ചി സ്വദേശിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായെന്ന പരാതി ഉയർന്നിരിക്കുന്നത്. വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയായിരുന്നു ഈ തട്ടിപ്പ്. 'കുക്കു എഫ്എം' കസ്റ്റമർ കെയറിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് 95,000 രൂപ തട്ടിയെടുത്തത്. ഫോണിന്‍റെ നിയന്ത്രണം കൈവശപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുകയാണ്.

രാജ്യത്ത് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളിൽ നിന്ന് ഏറ്റവും കൂടുതൽ തുക തട്ടിയെടുത്ത കേസും ഉണ്ടായിട്ടുള്ളതു കൊച്ചിയിലാണ്. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്കു വാങ്ങി നൽകാമെന്നും വൻ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞായിരുന്നു ഈ തട്ടിപ്പ്. ഓഹരി വിപണിയിൽ സജീവമായി ഇടപെടുന്നയാളെയാണു തട്ടിപ്പുകാർ ഇരയാക്കിയത്. 2023 മേയ് മുതൽ 2025 ഓഗസ്റ്റ് 29 വരെ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ വഴി പല തവണയായി 26 കോടി രൂപയാണു തട്ടിപ്പുകാർ സ്വന്തമാക്കിയത്. ഈ കേസും പ്രത്യേക സംഘം അന്വേഷിക്കുകയാണ്. തട്ടിപ്പിനു പിന്നിൽ സൈപ്രസ് മാഫിയ ആണെന്നാണ് പൊലീസിന്‍റെ നിഗമനം. മലയാളികൾക്കു പങ്കുണ്ടെന്നും സംശയിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെല്ലാം പുറമേയാണ് ഓൺലൈൻ ആപ്പുകൾ വഴിയുള്ള വായ്പാ തട്ടിപ്പുകൾ. ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കുകയും ഇങ്ങനെ കെണിയിൽ വീഴുന്നവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായാൽ അതു വെളിപ്പെടുത്താനും പൊലീസിൽ പരാതി നൽകാനും പലരും മടിക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാതിപ്പെടാൻ വൈകുന്നത് പൊലീസിന്‍റെ അന്വേഷണം വൈകിപ്പിക്കുകയും കുറ്റവാളികൾക്ക് അവസരങ്ങൾ നൽകുകയും ചെയ്യുകയാണ്.

രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

കാന്താര 2 ന് കേരളത്തിൽ വിലക്ക്

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ