ഡോണൾഡ് ട്രംപ്, നരേന്ദ്രമോദി

 
Editorial

വീണ്ടും അമെരിക്കയുടെ തീരുവ ഭീഷണി

140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ നൽകേണ്ടത്.

MV Desk

ഉഭയകക്ഷി വ്യാപാരത്തിനു തടസം സൃഷ്ടിക്കുന്ന വിധത്തിൽ അമെരിക്കയുടെ തീരുവ ഭീഷണി വീണ്ടും ഉയരുകയാണ്. റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കം അഞ്ചു രാജ്യങ്ങള്‍ക്കു മേല്‍ 100 ശതമാനം വരെ അധികത്തീരുവ ചുമത്താനുള്ള നീക്കമാണ് ആശങ്കയുയർത്തുന്നത്. അമെരിക്കൻ കോൺഗ്രസ് (പാർലമെന്‍റ്) ഇതിനുള്ള ബിൽ പാസാക്കിയിരിക്കുകയാണ്. ബിൽ പ്രകാരം അധികത്തീരുവ നിശ്ചയിക്കാൻ ‌യുഎസ് പ്രസിഡന്‍റിന് അധികാരം ലഭിക്കും. നേരത്തേ യുഎസ് സെനറ്റ് വലിയ ഭൂരിപക്ഷത്തിൽ പാസാക്കിയിരുന്ന ബിൽ കഴിഞ്ഞ ദിവസമാണു ജനപ്രതിനിധി സഭ 159നെതിരേ 262 വോട്ടുകൾക്ക് അംഗീകരിച്ചത്. 203 റിപ്പബ്ലിക്കന്‍മാര്‍ക്കു പുറമെ 58 ഡെമൊക്രറ്റുകളും ഒരു സ്വതന്ത്രനും നിയമനിര്‍മാണത്തെ അനുകൂലിച്ചു വോട്ട് ചെയ്തു എന്നാണു റിപ്പോർട്ടുകൾ. ഏഴ് റിപ്പബ്ലിക്കന്‍മാരും 152 ഡെമൊക്രറ്റുകളുമാണ് ബില്ലിനെ എതിര്‍ത്തത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവയ്ക്കുന്നതോടെ ഈ ബിൽ നിയമമായി മാറും.

യുക്രെയ്‌നെതിരായ യുദ്ധം തുടരാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനു ലഭിക്കുന്ന സാമ്പത്തിക സ്രോതസുകള്‍ അടയ്ക്കുകയാണ് അമെരിക്കയുടെ ലക്ഷ്യം എന്നാണ് അവകാശവാദം. അമെരിക്കയുമായുള്ള വ്യാപാര താത്പര്യങ്ങൾ കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയടക്കം രാജ്യങ്ങൾ നിർത്തണമെന്ന ഭീഷണിയാണ് ഇതിൽ അടങ്ങുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ തുർക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളാണ് കനത്ത അധികത്തീരുവ ഭീഷണി നേരിടുന്നത്. ഇത്തരത്തിൽ ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിടുന്നത് യുഎസ് വിപണിക്കു തന്നെ ദോഷകരമാണെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, വീണ്ടും ട്രംപ് തന്‍റെ പ്രധാന തുരുപ്പുചീട്ടായി തീരുവയെ ഉപയോഗിക്കുമോയെന്നു കണ്ടറിയേണ്ടതാണ്.

നേരത്തേ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. അമെരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ ഉയർന്ന തീരുവ ചുമത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ് 25 ശതമാനം പകരം തീരുവ ട്രംപ് പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരായി പിന്നീട് 25 ശതമാനം തീരുവ കൂടി പ്രഖ്യാപിക്കുകയായിരുന്നു. മറ്റു നിരവധി രാജ്യങ്ങൾക്കു മേലും ട്രംപ് ഇത്തരത്തിൽ അധികം തീരുവ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ- അമെരിക്ക വ്യാപാരക്കരാർ ചർച്ചകൾ തുടരുന്നതിനിടെ ട്രംപിന്‍റെ തീരുവ സമ്മർദം ഇന്ത്യയുടെ യുഎസ് കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. യൂറോപ്പിലും മറ്റും പുതിയ വിപണികൾ കണ്ടെത്തി യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കാനായിരുന്നു ഈ സമയത്ത് ഇന്ത്യ ശ്രമിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 18 ശതമാനമായി ട്രംപ് കുറയ്ക്കുകയുണ്ടായി. ഇപ്പോൾ വീണ്ടും തീരുവ ഭീഷണിയുമായി അമെരിക്ക രംഗത്തുവരുമ്പോൾ ഇന്ത്യ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

അമെരിക്കയുടെ ഭീഷണി മുൻനിർത്തി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് ഇന്ത്യയുടെ താത്പര്യങ്ങൾക്കു വിരുദ്ധമാവും എന്നതാണു വാസ്തവം. യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതിനെത്തുടർന്നാണ് റഷ്യയിൽ നിന്നു കുറഞ്ഞ ചെലവിൽ ഇന്ത്യയ്ക്കു ക്രൂഡ് ഓയിൽ ലഭ്യമായിത്തുടങ്ങിയത്. ‌രാജ്യത്ത് ആവശ്യമുള്ള ക്രൂഡ് ഓയിലിന്‍റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോൾ ഇതിന്‍റെ പകുതിയിലധികവും റഷ്യയില്‍ നിന്നാണ് എത്തുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്‍റെയും ഏറ്റവും വലിയ ഉറവിടമായി റഷ്യ തുടരുമ്പോഴും, വിതരണ സ്രോതസുകള്‍ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുന്നുണ്ട്.140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ നൽകേണ്ടത്. അമെരിക്കൻ ഭീഷണികൾക്കു വഴങ്ങാൻ അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു കഴിയില്ല. ഇക്കാര്യത്തിലുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുമുണ്ട്. യുഎസിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കങ്ങളുണ്ടായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയാണ് അതു ബാധിക്കുകയെന്ന് ട്രംപ് ഭരണകൂടം തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം.

ഇതിനിടെ, തങ്ങൾ എവിടെനിന്ന് എണ്ണ വാങ്ങണമെന്ന് മറ്റു രാജ്യങ്ങൾ നിർദേശിക്കേണ്ടതില്ലെന്നു ചൈനയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടതു തന്നെയാണ്. എന്നാൽ, അതിന്‍റെ പേരിൽ നമ്മുടെ വ്യാപാര, സാമ്പത്തിക താത്പര്യങ്ങളെ അമെരിക്ക നിയന്ത്രിക്കേണ്ടതില്ല. അമെരിക്കയുടെ സുഹൃദ് രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിലാണ് അമെരിക്കയ്ക്കു സ്ഥാനം. ഇതു രണ്ടും ഓർക്കേണ്ടത് ഇന്ത്യ മാത്രമല്ല, അമെരിക്ക കൂടിയാണ്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു