ജിസാറ്റ്- 1എ

 
Editorial

ഐഎസ്ആർഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

ഇന്ത്യൻ ഉപഭൂഖണ്ഡവും ചുറ്റുമുള്ള സമുദ്ര മേഖലകളും ഈ ഉപഗ്രഹത്തിന്‍റെ നിരീക്ഷണത്തിലാവും

MV Desk

ചരിത്രപരമായ മറ്റൊരു നാഴികക്കല്ലു കൂടി ഐഎസ്ആർഒ പിന്നിട്ടിരിക്കുന്നു. രാജ്യത്തിന്‍റെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് 05 (ജിസാറ്റ്- 1എ) വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ഈ ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി– എഫ്17 റോക്കറ്റ് കുതിച്ചുയർന്ന നിമിഷങ്ങൾ രാജ്യത്തിന് അഭിമാനിക്കാവുന്നതായി മാറി. ഈ വർഷം ഐഎസ്ആർഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം കൂടിയാണിത്. 2300ൽ ഏറെ കിലോഗ്രാം തൂക്കം വരുന്നതാണ് ഇഒഎസ് 05. ജിഎസ്എൽവി വഹിക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹവും ഇതാണ്. ഭൂമിയിൽ നിന്ന് 36000 കിലോമീറ്ററോളം അകലെ ജിയോ ഓർബിറ്റിൽ ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് സാറ്റലൈറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം നീങ്ങാൻ ഈ ഉപഗ്രഹത്തിനാവും. അര മണിക്കൂറിലൊരിക്കൽ ഇന്ത്യയെ നിരീക്ഷിച്ച് ചിത്രങ്ങളും വിവരങ്ങളും അയയ്ക്കുമെന്നും പറയുന്നു.

തന്ത്രപ്രധാനമായ നിരവധി വിവരങ്ങൾ രാജ്യത്തിനു ലഭ്യമാക്കാൻ ഈ ഉപഗ്രഹത്തിനു കഴിയും. ഇന്ത്യൻ ഉപഭൂഖണ്ഡവും ചുറ്റുമുള്ള സമുദ്ര മേഖലകളും ഈ ഉപഗ്രഹത്തിന്‍റെ നിരീക്ഷണത്തിലാവും. പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കാനും കർഷകരെ സഹായിക്കുന്നതിനായി കാർഷിക ഭൂമിയുടെ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുമൊക്കെ ഉപഗ്രഹം സഹായിക്കും. അതിനൊക്കെ പുറമേ രാജ്യസുരക്ഷയിലും വലിയ പങ്കു വഹിക്കാൻ ഇതിനു കഴിയുമെന്നാണു പറയുന്നത്. ഈ അത്യാധുനിക ആകാശക്കണ്ണ് അതിർത്തികളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കുമെന്നാണു കരുതുന്നത്. പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ സൂക്ഷ്മ നിരീക്ഷണത്തിന് ഇത് ഉപകരിക്കുമത്രേ. പ്രതിരോധ രംഗത്തു വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ഇതിനു കഴിയുമെന്നാണു കരുതുന്നത്. എന്നാൽ, ഇതൊരു ചാര ഉപഗ്രഹമല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹത്തിൽ നിന്നു കിട്ടുന്ന വിവരങ്ങൾ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്‍റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഉപയോഗപ്രദമാവുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ബഹിരാകാശ മേഖലയിലെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ അഭിമാനകരമായ വിജയമായും ഇതിനെ കാണാവുന്നതാണ്.

തുടർച്ചയായുണ്ടായ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏഴു മാസമായി നിർത്തിവച്ചിരുന്ന വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പുനരാരംഭിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. തിരിച്ചടികളിൽ നിന്നു പാഠം ഉൾക്കൊണ്ട് അതിവേഗം ശക്തമായ തിരിച്ചുവരവ് നടത്താനായി എന്നതാണ് എടുത്തുപറയേണ്ടത്. കഴിഞ്ഞ വർഷം മേയിൽ നടത്തിയ ഇഒഎസ് 09 വിക്ഷേപണ ദൗത്യം മൂന്നാം ഘട്ടത്തിലുണ്ടായ തകരാർ മൂലം പരാജയപ്പെട്ടിരുന്നു. ഈ വർഷം ജനുവരി 12ന് പിഎസ്എൽവി-സി 62 ദൗത്യവും മൂന്നാം ഘട്ടത്തിലുണ്ടായ തകരാർ കാരണം പരാജയമായി. ഇഒഎസ്-എൻ1 ഭൗമനിരീക്ഷണ ഉപഗ്രഹവും വാണിജ്യ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരുന്നതാണ്. 2025, 2026 വർഷങ്ങളിലായി ഐഎസ്ആർഒ നടത്തിയ ആറു ദൗത്യങ്ങളിൽ മൂന്നെണ്ണം പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. 2025 ജനുവരിയിലെ ജിഎസ്എൽവി- എഫ് 15/എൻവിഎസ്- 02 ദൗത്യവും വിജയകരമായില്ല. ഇനിയൊരു പരാജയമുണ്ടാവരുത് എന്ന ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച് അതിൽ പൂർണമായി വിജയിക്കാൻ ഐഎസ്ആർഒയ്ക്ക് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു.

ഈ സാമ്പത്തിക വർഷം തന്നെ നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ്-03 ഉൾപ്പെടെ ആറു വിക്ഷേപണങ്ങൾ കൂടി ഐഎസ്ആർഒ ലക്ഷ്യമിടുന്നുണ്ടെന്നാണ് ചെയർമാൻ വി. നാരായണൻ അറിയിരിച്ചിരിക്കുന്നത്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഗഗൻയാന്‍റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിന്‍റെ വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാവുമെന്നും ഐഎസ്ആർഒ ചെയർമാൻ അറിയിക്കുന്നുണ്ട്. ഗഗൻയാൻ ദൗത്യം വേഗത്തിലാക്കാനുള്ള തീരുമാനത്തിലാണ് ഐഎസ്ആർഒ എന്നാണു റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ജോലികൾ അതിവേഗമാണു പുരോഗമിക്കുന്നത്. ലോകത്തെ മുൻനിര ബഹിരാകാശ ഏജൻസികൾക്കൊപ്പം തലയുയർത്തി നിൽക്കാനും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാനും ഐഎസ്ആർഒയ്ക്കു കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഐഎസ്ആർഒയുടെ കഴിവും അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങൾ ഇന്ത്യയുടെ സഹായം തേടുന്നുമുണ്ട്. വിക്ഷേപണ ദൗത്യത്തിൽ ഐഎസ്ആർഒ ഇനിയും വലിയ വിജയങ്ങൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കട്ടെ.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം