മുഖ്യമന്ത്രി പിണറായി വിജയൻ | ഗവർണർ രാജേന്ദ്ര അർലേക്കർ

 
Editorial

വിസി നിയമനത്തിലെ സുപ്രീം കോടതി ഇടപെടൽ

വിസിമാരുടെ നിയമനത്തിൽ കോടതി ആരുടെ പേര് പരിഗണിക്കും

MV Desk

സംസ്ഥാനത്തു ഗവർണറും സർക്കാരും തമ്മിലുള്ള പോര് അസാധാരണ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കുറച്ചു വർഷങ്ങളായി നിരന്തരം നാം കാണുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരുന്നപ്പോൾ അദ്ദേഹവും സംസ്ഥാന സർക്കാരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലുകൾ എത്രയോ തവണ വലിയ വാർത്താപ്രാധാന്യം നേടിയതാണ്. ഗവർണർക്കെതിരേ സർക്കാരും സർക്കാരിനെതിരേ ഗവർണറും തുറന്നടിക്കുന്ന സംഭവങ്ങൾ പലതുണ്ടായി. ചാൻസലർ കൂടിയായ ഗവർണർ സർക്കാർ തീരുമാനങ്ങളോടു വിയോജിച്ചു നിന്നപ്പോൾ സർവകലാശാലകളുടെ പ്രവർത്തനത്തെയും അതു ഗുരുതരമായി ബാധിച്ചു.

സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ സ്ഥിരം നിയമനവും തടസപ്പെട്ടു. രാജേന്ദ്ര അര്‍ലേക്കർ ഗവർണറായി എത്തിയ ശേഷവും കാര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ആരോഗ്യ സർവകലാശാലയൊഴികെ മറ്റു 13 സർവകലാശാലകളിലും ഇപ്പോൾ സ്ഥിരം വിസിമാരില്ല. യുവതലമുറയുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഗവർണർ- സർക്കാർ "രാഷ്‌ട്രീയം' പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ഏതു വിധത്തിലായാലും ഒഴിവാക്കേണ്ടതാണ് ഈ പ്രതിസന്ധിയെന്ന് അറിയാത്തവരുണ്ടാവില്ല. പക്ഷേ, ഒരുവിധ പരിഹാരത്തിലും രണ്ടു കൂട്ടരും എത്തിച്ചേരുന്നില്ല.

ഏറ്റവും അവസാനം രണ്ടു സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർമാരെ സുപ്രീം കോടതി തീരുമാനിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടാകാത്ത സാഹചര്യത്തിൽ പരമോന്നത കോടതിക്കു കർശനമായ ഇടപെടൽ നടത്തേണ്ടിവന്നിരിക്കുന്നു. അസാധാരണമായ ഒരു സ്ഥിതിവിശേഷം തന്നെയാണിത്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ തയാറാക്കാൻ ജസ്റ്റിസ് സുധാംശു ധൂലിയ ചെയർപെഴ്സൺ ആയിട്ടുള്ള സെർച്ച് കമ്മിറ്റിയെ നേരത്തേ നിയോഗിച്ചതു സുപ്രീം കോടതി തന്നെയാണ്.

പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കി കമ്മിറ്റി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. മുഖ്യമന്ത്രി അതിൽ മുൻഗണനാക്രമമുണ്ടാക്കി ഗവർണറുടെ അംഗീകാരത്തിനു കൈമാറി. ഡിജിറ്റല്‍ വാഴ്‌സിറ്റിയുടെ പട്ടികയില്‍ ഡോ. സജി ഗോപിനാഥിന്‍റെയും സാങ്കേതിക സർവകലാശാലയുടെ പട്ടികയിൽ സി. സതീഷ്‌കുമാറിന്‍റെയും പേരാണു മുഖ്യമന്ത്രി നല്‍കിയ ലിസ്റ്റില്‍ ആദ്യമുള്ളത്.

എന്നാല്‍ ഇരു പട്ടികയിലും ഇടം പിടിച്ചതു ഡോ. സിസ തോമസും ഡോ. പ്രിയ ചന്ദ്രനുമാണ്. രണ്ടുപേരും ഗവര്‍ണര്‍ക്കു താത്പര്യമുള്ളവരും. രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവര്‍ ഇവര്‍ മാത്രമാണെന്നു വാദിച്ച് സാങ്കേതിക സർവകലാശാലയിലേക്കു സിസയെയും ഡിജിറ്റലിലേക്കു പ്രിയയെയുമാണു നിര്‍ദേശിക്കുന്നതെന്നു ഗവര്‍ണര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തീർക്കാൻ മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരു കൂട്ടരും നിലപാടിൽ ഉറച്ചുനിന്നു എന്നാണു റിപ്പോർട്ടുകൾ. തന്നോടു സംസാരിക്കാൻ മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നു ഗവർണർ ആരാഞ്ഞതായും പറയുന്നുണ്ട്. മുഖ്യമന്ത്രി മുന്‍ഗണന തീരുമാനിച്ചതിന്‍റെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോടു പറഞ്ഞത്രേ. സമവായമുണ്ടായില്ലെന്ന് ഗവർണറും സർക്കാരും അറിയിച്ചതോടെയാണ് രണ്ടു സർവകലാശാലകളിലെയും വിസിമാരെ നിയമിക്കാൻ സ്വയം നിയമിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. രണ്ടു സർവകലാശാലകളിലേക്കുമുള്ള വിസിമാരുടെ പേരുകൾ മുദ്രവച്ച കവറിൽ അടുത്ത ബുധനാഴ്ചയ്ക്കകം കോടതിക്കു നൽകാൻ ധൂലിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച കോടതി ഇതു പരിഗണിക്കും.

എന്തായാലും രണ്ടു സർവകലാശാലകളിൽ കൂടി സ്ഥിരം വിസിമാർ ഉണ്ടാവുകയാണ്. കോടതിയുടെ ഈ തീരുമാനം സർവകലാശാലകളുടെയും അവിടെ പഠിക്കുന്ന വിദ്യാർഥികളുടെയും താത്പര്യം കണക്കിലെടുത്താണ് എന്നു വ്യക്തം. ശേഷിക്കുന്ന സർവകലാശാലകളിലും എത്രയും പെട്ടെന്നു സ്ഥിരം വിസിമാരെ കണ്ടെത്തേണ്ടതുണ്ട്. അതിനു സർക്കാരും ഗവർണറും സഹകരിക്കേണ്ടത് അത്യാവശ്യവുമാണ്. പശ്ചിമ ബംഗാളിലും ഗവർണർ സി.വി. ആനന്ദബോസും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള തർക്കത്തെത്തുടർന്നു വിസി നിയമനം തടസപ്പെട്ടിരുന്നു.

അവിടെയും ഇപ്പോൾ കേരളത്തിൽ സ്വീകരിച്ച അതേ രീതിയിലാണു സുപ്രീം കോടതി ഇടപെട്ടത്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സെർച്ച് കമ്മിറ്റിയെ നിയോഗിച്ച് ബംഗാളിലെ ചില സർവകലാശാലകളിൽ കോടതി വിസിമാരെ നിയമിച്ചിട്ടുണ്ട്. സർവകലാശാലകളുടെ നടത്തിപ്പിൽ പ്രധാന ലക്ഷ്യമാക്കേണ്ടതു വിദ്യാർഥികളുടെ ശോഭനമായ ഭാവിയാണ്. അതിന് ഏറ്റവും ഉചിതമായതെന്തെന്നു സർക്കാരും ഗവർണറും തീരുമാനിക്കുമ്പോൾ മറ്റു പല താത്പര്യങ്ങളും അമിത സ്വഭാവത്തിൽ കടന്നുവരരുത്. വിസി നിയമനത്തിലെ തമ്മിലടി ഇനിയെങ്കിലും ഒഴിവാക്കാൻ സർക്കാരിനും ഗവർണർക്കും കഴിയട്ടെ.

25 വർഷം പഞ്ചായത്ത് പ്രസിഡന്‍റ്, കോൺഗ്രസ് വിട്ട് എൽഡിഎഫിനൊപ്പം ചേർന്ന എ.വി. ഗോപിനാഥിന് തോൽവി

കൽപ്പറ്റയിൽ 'ഒരുത്തീ സൗമ്യ'യ്ക്ക് ജയം

കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ

സഹോദരിയെ കളിയാക്കി; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റുന്നു; കൂലി വർധനവും അധിക തൊഴിൽ ദിനങ്ങളും നടപ്പാക്കും