വിഴിഞ്ഞം തുറമുഖം

 

file photo

Editorial

വിഴിഞ്ഞം വികസനം ഊർജിതമായി നടക്കട്ടെ

കേരളത്തിൽ ഒരു പദ്ധതി ഇത്ര മാത്രം വിജയകരമായി തീർന്നത് ഈ നാടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറയുന്നു.

MV Desk

തിരുവനന്തപുരം വിഴിഞ്ഞത്തെ അദാനി തുറമുഖ പദ്ധതിയുടെ തുടർ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ച ശ്രദ്ധേയമായ വസ്തുത ഈ തുറമുഖം ലോക സമുദ്ര വ്യാപാര മേഖലയിൽ ഒരു വിസ്മയമായി മാറി എന്നതാണ്. കേരളത്തിൽ ഒരു പദ്ധതി ഇത്ര മാത്രം വിജയകരമായി തീർന്നത് ഈ നാടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറയുന്നു.

ഇവിടെയൊന്നും നേരേ ചൊവ്വേ നടക്കില്ല എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് വിഴിഞ്ഞത്തിന്‍റെ വിജയം എന്നതിൽ സംശയമില്ല. എന്നാൽ, ഈ പദ്ധതിക്കും നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടിവന്നു എന്നതു മറക്കരുത്. എത്രയോ ദിവസങ്ങൾ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയുണ്ടായി. അതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി അദാനി ഗ്രൂപ്പ് പരാതിപ്പെടുന്നതും കേരളം കണ്ടതാണ്. പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കൊണ്ടാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകാൻ വൈകിയത്.

എന്തായാലും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷം പുതിയ റെക്കോഡുകൾ സൃഷ്ടിച്ചുകൊണ്ടാണ് ഈ തുറമുഖം വിസ്മയം ജനിപ്പിക്കുന്നത്. സർക്കാരിനും അദാനി ഗ്രൂപ്പിനും തുറമുഖവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിമാനിക്കാവുന്നതാണ് ഇതിന്‍റെ ഇതുവരെയുള്ള നേട്ടങ്ങൾ. ആഗോള കപ്പൽ ചാലിൽ തന്ത്രപ്രധാനമായ സ്ഥാനം കേരളം നേടിയെടുത്തിരിക്കുകയാണിപ്പോൾ. പ്രതിവർഷം 10 ലക്ഷം ടിയുഇ (കണ്ടെയ്‌നറുകൾ) ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്‍റെ ശേഷിയായി കണക്കാക്കിയിരുന്നത്.

എന്നാൽ 10 മാസം കൊണ്ടു തന്നെ ഈ ലക്ഷ്യം മറികടക്കാൻ വിഴിഞ്ഞത്തിനു കഴിഞ്ഞു. ലോകത്ത് മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനില്ലാത്തതാണ് ഈ നേട്ടം. മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷൻ സാങ്കേതിക വിദ്യയും ജീവനക്കാരുടെ ആത്മാർഥ പരിശ്രമവും ഇതിനു പിന്നിലുണ്ട്. ആദ്യ വർഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്‌നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു എന്നതു വിസ്മയകരം തന്നെയാണ്.

കഴിഞ്ഞ ഡിസംബറിൽ മാത്രം 1.21 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു. തുറമുഖത്തിന്‍റെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ ചരക്കു കൈകാര്യം ചെയ്ത മാസമാണത്. ഒരൊറ്റ വർഷം കൊണ്ടു തന്നെ മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബായി വിഴിഞ്ഞം മാറിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടു. അതുവഴി ഈ തുറമുഖത്തിന്‍റെ കരുത്ത് ലോകം തിരിച്ചറിയുകയും ചെയ്തു.

ഇപ്പോൾ വളരെ വേഗം തന്നെ അതിന്‍റെ രണ്ടാം ഘട്ടം വികസന പ്രവർത്തനങ്ങളും നടക്കുന്നു എന്നതു സന്തോഷകരമാണ്. എന്നു മാത്രമല്ല വലിയ ലക്ഷ്യങ്ങളുള്ള വികസന പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാനും ബന്ധപ്പെട്ടവർ ഒരുങ്ങുകയാണ്. 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന സമ്പൂർണ വികസനം 2028ൽ യാഥാർഥ്യമാകും എന്നാണു പറയുന്നത്. ഒന്നാം ഘട്ടത്തിലുണ്ടായ കാലതാമസം ഇനിയുണ്ടാവാതിരിക്കാൻ എല്ലാവരുടെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാവണം. അതിവേഗത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ കൂട്ടായ സഹകരണം അനിവാര്യമാണ്.

കേരളത്തിന്‍റെ പുരോഗതിയിൽ മുഖ്യപങ്കു വഹിക്കേണ്ട വലിയൊരു പദ്ധതിയാണിതെന്ന ബോധ്യം ആരും കൈവിടരുത്. തുടർ വികസനം പൂർത്തിയാവുമ്പോൾ നിലവിലുള്ള 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് 2,000 മീറ്റർ ആയി വികസിപ്പിക്കുകയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് വിഴിഞ്ഞത്താവും. തുറമുഖത്തിന്‍റെ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബ്രേക്ക് വാട്ടർ മൂന്നിൽ നിന്ന് നാലു കിലോമീറ്ററായി വർധിക്കും.

10,000 കോടിയോളം രൂപയാണ് ഈ ഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. റെയ്‌ൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയവ വികസന പദ്ധതിയുടെ ഭാഗമാണ്. തുടർ ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ 28,840 ടിഇയു വരെ ശേഷിയുള്ള പുതുതലമുറ കണ്ടെയ്നർ കപ്പലുകളെ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിനാവും. ഒരേ സമയം 5 മദർ ഷിപ്പുകളെ കൈകാര്യം ചെയ്യാനാവും എന്നതു വളരെ വലിയ സാധ്യതകളാണു നൽകുന്നത്.

അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബ് എന്ന നിലയിൽ ഈ തുറമുഖം കേരളത്തിനു നൽകാനിരിക്കുന്ന നേട്ടങ്ങൾ മുന്നിൽ കണ്ടുകൊണ്ടു വേണം കേരളവും കേന്ദ്രവും അദാനി ഗ്രൂപ്പും ഓരോ ചുവടും മുന്നോട്ടുവയ്ക്കേണ്ടത്. കടൽ മാര്‍ഗമുള്ള വ്യാപാരത്തിന്‍റെയും ചരക്കു നീക്കത്തിന്‍റെയും കേന്ദ്രമെന്ന നിലയിൽ മാറുമ്പോൾ ആയിരക്ക‍ണക്കിനു തൊഴിലവസരങ്ങളാണു വിഴിഞ്ഞം പോർട്ട് സംസ്ഥാനത്തു സൃഷ്ടിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ യുവതലമുറ ഏറെ പ്രതീക്ഷയോടെയാണു വികസന പ്രവർത്തനങ്ങളെ നോക്കിക്കാണുന്നതും. അവരെ നിരാശപ്പെടുത്താതിരിക്കണമെങ്കിൽ പദ്ധതി പ്രവർത്തനങ്ങൾ അത്രയും ഊർജിതമായി നടക്കേണ്ടതുണ്ട്.

10 ഓവറിൽ കളി തീർത്തു; പരമ്പര തൂക്കി ഇന്ത‍്യ

''അവാർഡ് ശ്രീനാരായണഗുരുവിന് സമർപ്പിക്കുന്നു, അനാവശ‍്യ വിവാദങ്ങൾക്കില്ല'': വെള്ളാപ്പള്ളി നടേശൻ

എല്ലാ പഞ്ചായത്തുകളിലും സൗജന‍്യ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും; പുതിയ പ്രഖ‍്യാപനവുമായി വ‍്യവസായ മന്ത്രി

ഐഎസ്എൽ ആരംഭിക്കാനിരിക്കെ ജർമൻ‌ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

വിഎസിന് പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷൺ