എന്താണിവിടെ നടക്കുന്നത്, എന്താണു പരിഹാരം?

 
Editorial

എന്താണിവിടെ നടക്കുന്നത്, എന്താണു പരിഹാരം?

കുട്ടിയുടെ മരണത്തിനിടയാക്കിയ ഉദ്യോഗസ്ഥ വീഴ്ചക്കെതിരേ കർശന നടപടി തന്നെയുണ്ടാവണം.

Megha Ramesh Chandran

നമ്മുടെ നാട്ടിലെ സകല സംവിധാനങ്ങളുടെയും അനാസ്ഥ ഒരു കുട്ടിയുടെ ജീവൻ കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവം കെഎസ്ഇബിയുടെയും സ്കൂൾ അധികൃതരുടെയും അനാസ്ഥ കൊണ്ടു തന്നെ ഉണ്ടായതാണ്. വളരെയധികം അപകടകരമായ രീതിയിൽ സ്കൂളിനോടു ചേർന്ന് ത്രീ ഫേസ് വൈദ്യുതി കമ്പി പോകുക, അതിനു താഴെ സൈക്കിൾ ഷെഡ് സ്ഥാപിക്കുക, അതിനു മീതേ ടിൻ ഷീറ്റ് ഇട്ട് മഴ- വെയിൽ പ്രതിരോധമുണ്ടാക്കുക എന്നതൊക്കെ എത്ര ഗുരുതരമായ വീഴ്ചയാണിത്. വർഷങ്ങളായി ഇതുപോലെയാണ് സ്കൂളിനു മീതേ ത്രീ ഫേസ് ലൈൻ പോയിക്കൊണ്ടിരുന്നത് എന്നു പറയുമ്പോൾ ഇവിടുത്തെ സംവിധാനങ്ങൾ സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് എന്തു പ്രാധാന്യമാണു നൽകുന്നത് എന്നു ചോദിക്കാതെ വയ്യ.

വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ വേണ്ടത്ര അകലമില്ല എന്നതു മാത്രമല്ല വിഷയം. ലൈൻ താഴ്ന്നു കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥരോ സ്കൂൾ അധികൃതരോ ശ്രദ്ധിച്ചില്ല. അനുമതിയില്ലാതെയാണ് ഈ ഷെഡ് നിർമിച്ചത് എന്നും പറയുന്നു. ഒരു വൈദ്യുതി ലൈനിനു താഴെ ആരാണ് നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുക? പക്ഷേ, ഇങ്ങനെ ഒരു ഷെഡ്ഡുള്ളത് കെഎസ്ഇബിക്ക് അറിയാതിരിക്കില്ല. അവർ ത്രീ ഫേസ് ലൈൻ കടന്നുപോകുന്ന സ്കൂളിലേക്കു തിരിഞ്ഞു നോക്കാറില്ല എന്നു വരുമോ. സ്കൂൾ ഷെഡ്ഡിനു മുകളിലേക്കു വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ കാൽ തെന്നിയപ്പോൾ മുകളിലൂടെ പോയിരുന്ന വൈദ്യുതി കമ്പിയിൽ പിടിച്ചപ്പോഴാണു ഷോക്കേറ്റത്.

എന്തായാലും ഈ പാവപ്പെട്ട കുട്ടിയുടെ മരണത്തിനിടയാക്കിയ ഉദ്യോഗസ്ഥ വീഴ്ചക്കെതിരേ കർശന നടപടി തന്നെയുണ്ടാവണം. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ ഒരു നിർധന കുടുംബത്തെയാണു തകർത്തുകളഞ്ഞത്. ജീവിതം തള്ളിനീക്കാൻ കഷ്ടപ്പെടുമ്പോഴും മകൻ പഠിച്ചു മിടുക്കനായി വളരുന്നതു കാണാൻ കാത്തിരുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും തീരാദുഃഖം വീഴ്ചകൾക്കെതിരേ നടപടിയെടുക്കാൻ ചുമതലപ്പെട്ടവർ അറിയുക തന്നെ വേണം. ആരെയും രക്ഷിക്കാൻ വേണ്ടിയുള്ളതാവരുത് ഒരന്വേഷണവും റിപ്പോർട്ടും. കേരളത്തിൽ ഇനി ഇതു സംഭവിച്ചുകൂടാ. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപത്തു കൂടി അപകടകരമായ വിധത്തിൽ വൈദ്യുതി ലൈനുകൾ പോകുന്നുണ്ടെങ്കിൽ അതെല്ലാം ഉടൻ മാറ്റി സ്ഥാപിക്കണം.

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത അതുമായി ബന്ധപ്പെട്ട സമൂഹത്തിനുണ്ട്. സർക്കാരിനുണ്ട്. അധ്യാപകർക്കുണ്ട്, ചുമതലപ്പെട്ട ഓരോ ഉദ്യോഗസ്ഥർക്കുമുണ്ട്, ഭരണക്കാർക്കുണ്ട്.അതു കൊണ്ടാണ് കനത്ത മഴയുടെ റെഡ് അലെർട്ട് പ്രഖ്യാപിക്കുമ്പോൾ സ്കൂളുകൾക്ക് അവധി നൽകുന്നത്. തേവലക്കര ബോയ്സ് ഹൈസ്കൂളിനു സമീപത്തെ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. മിഥുനെ നഷ്ടപ്പെട്ട കുടുംബത്തിന്‍റെ കണ്ണീരു കാണുന്നവർ അധികൃതർക്കെതിരേ പ്രതിഷേധിക്കാതിരിക്കില്ലല്ലോ.

ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും സമ്മതിക്കുന്നുണ്ട്. "എച്ച്എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ'' എന്നാണു ശിവൻകുട്ടി ചോദിക്കുന്നത്. എച്ച്എമ്മിനും പ്രിൻസിപ്പലിനുമൊക്കെ എന്താണു ജോലിയെന്നും അദ്ദേഹം ആരായുന്നു. ആരും ചോദിച്ചു പോകുന്നതാണ് ഈ ചോദ്യങ്ങൾ. കേരളത്തിലെ 14,000 സ്കൂളുകളും വിദ്യാഭ്യാസ ഡയറക്റ്റർക്കു നോക്കാൻ പറ്റില്ല എന്നതു യാഥാർഥ്യമാണ്.

മുകളിൽ നിന്നു വരുന്ന നിർദേശങ്ങൾ കൃത്യമായി താഴെത്തട്ടിൽ നടപ്പാക്കപ്പെടുന്നില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും. സ്കൂൾ വളപ്പിൽ കൂടി വൈദ്യുതി ലൈൻ പോകാൻ പാടില്ലെന്നതു മുകളിൽ നിന്നു നൽകിയ നിർദേശമായിരുന്നു. അതു പാലിക്കപ്പെട്ടില്ലെന്നത് ഗൗരവമായി കാണണം. സംഭവത്തിൽ വൈദ്യുതി ബോർഡിന്‍റെ വീഴ്ച സമ്മതിച്ചുകൊണ്ടാണ് മന്ത്രി കൃഷ്ണന്‍കുട്ടി വിശദമായ ഉന്നതതല അന്വേഷണം നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

ഓരോ വർഷവും സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇക്കാര്യം നിഷ്കർഷിക്കുന്നുണ്ട്. പക്ഷേ, എത്ര സ്കൂളുകളിൽ സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കപ്പെടാതിരിക്കുന്നു എന്ന് ഒരു പരിശോധന ആവശ്യമാണ്. സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റിങ് കർശനമാക്കേണ്ടതുണ്ട്.

കെട്ടിടങ്ങളുടെ സുരക്ഷയിൽ വൈദ്യുതി ലൈനിൽ നിന്ന് അപകടമുണ്ടാവാനുള്ള സാധ്യതയും പരിഗണിക്കപ്പെടേണ്ടതാണ്. തേവലക്കരയിലെ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയതുപോലും അദ്ഭുതമാണ്. വയനാട് സുൽത്താൻ ബത്തേരിയിലെ സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ നിന്നു പാമ്പു കടിയേറ്റു മരിച്ച സംഭവമുണ്ടായത് 2019ലാണ്. സ്കൂളുകളിലെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന് അതിനുശേഷം നിർദേശമുണ്ടായിട്ടുള്ളതാണ്. പക്ഷേ, അതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്നതാണു സംശയം.

വനിതാ ലോകകപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടം

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി