സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം
file image
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39% ആണ് ആകെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ (99.60%) മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം (99.32) മേഖലയും മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ് (97.39%).
യുപിയിടെ പ്രയാഗ്‌രാജാണ് ഏറ്റവും പിന്നിൽ. 70.53% ആണ് ഇവിടത്തെ വിജയശതമാനം.
ഈ വർഷം 17.88 ലക്ഷത്തിലധികം വിദ്യാർഥികളാണ് 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്ത്യയിലും വിദേശത്തുമായി 7,842 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. പെൺകുട്ടികളാണ് (91.64%) വിജയശതമാനത്തിൽ മുന്നിൽ. 85.70% ആണ് ആൺകുട്ടികളുടെ വിജയശതമാനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാൻ സാധിക്കും. വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോഗിച്ച് ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.