എൻജിനീയറിങ്, മെഡിക്കൽ പ്രവേശനത്തിന് പ്ലസ് 2 മാർക്കും പരിഗണിക്കാൻ ആലോചന.

 
KIENGCAN
Education

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ

നീറ്റ്, ജെഇഇ റാങ്കിൽ പ്ലസ് ടു ബോർഡ് മാർക്കിന് 50% വരെ വെയിറ്റേജ് നൽകാനുള്ള നിർദേശം കേന്ദ്രം പരിഗണിക്കുന്നു

MV Desk

ന്യൂഡൽഹി: മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളുടെ മാത്രം അടിസ്ഥാനത്തിൽ നടത്തുന്ന പ്രവേശന രീതിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. നീറ്റ് (NEET), ജെഇഇ (JEE) പോലുള്ള പ്രവേശന പരീക്ഷകളിലെ റാങ്ക് നിർണയത്തിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വരെ വെയിറ്റേജ് നൽകുന്ന കാര്യം കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പരീക്ഷകളുടെ സമ്മർദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു നിർദേശം പരിഗണിക്കുന്നത്.

രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ അടുത്തിടെയുണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും മൂല്യനിർണയത്തിലെ പിഴവുകളും വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങൾ ആലോചിക്കുന്നത്.

പ്രവേശന പരീക്ഷകളെ സ്കൂൾ സിലബസുമായി കൂടുതൽ അടുപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഇതുവഴി വിദ്യാർഥികൾക്ക് കോച്ചിങ് സെന്‍ററുകളെ അമിതമായി ആശ്രയിക്കാതെ തന്നെ പരീക്ഷകളെ നേരിടാൻ സാധിക്കും. നിലവിലെ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് മാറുന്നതും, വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ (multiple attempts) നൽകുന്നതും പരിഗണനയിലാണ്.

വിദ്യാർഥികൾ കോച്ചിങ് സെന്‍ററുകളെ അമിതമായി ആശ്രയിക്കുന്നതും, 'ഡമ്മി സ്കൂളുകളുടെ' വ്യാപനവും, പ്രവേശന പരീക്ഷകളിലെ സുതാര്യതയും പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്ന ആഴ്ചകളിൽ സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. പ്രവേശന പരീക്ഷകൾ സ്കൂൾ സിലബസുമായി കൂടുതൽ യോജിപ്പിക്കണമെന്ന നിർദേശവും ഈ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

നിലവിൽ, മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനായി പ്രവേശന പരീക്ഷകളിലെ സ്കോർ മാത്രമാണ് പരിഗണിക്കുന്നത്. ബോർഡ് പരീക്ഷകളിൽ നിശ്ചിത യോഗ്യതാ മാർക്ക് നേടുക എന്നത് മാത്രമാണ് നിബന്ധന.

ബോർഡ് പരീക്ഷാ മാർക്കിന് തുല്യ പ്രാധാന്യം നൽകുന്നതോടെ വിദ്യാർഥികൾ സ്കൂൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്നും, അമിതമായ പരീക്ഷാ സമ്മർദം കുറയുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

ഈ മാറ്റങ്ങൾ പ്രായോഗികമായാൽ, അത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്