ദിൽ ചാഹ്താ ഹെ എന്ന സിനിമയിലെ ഐക്കോണിക് ഗോവ ഫ്രെയിം.

 
Entertainment

ബോളിവുഡിന്‍റെ ഗതി മാറ്റിയെഴുതിയ സിനിമയ്ക്ക് 25 വയസ്

ബോളിവുഡിലെ പതിവ് ചോക്ലേറ്റ് റൊമാൻസിനും അമാനുഷ നായകൻമാർക്കും അപ്പുറം പുരുഷ സൗഹൃദത്തിന്‍റെ ആഴവും രസക്കൂട്ടുകളും പറഞ്ഞ ദിൽ ചാഹ്താ ഹെ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഓർമയാണ്

ഹിന്ദി സിനിമാലോകത്ത് അതുവരെ നിലനിന്നിരുന്ന നായകസങ്കൽപ്പങ്ങളെയും ശൈലികളെയും മാറ്റിമറിച്ച് മൂന്ന് യുവാക്കളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ദിൽ ചാഹ്താ ഹേ'. ഡിസിഎച്ച് എന്ന് ആരാധകർ ചുരുക്കപ്പേരിട്ട് വിളിക്കുന്ന ചിത്രം റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്നു. റൊമാൻസിനപ്പുറം പുരുഷ സൗഹൃദത്തിന്‍റെ ആഴവും രസക്കൂട്ടുകളും പറഞ്ഞ ഈ ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഓർമയാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനത്തിലെ നഗരജീവിതത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും നേർക്കാഴ്ചയായ ഈ ചിത്രം സംവിധാനം ചെയ്തത് അന്നു വെറും 27 വയസ് ഉണ്ടായിരുന്ന ഫർഹാൻ അക്തറാണ്. 2001 ഓഗസ്റ്റ് 10-നാണ് ചിത്രം തിയെറ്ററുകളിലെത്തിയത്. ഫർഹാനും സുഹൃത്ത് ഋതേഷ് സിധ്വാനിയും ചേർന്ന് തുടക്കമിട്ട എക്സൽ എന്‍റർടെയ്ൻമെന്‍റ് എന്ന ബാനറിന്‍റെ ആദ്യ സംരംഭം കൂടിയായിരുന്നു ഇത്.

വ്യത്യസ്തരായ മൂന്ന് കൂട്ടുകാർ

ആമിർ ഖാൻ, അക്ഷയ് ഖന്ന, സെയ്ഫ് അലി ഖാൻ, പ്രീതി സിന്‍റ, ഡിംപിൾ കപാഡിയ, സോണാലി കുൽക്കർണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

ജീവിതത്തോടും പ്രണയത്തോടും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രതിബദ്ധതകളോട് താത്പര്യമില്ലാത്ത ആകാശ്, പ്രണയത്തിൽ മുഴുകി നടക്കുന്ന സമീർ, തന്‍റെ വികാരങ്ങളെ കലയിലൂടെയും മുതിർന്ന സ്ത്രീയുമായുള്ള ബന്ധത്തിലൂടെയും പ്രകടിപ്പിക്കുന്ന കലാകാരനായ സിദ്ധാർത്ഥ് എന്നിവരായിരുന്നു ആ കഥാപാത്രങ്ങൾ.

ഇവർ തമ്മിലുള്ള സ്വഭാവവ്യത്യാസങ്ങളാണ് ചിത്രത്തിന് കൂടുതൽ ആഴം നൽകിയത്. യുവത്വത്തിന്‍റെ സന്തോഷങ്ങളും പിന്നീട് ജീവിതത്തിന്‍റെ വിവിധ വഴികളിലേക്ക് തിരിയുമ്പോൾ സുഹൃത്തുക്കൾക്കിടയിലുണ്ടാവുന്ന ചെറിയ ഉരസലുകളും ചിത്രം യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ചു.

ഫോർമുലകൾ പൊളിച്ചെഴുതിയ വിജയം

താരമൂല്യമുള്ള മൂന്ന് നായകന്മാരെ ഒന്നിച്ച് ഒരു ചിത്രത്തിൽ അണിനിരത്തുക എന്നത് ആ കാലഘട്ടത്തിൽ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് ഫർഹാൻ അക്തർ പറയുന്നു. എല്ലാവർക്കും ത്രികോണ പ്രണയ കഥകളിൽ അഭിനയിക്കാനായിരുന്നു താത്പര്യം. എന്നാൽ, സൗഹൃദത്തിന് പ്രാധാന്യം നൽകിയുള്ള ചിത്രമാണ് താൻ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എഴുത്തിലും മേക്കിങ്ങിലും സംഗീതത്തിലും പുലർത്തിയ പുതുമയാണ് ചിത്രത്തെ ഒരു കൾട്ട് ക്ലാസിക്കായി മാറ്റിയത്. ശങ്കർ-എഹ്സാൻ-ലോയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗാനങ്ങളും ജാവേദ് അക്തറിന്‍റെ വരികളും ചിത്രത്തിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 'കോയി കഹേ കെഹ്താ രഹെ', 'ജാനേ ക്യായുൻ', 'തൻഹായി' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടുകളിലുണ്ട്.

ഗോവ ട്രിപ്പുകൾ ട്രെൻഡിങ്ങാക്കിയ ചിത്രം

ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സീക്വൻസാണ് ഗോവയിലേക്കുള്ള റോഡ് ട്രിപ്പും ചാപോറ കോട്ടയിലെ രംഗങ്ങളും. പതിവ് സിനിമാ ശൈലിയിൽ നിന്ന് മാറി വളരെ സ്വാഭാവികമായ രീതിയിലാണ് ചിത്രത്തിലെ ദൃശ്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തതെന്ന് സിനിമാട്ടോഗ്രാഫർ രവി കെ. ചന്ദ്രൻ ഓർക്കുന്നു. ഓപ്പൺ ടോപ്പ് കാറിൽ നടന്മാർക്കൊപ്പം ഇരുന്ന് ചിത്രീകരിച്ച ആ രംഗങ്ങൾ സിനിമയ്ക്ക് തികച്ചും റിയലിസ്റ്റിക് ആയ അനുഭവം നൽകി.

25 വർഷങ്ങൾക്ക് ശേഷം ആകാശും സമീറും സിദ്ധാർത്ഥും എന്തുചെയ്യുന്നുണ്ടാകും എന്ന ചോദ്യത്തിന് ഫർഹാൻ അക്തറിന്‍റെ മറുപടി ഇങ്ങനെയാണ്: ""ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലും അവർ എവിടെയെങ്കിലും ഒത്തുകൂടുന്നുണ്ടാകും. ഏതെങ്കിലുമൊരു ബീച്ചിൽ ഒന്നിച്ചിരുന്ന് ഐസ്ക്രീം സണ്ടേ കഴിക്കുന്ന വൃദ്ധരായ മൂന്ന് സുഹൃത്തുക്കളെ ഞാൻ എന്‍റേതായ രീതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. അവിടെ അവർ എന്നും ഒത്തുകൂടി സംസാരിക്കാറുണ്ടാകും".

കാലം എത്ര കഴിഞ്ഞാലും യുവത്വത്തിന്‍റെ ചോരത്തിളപ്പും സൗഹൃദത്തിന്‍റെ നന്മയും ബാക്കിവെച്ച് 'ദിൽ ചാഹ്താ ഹേ' ബോളിവുഡിന് അകത്തും പുറത്തുമുള്ള സിനിമാപ്രേമികളുടെയും മനസിൽ എന്നും ഒരു പുതുമയുള്ള തെന്നലായി തുടരും.

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

ഝാർഖണ്ഡിലായാലും ജന്തർ മന്തറിലായാലും വിദ‍്യാർഥികൾക്കെതിരായ ക്രൂരമായ പൊലീസ് നടപടി അംഗീകരിക്കാനാകില്ല; പിന്തുണയുമായി സിജെപി

ജപ്പാനിൽ നിന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം തിരികെ എത്തിക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

സർക്കാർ ജോലി വേണോ, ഇപ്പോ ശരിയാക്കിത്തരാം; അബ്‌ദുൾ റൗഫിന്‍റെ വാക്കു കേട്ടവരെല്ലാം പെട്ടു, നഷ്ടമായത് 50,000 രൂപ വരെ