ഗൗരി സ്പ്രാറ്റ്, ആമിർ ഖാൻ
വീണ്ടും പ്രണയത്തിലായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. പിറന്നാൾ ആഘോഷങ്ങൾക്കു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം പ്രണയിനിയെ പരിചയപ്പെടുത്തിയത്. ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി കഴിഞ്ഞ 18 മാസമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയത്. മാർച്ച് 14ന് അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് ആമിർ ഖാൻ.
25 വർഷം മുൻപാണ് ഗൗരിയെ പരിചയപ്പെടുന്നത്. പിന്നീട് രണ്ടു വർഷം മുൻപ് വീണ്ടും കണ്ടുമുട്ടി. സമാധാനത്തോടെ ഇരിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇതു വരെ. ഇപ്പോഴാണ് അങ്ങനെയൊരാളെ കണ്ടെത്തിയത്. തന്‍റെ മക്കൾക്കും ഗൗരിയെ ഇഷ്ടമാണ്. ഞങ്ങൾ എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. ഇക്കാര്യം മറച്ചു വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തങ്ങൾക്കു തോന്നുന്നതെന്നും ആമിർ മാധ്യങ്ങളോട് പറഞ്ഞു.
ഗൗരി ബംഗളൂരു സ്വദേശിയാണ്. ഗൗരിയുടെ അമ്മ തമിഴ് വംശജയും അച്ഛൻ ഐറിഷ് വംശജനുമാണ്. ആറ് വയസുള്ള ഒരു മകനുമുണ്ട്. ബംഗളൂരുവിൽ ഒരു സലൂൺ നടത്തുന്നുണ്ട്. നിലവിൽ ആമിറിന്‍റെ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
എന്നാൽ, വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം കൃത്യമായി മറുപടി നൽകിയില്ല. രണ്ടു തവണ വിവാഹിതനായ വ്യക്തിയാണ് താൻ. അറുപതാം വയസിൽ വീണ്ടും വിവാഹിതനാകുന്നത് ഉചിതമാകുമെന്ന് തോന്നുന്നില്ല. എങ്കിലും കാത്തിരുന്ന് കാണാം എന്നാണ് താരം പറയുന്നത്.
1986ൽ റീന ദത്തയുമായി ആയിരുന്നു ആമിറിന്‍റെ ആദ്യ വിവാഹം. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ടു മക്കളുമുണ്ട്. വേർപിരിഞ്ഞതിനു ശേഷം 2001 മുതൽ കിരൺ റാവുവുമായി പരിചയത്തിലായി. 2005ൽ ഇരുവരും വിവാഹിതരായി. ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും പിരിഞ്ഞു.