"ലാലേട്ടന്റെ പഴയ കഥാപാത്രങ്ങൾക്കുണ്ടായിരുന്ന വശീകരണം നിവിൻ സ്വന്തമാക്കി"; ബെത്‌ലഹേം കണ്ട് ആഷിഖ് അബു പറഞ്ഞത്
നിവിൻ പോളി നായകനായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ മോഹൻലാലിന്‍റെ പഴയ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. ലാലേട്ടന്റെ പഴയ കഥാപാത്രങ്ങൾക്കുണ്ടായിരുന്ന, പ്രേക്ഷകനെ ഇരുത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരുതരം 'വശീകരണം' നിവിൻ പോളി ഇപ്പോൾ സ്വന്തമാക്കിയിയിട്ടുണ്ട് എന്നാണ് ആഷിഖ് അബു അഭിപ്രായപ്പെട്ടത്.
നിർമാതാവ് ജോളി ജോസഫാണ് ആഷിഖ് അബുവുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ വിവരങ്ങൾ പങ്കുവച്ചത്. ശരീരത്തിൽ മസിലുള്ളവനല്ല അടുത്ത വീട്ടിലെ പയ്യൻ ഇമേജുള്ള കുസൃതിക്കാരനെയാണ് മലയാളികൾക്ക് ഏറെ ഇഷ്ടമെന്നും ജോളി ജോസഫ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജോളി ജോസഫിന്‍റെ കുറിപ്പ് വായിക്കാം
മിനിഞ്ഞാന്ന് കൊച്ചി വിമാനത്താവളത്തിൽനിന്നും വണ്ടി കയറാൻ കാത്തുനിൽക്കുമ്പോൾ, എന്റെ വണ്ടിയിൽ തന്നെ യാത്ര ചെയ്യേണ്ട പ്രിയ ചെങ്ങായിയും നിർമാതാവും സംവിധായകനും നടനും സിനിമാട്ടോഗ്രാഫറുമായ ആഷിക് അബുവിനെ കണ്ടുമുട്ടി. അഞ്ചാറുമാസമായി കണ്ടിട്ട്, കണ്ട പാടെ വർത്തമാനം കത്തിക്കയറി. അധികം വൈകാതെ സംസാരം ഗിരീഷിന്റെ 'ബത്ലേഹം കുടുംബ യൂണിറ്റ്' എന്ന സിനിമയിലേക്കും നിവിൻ പോളിയിലേക്കും സുന്ദരിക്കുട്ടി മമിതാ ബൈജുവിലേക്കും വഴിമാറി.
ആഷിയുടെ അഭിപ്രായത്തിൽ, നമ്മുടെ ലാലേട്ടന്റെ പഴയ കഥാപാത്രങ്ങൾക്കുണ്ടായിരുന്ന, പ്രേക്ഷകനെ ഇരുത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരുതരം 'വശീകരണം' നിവിൻ പോളി ഇപ്പോൾ സ്വന്തമാക്കിയിയിട്ടുണ്ട്. തിയറ്ററുകളിൽ ഇപ്പോൾ നിറഞ്ഞാടുന്ന ഈ നിവിൻ പോളി പടം ശരിക്കും 'പൊളി' ആയിട്ടുണ്ട്! സിനിമാവൃത്തങ്ങളിൽ ബി.കെ.യു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ചിത്രം ഒരുപക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വമ്പൻ കളക്ഷൻ സ്വന്തമാക്കിയേക്കും എന്നാണ് സൂചന. ഒരുപാട് കുരിശുമരണങ്ങളും ഉയിർത്തെഴുന്നേൽപ്പുകളും കഴിഞ്ഞ നിവിൻ പോളിക്ക് വലിയൊരു നായക പദവിയാണ്, ഉത്തരവാദിത്തമാണ് കാത്തിരിക്കുന്നത്.
ഒരു കാര്യത്തിൽ ഞാനും ആഷിയും ഒരേ തൂവൽ പക്ഷികളാണ്. ശരീരത്തിൽ മസിലുള്ളവനല്ല മലയാളിയുടെ ഹീറോ. അടുത്ത വീട്ടിലെ പയ്യൻ ഇമേജുള്ള കുസൃതിക്കാരനെയാണ് മലയാളികൾക്ക് ഏറെ ഇഷ്ടം. ഒരൽപം ശരീരപുഷ്ടിയുള്ള നാട്ടിൻപുറത്തുകാരനായ അവന്റെ സങ്കടങ്ങളും നാണവും പപരുങ്ങലുകളും പരിമിതികൾക്കുള്ളിലെ ചെറിയ ചെറിയ ഹീറോയിസവും തന്നെയാണ് മലയാളിയുടെ സ്വന്തം സ്വപ്‌നനായകൻ...! ശരീരമാസകലം മസിലുള്ള മസിലളിയന്മാരുടെ പ്രകടനങ്ങൾ, കോട്ടും സ്യുട്ടും കറുത്ത കണ്ണടയും കാറും കാരവാനും നമ്മുടെ സിനിമാലോകത്ത് അധികകാലം വാണിട്ടില്ല എന്നത് വെറുമൊരു അഭിപ്രായമല്ല, ചരിത്ര സത്യമാണ്.
ഒരു കാര്യം പങ്കുവെയ്ക്കട്ടെ, ശരീരത്തിൽ ലവലേശം മസിലില്ലാത്ത, 'നന്മ- മര- മുഖമുള്ള' എന്നെയും അനീഷിനെയും വെച്ച് പത്തുപതിനേഴ് വർഷം മുൻപ് ആഷിക് അബു മാതൃഭൂമി ദിനപത്രത്തിന് വേണ്ടി, ഷൈജു ഖാലിദിന്റെ ക്യാമറയിൽ ഒരു സൂപ്പർഹിറ്റ് പരസ്യം ചെയ്തിരുന്നു! കമന്റ് ബോക്‌സിൽ ചാർത്താം, അരമിനിട്ട് സമയമുള്ളവർ കണ്ടിട്ട് നിർദാക്ഷിണ്യം വിധി പറയാൻ മറക്കണ്ട. എന്നിലെ 'ഓസ്‌കാർ നടന ശാസ്ത്രം' ആഷിയെ അന്ന് വല്ലാതെ വശീകരിച്ചു കാണണം, അതുകൊണ്ടാവണം അദ്ദേഹത്തിന്റെ 'നാരദൻ' എന്ന പടത്തിലും അരിമണികൾ പെറുക്കി എടുക്കാൻ എന്നെ അനുവദിച്ചത്...! അതിനുശേഷം സിനിമാ വേഷത്തിന് അദ്ദേഹം ഒരിക്കലും എന്നെ വിളിച്ചിട്ടില്ല. അതിൽ എനിക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല കേട്ടോ. പക്ഷേ ഈ പുതുപുത്തൻ 'ട്രെൻഡിൽ' എനിക്കൊരു അവസരം കൂടിയില്ലേ എന്നൊരു സന്ദേഹം മാത്രം ബാക്കിയുണ്ട്. സിനിമാ സംവിധായകർ ശ്രദ്ധിക്കുമല്ലോ.