മകൾക്കൊപ്പം പാലക്കാട്ടെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി അജിത്ത്; തടിച്ചുകൂടി ആരാധകർ
പാലക്കാട്: തമിഴ് സൂപ്പർതാരം അജിത് കുമാർ പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. മകൾ അനൗഷ്‌കയ്‌ക്കൊപ്പം കഴിഞ്ഞ ദിവസമായിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. താരം ക്ഷേത്രത്തിൽ എത്തിയത് അറിഞ്ഞ് ആരാധകർ തടിച്ചുകൂടി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അജിത്തിന്‍റെ ക്ഷേത്രദർശന വിഡിയോ.
ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിയ അജിത്തിനെ ക്ഷേത്രഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുത്ത താരം ഒരുമണിക്കൂറോളം നേരം ക്ഷേത്രത്തിൽ ചെലവഴിച്ചു.
സന്ദർശനം രഹസ്യമായിരുന്നുവെങ്കിലും താരം വന്ന വിവരം അറിഞ്ഞതോടെ ജനം ഒഴുകിയെത്തി. ക്ഷേത്ര പരിസരത്ത് താരത്തിന്റെ പേരുവിളിച്ച് ബഹളം വെച്ച ആരാധകരോട് ശബ്ദം കുറയ്ക്കാൻ താരം ആവശ്യപ്പെട്ടു. പൊലീസും അധികൃതരും ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വണ്ടിയിലേക്കെത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ഒക്ടോബറിലും അജിത്ത് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. അന്ന് ഭാര്യ ശാലിനിയും മകൻ ആദ്വിക്കുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. നേരത്തേയും പലതവണ താരം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിട്ടുണ്ട്. അജിത്തിന്‍റെ പിതാവ് പി. സുബ്രഹ്‌മണ്യൻ പാലക്കാട്- തമിഴ് അയ്യർ കുടുംബാംഗമാണ്.