അശ്വന്ത് കോക്ക്, അനീഷ് ഗോപാൽ, വർണ
യൂട്യൂബർ അശ്വന്ത് കോക്കിന്‍റെ സിനിമാ റിവ്യൂവിനെ രൂക്ഷമായി വിമർശിച്ച് നടൻ അനീഷ് ഗോപാലിന്‍റെ ഭാര്യ വർണ. അശ്വന്തം കോക്കിന്‍റെ വാക്കുകൾ തന്നെയും കുടുംബത്തെയും മാനസികമായി തളർത്തിയെന്നും ലൈംഗിക അധിക്ഷേപവും വ്യക്തി അധിക്ഷേപവുമാണ് ഇയാൾ നടത്തുന്നതെന്നും വർണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയിൽ വ്യക്തമാക്കി. ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രമായി എത്തുന്ന വിവാഹം എന്ന സിനിമയുടെ റിവ്യൂവിനിടെ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. സിനിമയിലെ കഥാപാത്രങ്ങളായി എത്തിയ അനീഷ് ഗോപാൽ, ധ്രുവ് എന്നിവരെ കോക്ക വ്യക്തിപരമായി അധിക്ഷേപിച്ചു എന്നാണ് ആരോപണം. കോക്കിന്‍റെ റിവ്യൂ തന്‍റെ കുടുംബത്തെ ബാധിച്ചുവെന്ന് അനീഷ് ഗോപാൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് വർണ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
താങ്കൾക്ക് സിനിമ കാണാം, റിവ്യു പറയാം, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പറയാം. എന്നാൽ വ്യക്തിഹത്യയും സെക്ഷ്വൽ ഹരാസ്മെന്‍റ് ബോഡി ഷെയ്മിങ്ങും ശരിയല്ല. എന്‍റെ ഭർത്താവിനെ നിങ്ങളുടെ റിവ്യൂ ബാധിച്ചിട്ടില്ല. പക്ഷേ എനിക്കും കുടുംബത്തിനും അത് ആഘാതമുണ്ടാക്കി. കുട്ടികൾ എന്നോടു ചോദിക്കുന്ന കാര്യങ്ങൾക്ക് എനിക്ക് ഉത്തരം കൊടുക്കാൻ പറ്റാതെ പോകുകയാണെന്നും വർണ പറയുന്നു.
കോക്കിന്‍റെ റിവ്യു കാരണം ഇനി ഒരിക്കലും സാരി ഉടുത്താൽ കോൺഫിഡൻസ് ഉണ്ടാകില്ല എന്ന് ഒരു നടി വെളിപ്പെടുത്തിയതായും വർണ പറയുന്നു. മാനസികമായി നിങ്ങൾ ഒരാളെ കൊല്ലുകയാണ്, കരിയറിനെ ഇല്ലാതാക്കുകയാണ്. എന്‍റെ ഭർത്താവിനെ ഊച്ചാളി, ഊള എന്നൊക്കെയും ധ്രുവനെ മൊണ്ണ എന്നുമാണ് നിങ്ങൾ വിളിച്ചത്. നിങ്ങൾക്ക് ബോധവുമില്ല, ബുദ്ധിയുമില്ല, കഥാപാത്രത്തിന്‍റെ പേരിനു പകരം കലാകാരന്‍റെ പേരു വച്ച് വ്യക്തിഹത്യ ചെയ്യാനുള്ള അധികാരം ആർക്കുമില്ല. മലയാളം ഇൻഡസ്ട്രിയിൽ ആരുമില്ലേ ഇതൊന്നും ചോദിക്കാൻ , ആരും നിങ്ങളോട് ചോദിക്കാനില്ലാത്തതു കൊണ്ട് എന്തുമാവാം എന്നു പറഞ്ഞ് എല്ലാവരെയും മോശമാക്കുകയാണോ? ദയവ് ചെയ്ത് ലഹരി ഉപയോഗിച്ച ശേഷം റിവ്യൂ ചെയ്യാതിരിക്കുക. നിങ്ങളുടെ റിവ്യൂവിന്‍റെ വിശ്വാസ്യത നഷ്ടപ്പെടും. നേരിട്ട് വിളിച്ചപ്പോൾ എന്‍റെ മക്കളുടെയും അടുത്ത് അയാൾ ക്ഷമ പറഞ്ഞു. പൊതുജനങ്ങളുടെ അടുത്താണ് മാപ്പ് പറയേണ്ടത്. ഇനിയെങ്കിലും മാന്യമായി റിവ്യൂ ചെയ്യാൻ അപേക്ഷിക്കുന്നു എന്നാണ് വർണ പറയുന്നത്.