'നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് ചക്കയാണെന്ന് തോന്നുന്നു'; വൃഷഭയെ ട്രോളി നടി
മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ പാൻ ഇന്ത്യൻ ചിത്രം വൃഷഭ ക്രിസ്മസ് റിലീസായാണ് തിയറ്ററിൽ എത്തിയത്. നന്ദകിഷോർ സംവിധാനം ചെയ്ത ചിത്രം ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തെ ട്രോളിക്കൊണ്ട് സീരിയൽ താരം സരിത ബാലകൃഷ്ണൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് ചക്കയാണെന്ന് തോന്നുന്നു എന്നാണ് സരിത കുറിച്ചത്. സിനിമ കണ്ട് ഇറങ്ങിയപ്പോൾ വണ്ടി പോലും സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ലെന്നും വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര നെഗറ്റീവ് വൈബായിരുന്നു പടത്തിലെന്നും സരിത കുറിച്ചു.
"ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം 'ഗ്രാവിറ്റി' കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് എന്തായിരിക്കും ! തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ വണ്ടി പോലും സ്റ്റാർട്ട് ആകുന്നില്ല, വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര 'നെഗറ്റീവ് വൈബ്' ആയിരുന്നു പടത്തിന്. കുടുംബസമേതം ധൈര്യമായി പോകാം... പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാം! ക്രിസ്തുമസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി. ലാലേട്ടാ.. ഇഷ്ടമാണ്, പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി! മസ്റ്റ് വാച്ച് (If you want to cry for your money)!"- സരിത കുറിച്ചു.
പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വരുന്നത്. ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് പോലും കണ്ടിട്ടില്ല എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇത് മാതിരി ഒരു റിവ്യൂ ജീവിതത്തിൽ വായിച്ചിട്ടില്ലെന്നും കുറിക്കുന്നവരുണ്ട്. എന്നാൽ പോസ്റ്റിന് താഴെ രൂക്ഷ വിമർശനവുമായും നിരവധി പേർ എത്തുന്നുണ്ട്.