അല്ലു അർജുൻ, പുഷ്പയിൽ. 
Entertainment

അദ്ഭുതമായി അല്ലു അർജുൻ; മത്സരിക്കാനുണ്ടായിരുന്നത് ദക്ഷിണേന്ത്യൻ നടൻമാർ മാത്രം

സൂര്യ (ജയ് ഭീം), ധനുഷ് (കർണൻ), ചിലമ്പരശൻ (മാനാട്), ആര്യ (സർപ്പാട്ട പരമ്പരൈ), ജോജു ജോർജ് (നായാട്ട്), ഇന്ദ്രൻസ് (ഹോം), ജൂനിയർ എൻടിആർ - രാം ചരൺ (ആർആർആർ) എന്നിവരാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറെ അപ്രതീക്ഷിതമായത് മികച്ച നടനായി അല്ലു ‌അർജുൻ തെരഞ്ഞെടുക്കപ്പെട്ടത്. പുഷ്പ എന്ന തെലുങ്ക് ചിത്രത്തിലെ മാസ് ആക്ഷൻ കഥാപാത്രമാണ് അല്ലുവിനു ദേശീയ പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നത്.

സൂര്യ (ജയ് ഭീം), ധനുഷ് (കർണൻ), ചിലമ്പരശൻ (മാനാട്), ആര്യ (സർപ്പാട്ട പരമ്പരൈ), ജോജു ജോർജ് (നായാട്ട്), ഇന്ദ്രൻസ് (ഹോം), ജൂനിയർ എൻടിആർ - രാം ചരൺ (ആർആർആർ) എന്നിങ്ങനെ ദക്ഷിണേന്ത്യൻ നടൻമാർ മാത്രമാണ് മികച്ച നടനുള്ള മത്സരത്തിന്‍റെ അവസാന റൗണ്ടിലുണ്ടായിരുന്നത് എന്നതും ശ്രദ്ധേയം.

പതിവ് ചോക്കലേറ്റ് ഇമേജും റൊമാന്‍റിക് ഹീറോ പരിവേഷവും അസാധ്യമായ നൃത്തച്ചുവടുകളുമെല്ലാം മാറ്റിവച്ച് സമ്പൂർണ മേക്കോവറിലാണ് അല്ലു അർജുൻ പുഷ്പ - ദ റൈസ് എന്ന ചിത്രത്തിലെ പുഷ്പ രാജ് എന്ന ടൈറ്റിൽ കഥാപാത്രമായി മാറിയത്. എടുപ്പിലും നടപ്പിലും വർത്തമാനത്തിലും ശ്വാസത്തിലും വരെ ചന്ദനക്കൊള്ളക്കാരനായി മാറാനുള്ള ശ്രമത്തിനാണ് ദേശീയ പുരസ്കാര ജൂറി അംഗീകാരം നൽകിയിരിക്കുന്നത്.

അല്ലു അർജുൻ, പുഷ്പയിൽ.

കാട്ടുകൊള്ളക്കാരൻ വീരപ്പന്‍റെ ഓർമകളുണർത്തിയ കഥാപാത്രമായിരുന്നു പുഷ്പ. പൂർണമായി കൊമേഴ്സ്യൽ ചേരുവകൾ ഉപയോഗിച്ച് തയാറാക്കിയതെങ്കിലും, നായക നടന്‍റെ മുൻകാല കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തത അവകാശപ്പെടാവുന്ന കാരക്റ്ററായി പുഷ്പ മാറുകയായിരുന്നു.

തോൾ ചരിച്ചുള്ള ബോഡി ലാംഗ്വേജും ഒറ്റക്കാൽ വലിച്ചു നീക്കുന്ന ഡാൻസ് സ്റ്റെപ്പും താടിയിൽ കൈത്തലമോടിച്ചുള്ള ''താഴത്തില്ല'' ഡയലോഗുമെല്ലാം ആരാധകവൃന്ദം ഏറ്റെടുത്തതിനൊപ്പം വലിയ തോതിൽ ട്രോളുകൾക്കും ഇരയാക്കപ്പെട്ടിരുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരുപക്ഷേ, കടുത്ത ആരാധകർക്കു പോലും അപ്രതീക്ഷിതമായിരിക്കും. എന്നാൽ, പരിഹാസങ്ങൾക്കും പ്രതീക്ഷകൾക്കുമെല്ലാം മീതേ ദേശീയ പുരസ്കാര പ്രഭയിൽ തോൾ ചെരിച്ചു നിന്ന് താടിയിൽ കൈത്തലമോടിച്ച് പുഷ്പ വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ്, ''പുഷ്പ ഫ്ലവറല്ലെടാ, ഫയറാടാ...!''

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി