അർജിത് സിങ്
ഇന്ത്യൻ സംഗീത ലോകത്ത് ഏറെ ആരാധകരുള്ള ഗായകനാണ് അർജിത് സിങ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്കാണ് താരം ശബ്ദം നൽകിയത്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അർജിത് സിങ്. പിന്നണി ഗാന രംഗത്തുനിന്ന് വിരമിച്ചിരിക്കുകയാണ് ഗായകൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അർജിത് ഇത് അറിയിച്ചത്.
‘ഹലോ, എല്ലാവർക്കും പുതുവത്സരാശംസകൾ. ശ്രോതാക്കൾ എന്ന നിലയിൽ ഇത്രയും വർഷമായി എനിക്ക് സ്നേഹം നൽകിയതിന് നന്ദി. ഇനി മുതൽ ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ അസൈൻമെന്റുകളൊന്നും ഏറ്റെടുക്കില്ലെന്ന് അറിയിക്കുകയാണ്. ഞാൻ അത് അവസാനിപ്പിക്കുകയാണ്. ഇതൊരു അദ്ഭുതകരമായ യാത്രയായിരുന്നു.- അർജിത് സിങ് കുറിച്ചു.
പിന്നാലെ നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്. പറ്റിക്കാൻ പറയുന്നതാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇത്ര കടുത്ത തീരുമാനമെടുക്കരുതെന്നും ആരാധകർ കുറിക്കുന്നുണ്ട്. പിന്നണി ഗാന രംഗം ഉപേക്ഷിക്കാനുള്ള കാരണം എന്തെന്ന് ചോദിച്ച ആരാധകർക്ക് താരം മറുപടിയും നൽകി. ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും വളരെ നാളായി ഇത് തന്‍റെ മനസിലുണ്ടെന്നുമാണ് അർജിത് കുറിച്ചത്. താൻ പെട്ടെന്ന് മടുക്കുന്ന ആളാണെന്നും പിന്നണി പാടുന്നത് മടുത്തെന്നും അർജിത് വ്യക്തമാക്കി. സംഗീതം സംഗീതം ചെയ്യുന്നത് നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു കലാകാരനായി പഠിക്കുകയും പരിണമിക്കുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അർജിത് സിങ് പറഞ്ഞു.