ആശ ഭോസ്‌ലെ

 
Entertainment

അതിരുകളില്ലാത്ത ആശാ നാദം...|Video

ആശ മടങ്ങുമ്പോഴും പാട്ടുകളുടെ പാൽക്കടൽ ഇപ്പോഴും അല‌യടിച്ചുയരുന്നു..

നീതു ചന്ദ്രൻ

തിരുകളില്ലാത്ത സംഗീതമെന്നാൽ ആശ ഭോസ്‌ലെ ആയിരുന്നു.. ഹിന്ദിയെന്നോ മലയാളമെന്നോ റഷ്യൻ എന്നോ ഇല്ല, പോപ് എന്നോ ഗസലെന്നോ ഇല്ല...തേടിയെത്തുന്ന ഗാനങ്ങളെയെല്ലാം ആരും കൊതിച്ചു പോകുന്ന മനോഹര ഗാനങ്ങളാക്കി മാറ്റിയ സ്വരം.. ആശ ഒരു ഗായിക മാത്രമായിരുന്നില്ല, രാജ്യത്തിന്‍റെ ഓരോ കോണുകളെയും സ്പർശിച്ച വികാരമായിരുന്നു.. ആരാധകരുടെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് ആശ മടങ്ങുമ്പോഴും പാട്ടുകളുടെ പാൽക്കടൽ ഇപ്പോഴും അല‌യടിച്ചുയരുന്നു..

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സംഗീത കുടുംബത്തിൽ പിറന്ന പെൺകുട്ടി. ലതാ മങ്കേഷ്കർ എന്ന വിഖ്യാത ഗായികയുടെ സഹോദരി. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറുടെ മകൾ സംഗീത ലോകത്തേക്കെത്തിയതിൽ അദ്ഭുതമില്ല. പക്ഷേ ആശ കടന്നു പോയ വഴികൾ മറ്റാർക്കും പരിചിതമായിരുന്നില്ല. പല ഗായികമാരും പ്രത്യേകിച്ച് ലത മങ്കേഷ്കർ തിരസ്കരിച്ച ഗാനങ്ങളായിരുന്നു അക്കാലത്ത് ആശയെ തേടിയെത്തിയിരുന്നത്.

എന്നാൽ ആശ അവയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. കാബറേ നൃത്തങ്ങൾക്കു വേണ്ടിയുള്ള പാട്ടുകൾ പോലും പാടി സൂപ്പർഹിറ്റുകളും നിത്യഹരിതവും ക്ലാസിക്കുമാക്കി മാറ്റി. ആശയുടെ വ്യത്യസ്തവും ആകർഷകവും മിഴിവുമാർന്ന ശബ്ദം ബോളിവുഡിനെ വർണാഭമാക്കി മാറ്റി. ആദ്യകാലങ്ങളിൽ ലതാ മങ്കേഷ്കറുടെ പ്രഭാവത്തിൽ പലപ്പോഴും ആശയുടെ ഒളി മങ്ങി. എങ്കിലും പോപ്പും ഫ്യൂഷനും എല്ലാം സമന്വയിപ്പിച്ച് മാമൂലുകളിൽ ഒതുങ്ങാതെ ആശ വളർന്നു കൊണ്ടിരുന്നു.

എൺപതു വർഷങ്ങൾ കൊണ്ട് 12,000 പാട്ടുകൾ പാടി റെക്കോഡ് ചെയ്തു.അതേ കാരണത്താൽ ഗിന്നസ് റെക്കോഡിലും പേരെഴുതിച്ചേർത്തു. അങ്ങനെയങ്ങനെ സംഗീതത്തിന്‍റെ മുഴുവൻ കോണുകളെയും സ്പർശിച്ചു കൊണ്ടുള്ള യാത്ര.

ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉർദു, റഷ്യൻ, മലയ ഭാഷകളിലെല്ലാം ആശ പാടിയിട്ടുണ്ട്. മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആശ പാടിയിരിക്കുനാനത്. 1977ൽ റിലീസ് ചെയ്ത സുജാത എന്ന ചിത്രത്തിൽ സ്വയംവര ശുഭദിന മംഗളങ്ങൾ , അനുമോദനത്തിന്‍റെ ആശംസകൾ എന്ന ഗാനം.. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികളും സംഗീതവും നൽകിയ ഗാനം ശ്രദ്ധേയമായി മാറിയിരുന്നു.

ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യ ഗായികയായും ആശ മാറി.

പിയാ തു അബ് തു ആജാ, ദം മാറോ ദം, ചുരാ ലിയാ ഹേ തുംനേ, ഇൻ ആങ്കോം കി മസ്തി, യേ മേരാ ദിൽ, രംഗീലാ രേ, രാധാ കേസെ ന ജലേ... തുടങ്ങി ആശ പാടി മധുരിതമാക്കിയ ഗാനങ്ങൾ അനവധിയാണ്.

ബോളിവുഡിലെ നായികമാരുടെ കേട്ടു പഴകിയ ശബ്ദത്തിന് ഒരു മാറ്റം വരുത്തിയത് ആശയാണ്. സംഗീത സംവിധായകൻ ഒ.പി. നയ്യാർ ആണ് ആശയുടെ കരിയറിനെ ഉയരങ്ങളിലേക്കെത്തിച്ചത്. ഇരുപതു വർഷത്തോളം ഒ.പി. നയ്യാറിനു വേണ്ടി ആശ പാടി. ആർ ഡി ബർമാനുമായുള്ള കൂട്ടുകെട്ടിൽ ആശ പാടിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായി മാറി. രംഗീലയ്ക്കു വേണ്ടി എ.ആർ. റഹ്മാനൊപ്പവും പ്രവർത്തിച്ചു.

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

നടി ട്വിഷ ശർമയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിങ്ങിനെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്തു

ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ; അടിയന്തര ശുചീകരണത്തിന് കർശന നിർദേശം

ലഹരി സംഘവുമായി ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വ്യാഴാഴ്ച എട്ടു ജില്ലകളില്‍ യെലോ അലർട്ട്