മികച്ച നടൻ മോഹൻലാൽ, കല്യാണിയും അനശ്വരയും നടിമാർ, മികച്ച ചിത്രം എക്കോ: കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് മികച്ച നടൻ. 'തുടരും', 'ഹൃദയപൂർവം' എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. കല്യാണി പ്രിയദർശൻ(ലോക), അനശ്വര രാജൻ(രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിയ്ക്കുള്ള അവാർഡ് പങ്കിട്ടു. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ലോക സംവിധാനം ചെയ്ത ഡൊമിനിക് അരുൺ ആണ് മികച്ച സംവിധായകൻ.
രേഖാചിത്രം മികച്ച രണ്ടാമത്തെ ചിത്രമായപ്പോൾ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സർവം മായ നേടി. പ്രകാശ് വർമ (തുടരും) ദിലീഷ് പോത്തൻ (റോന്ത്) എന്നിവർ മികച്ച രണ്ടാമത്തെ നടന്മാരായി. ഹണി റോസ് (റേച്ചൽ), ശുഭ വയനാട് ( ശാന്തി ദ റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്) എന്നിവർ രണ്ടാമത്തെ നടിക്കുള്ള അവാർഡ് പങ്കിട്ടു. പൊന്മാൻ എഴുതിയ ഇന്ദുഗോപൻ മികച്ച കഥയ്ക്കുള്ള പുരസ്കാരം നേടി. എ പ്രഗ്നന്റ് വിഡോ എന്ന ചിത്രം എഴുതിയ രാജേഷ് തില്ലങ്കരിയാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയത്. ജേക്സ് ബിജോയ് ആണ് മികച്ച സംഗീത സംവിധായകൻ. നരിവേട്ട, ലോക എന്നീ സിനിമകളാണ് അവാർഡിന് അർഹനാക്കിയത്. മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ), മുരളി നീലാംബരി (വടു). എന്നിവരെ മികച്ച ഗാനരചയിതാക്കളായി തെരഞ്ഞെടുത്തു.
ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്) എന്നിവർ അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. ധാർമിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ (കല്യാണമരം) എന്നിവർ മികച്ച ബാലതാരങ്ങളായി.
നവനീത് ഉണ്ണികൃഷ്ണൻ (ഗാനം: വിടപറയാം, ചിത്രം: ഹൃദയപൂർവം) മികച്ച ഗായകനും സിത്താര കൃഷ്ണകുമാർ (ഗാനം: മിന്നൽവള, ചിത്രം: നരിവേട്ട), ജെ.ആർ. ദിവ്യനായർ (ഗാനം: മധുരമായൊരു കോകിലനാദം, ചിത്രം: നേരറിയും നേരത്ത്) എന്നിവർ മികച്ച ഗായികയുമായി. മുഹമ്മദ് എ. (തന്തപ്പേര്) മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. കളങ്കാവലിലൂടെ പ്രവീൺ പ്രഭാകർ മികച്ച ചിത്രസന്നിവേശകനായി. മികച്ച ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ (എൽ 2 എമ്പുരാൻ). മികച്ച കലാസംവിധായകൻ: സുനിൽ ലാവണ്യ (ജഗള). മികച്ച മേക്കപ്പ്മാൻ: റോണക്സ് സേവ്യർ (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം).
സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമ്മാനിക്കും. സംവിധായകൻ പ്രിയദർശനാണ് റൂബി ജൂബിലി അവാർഡ്. നടനും നിർമാതാവുമായ ടി.ജി. രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമാതാവും നിർമാണ കാര്യദർശിയുമായ കല്ലിയൂർ ശശി, നടി ഊർമിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്രപ്രതിഭാപുരസ്കാരം ലഭിക്കും.
60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.