കൃതി സനോണ്‍
ബോളിവുഡിലെ ഗ്ലാമര്‍ നായികമാരില്‍ ശ്രദ്ധേയയായ കൃതി സനോണ്‍ നടത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. അഞ്ചു വര്‍ഷം മുന്‍പ് താന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. വിവാഹത്തിന്റെയോ മാതൃത്വത്തിന്റെയോ കാര്യത്തില്‍ സമൂഹത്തിന്റെ സമയപരിധിക്ക് അടിമപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൃതി പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ സ്ഥാപക കരിഷ്മ മേത്തയുമായുള്ള സംഭാഷണത്തിലാണ് കൃതിയുടെ തുറന്നുപറച്ചില്‍.
ദേശീയ പുരസ്‌കാരം നേടിയ മിമി എന്ന ചിത്രത്തിനായി ഏകദേശം 15 കിലോഗ്രാം ഭാരം കൂട്ടേണ്ടി വന്ന സമയത്താണ് ഈ തീരുമാനം എടുത്തതെന്ന് കൃതി പറയുന്നു. രണ്ടു മാസത്തെ ഷൂട്ടിങ് ഇടവേള ബുദ്ധിപൂര്‍വം ഉപയോഗിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. അന്ന് ശരീരഭാരവും വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാല്‍ അതായിരുന്നു ഏറ്റവും അനുയോജ്യമായ സമയമെന്ന് തനിക്ക് തോന്നിയെന്ന് കൃതി പറയുന്നു.
'ജീവിതം ഒറ്റത്തവണ മാത്രമാണ് ലഭിക്കുന്നത്. അത് സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് ജീവിക്കണം. വിവാഹവും കുഞ്ഞും ഒരാളുടെ മനസില്‍ നിന്നുള്ള ആഗ്രഹമായിരിക്കണം. സമയത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നല്ല''-കൃതിയുടെ വാക്കുകള്‍. അണ്ഡം ശീതീകരിക്കല്‍ സാമ്പത്തികമായും ശാരീരികമായും മാനസികമായും എളുപ്പമല്ലെന്നും ഹോര്‍മോണ്‍ വ്യതിയാനങ്ങളും മൂഡ് സ്വിങ്‌സും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിട്ടെന്നും താരം തുറന്ന് സമ്മതിച്ചു. എന്നിരുന്നാലും തന്റെ ഭാവിക്കായി താന്‍ നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് ഈ തീരുമാനമെന്നാണ് കൃതിയുടെ വിലയിരുത്തല്‍. ഗ്ലാമര്‍ ലോകത്ത് തിളങ്ങിക്കൊണ്ടിരിക്കുമ്പോഴും വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഇത്തരമൊരു തുറന്നുപറച്ചിലിലൂടെ ആരാധകരുടെ കൈയടി നേടുകയാണ് കൃതി സനോന്‍. കരിയറിനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് കൃതിയുടെ ഈ നിലപാടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൂ, കോക്ക്‌ടെയ്ല്‍ 2, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നായിക സ്ഥാനത്തേക്ക് ഉയര്‍ന്ന നടിയാണ് കൃതി. 2021ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് മിമി. അമെരിക്കന്‍ ദമ്പതികള്‍ക്കായി വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന യുവതിയായാണ് ചിത്രത്തില്‍ കൃതി വേഷമിട്ടത്.