മുംബൈ: ബോളിവുഡിലെ പഴയകാല സൂപ്പർതാരം ധർമേന്ദ്ര ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം പോസ് ചെയ്ത ചിത്രം വൈറൽ. ചെറുമകൻ കരൺ ദിയോളിന്‍റെ വിവാഹച്ചടങ്ങിനിടെ പകർത്തിയ ചിത്രം കരൺ തന്നെയാണ് പുറത്തുവിട്ടത്. ഇതുകൂടാതെ, അച്ഛൻ സണ്ണി ദിയോളിനും അമ്മ പൂജയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും കരൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ, വിവാഹച്ചടങ്ങിൽ ധർമേന്ദ്രയുടെ രണ്ടാം ഭാര്യ ഹേമമാലിനി അസാന്നിധ്യംകൊണ്ടാണ് ശ്രദ്ധേയയായത്. ഹേമ മാത്രമല്ല, മക്കളായ ഇഷ ദിയോളും അഹാന ദിയോളും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തില്ല.
ആദ്യ ഭാര്യ പ്രകാശ് കൗറിൽനിന്ന് വിവാഹമോചനം നേടാതെയാണ് ധർമേന്ദ്ര 1980ൽ ഹേമമാലിനിയെ വിവാഹം കഴിച്ചതെന്ന് അന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഭാര്യയിൽ സണ്ണി ദിയോൾ, ബോബി ദിയോൾ, വിജീത, അജീത എന്നിങ്ങനെ നാലു മക്കലാണ് ധർമേന്ദ്രയ്ക്ക്.
ധർമേന്ദ്രയുമായുള്ള തന്‍റെ വിവാഹം പരമ്പരാഗത രീതിയിലായിരുന്നില്ലെന്ന് ഹേമമാലിനിയും പിൽക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ദമ്പതികളുടെ മക്കളാണ് ഇഷയും അഹാനയും.
വിവാഹച്ചടങ്ങിനെത്തിയില്ലെങ്കിലും, ഇഷ ദിയോൾ രണ്ടു ദിവസത്തിനു ശേഷം കരണിനും നവവധു ദൃശ ആചാര്യയ്ക്കും ഫെയ്സ്‌ബുക്കിലൂടെ ആശംസ നേർന്നിട്ടുണ്ട്.