IFFK: Seven films in anti-occupation package 
Entertainment

അടൂരിന് ഒരു കസേര കൊടുക്കാമായിരുന്നു...

സംവിധായകനും, നിരൂപകനുമായ വിജയകൃഷ്ണൻ എഴുതുന്നു

28 വർഷമായി സദസിന്‍റെ പിൻനിരയിലിരുന്ന് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) വേദിയിലെ നാടകങ്ങൾ ഞാൻ കാണുന്നു. നടീനടന്മാർ മാറുന്നു, കഥാസന്ദർഭങ്ങളും മാറുന്നു. മന്ത്രിമാരില്ല എന്നത് ഈ വർഷത്തെ ആശ്വാസമായി. സർക്കാർ സ്പോൺസേർഡ് സാംസ്കാരിക പരിപാടികളിലൊക്കെ മന്ത്രിമാർ തള്ളിക്കയറുകയും സാoസ്‌കാരിക നായകർ പുറത്താവുകയുമാണല്ലോ പതിവ്.

കേന്ദ്ര സർക്കാറും ഗോവ സർക്കാറും സംയുക്തമായി നടത്തുന്ന ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഫ്ലക്സുകൾ ഇന്നേവരെ കണ്ടിട്ടില്ല. ഇവിടെയാകട്ടെ, നമ്മുടെ മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും കൂറ്റൻ ഫ്ലക്സുകൾ കൊണ്ട് തിരുവനന്തപുരം നഗരം നിറയാറുണ്ടായിരുന്നു. ഇത്തവണ വലിപ്പം കുറഞ്ഞിട്ടുണ്ട്. അത്രയും നന്ന്.

നാനാ പടേക്കർ മൂന്ന് ദേശീയ അവാർഡുകളും പദ്മശ്രീയും നേടിയത് ബിജെപി ഭരണകാലത്തല്ല. ക്രിസ്റ്റോഫ് സനൂസി സംഘിയുമല്ല. ബേലാ ഥാറും സനൂസിയുമൊക്കെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കീഴിൽ കലാപ്രവർത്തനം നടത്തിയവരാണ്. അവർ അനുഭവിച്ചത് എന്തൊക്കെ എന്ന് കേരളീയ ബുദ്ധിജീവികൾക്കറിയില്ല. തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ പറയുന്നതു തെറ്റായ രീതിയിലാണ് കേരളീയർ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് നാനാ പടേക്കർക്കും സനൂസിക്കുമുള്ള മറുപടി എന്ന നിലയിൽ പല തവണ ഐഎഫ്എഫ്കെ വേദിയിൽ വന്നിട്ടുള്ള നടൻ പ്രകാശ് രാജിനെ തിടുക്കപ്പെട്ടു വിളിച്ചുവരുത്തിയത്.

സനൂസി മനോഹരമായി പ്രസംഗിച്ചു. രാഷ്‌ട്രീയത്തേക്കാൾ വലുതാണ് കലയെന്ന് അദ്ദേഹം പറഞ്ഞു. കലയുടെ അടിസ്ഥാന തത്വങ്ങൾ വിശദീകരിച്ചു. രാഷ്‌ട്രീയം പറഞ്ഞ പ്രകാശ് രാജിനാണ് സ്വാഭാവികമായും കൂടുതൽ കൈയടികൾ കിട്ടിയത്. കാലഹരണപ്പെട്ട ജാതിബോധത്തിന്‍റെ മറുപേരായിട്ടാണ് കേരളീയർ രാഷ്‌ട്രീയബോധത്തെ കാണുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പുതിയ രൂപഭാവങ്ങളോടെ കേരളത്തിൽ തിരിച്ചെത്തുന്നു.

മന്ത്രിമാരുടെ അഭാവത്തിൽ പ്രതിഭകൾക്ക് അവാർഡ് സമ്മാനിച്ചത് എംഎൽഎയും പഞ്ചായത്ത്‌ പ്രസിഡന്‍റുമൊക്കെയാണ്. സിനിമാ രംഗത്തെ എത്രയോ മഹാരഥർ അവിടെയുണ്ടായിരുന്നു. അവരെക്കൊണ്ട് ആ അവാർഡുകൾ കൊടുപ്പിച്ചിരുന്നെങ്കിൽ എത്ര ഉചിതമാവുമായിരുന്നു! സനൂസിക്ക് അവാർഡ് കൊടുക്കാൻ അടൂർ ഗോപാലകൃഷ്ണനെ സദസിൽ നിന്ന് വിളിച്ചു കയറ്റുകയും സദസിലേക്ക് തിരിച്ച് ഇറക്കിവിടുകയും ചെയ്തു. അടൂരിന് കൊടുക്കാൻ ആ വേദിയിൽ ഒരു കസേരയില്ലായിരുന്നോ? വേദിയിലിരുന്ന എല്ലാവരും പ്രസംഗിക്കണമെന്ന നിർബന്ധബുദ്ധി എന്തിനായിരുന്നു?

ഇങ്ങനെയൊക്കെയാണെങ്കിലും മികച്ച ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ മേളയായിരുന്നു ഇത്തവണത്തേത്. തങ്ങളുടെ കന്നി ചിത്രങ്ങൾക്ക് അവാർഡുകൾ വാങ്ങാൻ വേദിയിലേക്ക് കയറിയ മൂന്നു പേരും- ശ്രുതി ശരണ്യം, ആനന്ദ് ഏകർഷി, ഫാസിൽ റസാക്ക് - ഭാവി മലയാള സിനിമയുടെ ദൃഢ പ്രതീക്ഷകളാണ്.

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ