Entertainment

ഐഐഎം അവാർഡ് പങ്കിട്ട് മലയാളി ഗായിക സോണി സായിയും ശ്രേയ ഘോഷാലും

ഇതിന്‍റെ സംഗീതവും വരികളും സോണി സായിയുടെ തന്നെയാണെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

MV Desk

കൊച്ചി: ഹങ്കാമ മ്യൂസിക്സിന്‍റെ മികച്ച ഗായികക്കുള്ള ഇന്ത്യൻ ഇൻഡിപെൻഡൻൻ്റ് മ്യൂസിക് അവാർഡ് (ഐഐഎംഎ) മലയാളി ഗായിക സോണി സായിയും ബോളിവുഡ് ഗായിക ശ്രേയ ഘോഷാലും പങ്കിട്ടു. കഴിഞ്ഞ വർഷം മികച്ച ഗായിക ശ്രേയ ഘോഷാൽ തന്നെ ആയിരുന്നു. ആദ്യമായാണ് ഒരു മലയാളിയെ തേടി ഈ അവാർഡ് എത്തുന്നത്. 'ആരോ' എന്ന മ്യൂസിക്കൽ ആൽബത്തിലെ 'കരളിലെ കൂട് മേഞ്ഞ് കാത്തിരുന്ന....' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് സോണി സായിക്ക് അവാർഡ് ലഭിച്ചത്. ഇതിന്‍റെ സംഗീതവും വരികളും സോണി സായി തന്നെയാണെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അവാർഡ്.

മുബൈയിൽ നടന്ന ഹങ്കാമ മ്യൂസിക്സിന്‍റെ രണ്ടാം എഡീഷൻ അവാർഡ് നൈറ്റിലായിരുന്നു അവാർഡ് പ്രഖ്യാപനവും വിതരണവും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വന്ന നോമിനേഷനുകളിൽ നിന്നും അവസാന റൗണ്ടിൽ എത്തിയ അഞ്ച് പേരിൽ നിന്നുമാണ് സോണി സായിയെ മികച്ച ഗായികയായി തെരെഞ്ഞെടുത്തത്. സ്റ്റേജിൽ ആദ്യം "ബെസ്റ്റ് ഫീമെയിൽ സിംഗർ" ആയി ശ്രേയയുടെ പേരാണ് പ്രഖ്യാപിച്ചത്. അത് കൊണ്ട് തന്നെ തനിക്ക് അവാർഡ് ഇല്ലെന്ന് കരുതിയ സമയത്താണ് തന്‍റെ പേര് പ്രഖ്യാപിച്ചത്. അപ്പോൾ മാത്രമാണ് തനിക്കും അവാർഡ് ഉണ്ടെന്നറിഞ്ഞത്. ഇത് ഒരു സ്വപ്നമായാണ് തോന്നിയതെന്നും സോണി സായി 'മെട്രൊ വാർത്ത'യോട് പറഞ്ഞു.

ശ്രേയ ഘോഷാലിനെ പോലെ ലോകം അറിയപ്പെടുന്ന ഒരു ഗായികയുടെ ഒപ്പം തന്നെയും പരിഗണിക്കുക എന്നത് തന്നെ ഏറ്റവും വലിയ അവാർഡായി താൻ കരുതുന്നുവെന്നും സോണി പറഞ്ഞു. ജൂറി അംഗങ്ങൾ തന്‍റെ ശബ്ദത്തെ കുറിച്ച് അഭിനന്ദിച്ചതും ഏറെ സന്തോഷം തോന്നിയെന്ന് സോണി. ഗസൽ, സൂഫി, കർണാടിക്, ജാസ്സ്, റോക്ക്, ബാൻഡ്, ബെസ്റ്റ് ലിറിക്സ്, ബെസ്റ്റ് സിംഗർ തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടായിരുന്നു അവാർഡുകൾ. മികച്ച ഗായകനുള്ള അവാർഡ് തമിഴിലടക്കം നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അഭയ് ജോദ്പുർക്കർ കരസ്ഥമാക്കി.

'സമസ്ത്യാഹ് എന്ന സംസ്കൃത ചിത്രത്തിനും 'ജംഗിൾ ഡോട് കോം“ മലയാള ചിത്രത്തിനും സംഗീതം നൽകി. 50 വിവിധ ഭാഷകളിലെ മൊഴിമാറ്റ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. 250 ഓളം ആൽബങ്ങളിൽ രചനയും സംഗീതവും ആലാപനവും നിർവ്വഹിച്ചു. വിദേശത്തുൾപ്പടെ 5,000 ൽപരം വേദികളിൽ പാടിക്കഴിഞ്ഞു. യേശുദാസ്, പി.ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, വസുന്ധര ദാസ്, മാധുരി തുടങ്ങിയവരോടൊപ്പം പാടി. 28 സിനിമകളിൽ ഗാനാലാപനം. 1996ൽ മോഹൻ സിതാര സംഗീതം നൽകിയ സുഖവാസം സിനിമയിൽ സിൽക്ക് സ്മിതയ്ക്കു വേണ്ടി പാടിയായിരുന്നു തുടക്കം. ബോംബെ മാർച്ച് 12 ൽ എം.ജി.ശ്രീകുമാറിനൊടൊപ്പം പാടിയ ഓണ വെയിൽ ഓളങ്ങൾ താലികെട്ടും നേരം, സോനു നിഗവുമൊത്ത് ആലപിച്ച ചക്കരമാവിൻ കൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനങ്ങൾ ജനപ്രീതി നേടി.

കമുകറ പുരുഷോത്തമൻ അവാർഡ്, കെ.രാഘവൻ മാസ്റ്റർ സ്മാരക അവാർഡ്, ലയൺസ് ക്ലബ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സോണിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ സോണിയെ തേടി വന്നിട്ടുണ്ടെങ്കിലും ആൾ ഇന്ത്യ ലെവലിൽ ഒരു മത്സരത്തിൽ അവാർഡ് സോണിയെ തേടി വരുന്നത് ഇതാദ്യമാണ്. നിരവധി ഗാനങ്ങൾക്ക് ഇതിനോടകം സംഗീതം നൽകാനും വരികൾ എഴുതാനും ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. സോണി സായി ഇപ്പോൾ അമ്മ അബിക ബായി, മക്കൾ സായി ശരൺ, ശിവ ശരൺ, സഹോദരിമാരായ സംഗീത, സൗമ്യ എന്നിവരോടൊപ്പം എറണാകുളത്ത് ഇടപ്പള്ളിയിലാണ് താമസം. അഛൻ പരേതനായ ഹരി റാം പ്രസാദ്.

ഫിഫ ലോകകപ്പ്: ഇറാൻ ബഹിഷ്കരിച്ചേക്കും

വെസ്റ്റിൻഡീസിനെതിരേ ഇന്ത്യക്ക് ടോസ്

ലോകകപ്പിൽ തോൽവി അറിയാതെ ദക്ഷിണാഫ്രിക്ക; സിംബാബ്‌വെയ്ക്കെതിരേയും ജയം

ഖമനേയിയുടെ മരണം: ഇന്ത്യയിലും പ്രതിഷേധം, കശ്മീരിൽ സ്കൂളുകൾ അടച്ചിടും

പശ്ചിമേഷ്യൻ സംഘർഷം: രാജ്യാന്തര വ്യോമഗതാഗതം സ്തംഭിച്ചു, 444 വിമാനങ്ങൾ റദ്ദാക്കിയേക്കും