super star rajinikanth
ചെന്നൈ: സിനിമലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ജയിലർ 2. നെൽസൺ ദിലീപ് കുമാറിന്‍റെ സംവിധാന മികവിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ജയിലർ 2.
ചിത്രത്തിന്‍റെ അണിയറ വിശേഷങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും വൻ താര നിര അണിനിരക്കുന്ന മഹാസംഗമമാവുമെന്നതിൽ സംശയമില്ല. വിജയ് സേതുപതി, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.
വിജയ് സേതുപതി അവിസ്മരണീയമായ അതിഥി വേഷത്തിലെത്തുമെന്നാണ് വിവരം. ഈ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
ബോളിവുഡ് താരങ്ങളായ വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവരും രണ്ടാംഭാഗത്തിൽ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. മിഥുൻ ചക്രവർത്തിയുടെ മൂത്ത മകളുടെ വേഷത്തിലാവും വിദ്യ ബാലൻ എത്തുകയെന്നാണ് റിപ്പോർട്ട്. 2019 ൽ പുറത്തിറങ്ങിയ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം വിദ്യ ബാലൻ തമിഴിൽ ചെയ്യുന്ന ചിത്രമായിരിക്കും ജയിലർ 2.
മിഥുൻ ചക്രവർത്തിയും ചിത്രത്തിൽ പ്രധാന വില്ലനായി അഭിനയിക്കും. രജനികാന്തിന്‍റെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യന്‍റെ ഭാര്യയായ വിജയ പാണ്ഡ്യൻ ആയി രമ്യ കൃഷ്ണൻ തന്നെയെത്തും. രജനികാന്തിന്‍റെ മരുമകൾ ശ്വേത പാണ്ഡ്യനായി അഭിനയിക്കുന്ന നടി മിർണയും രണ്ടാം ഭാഗത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
കന്നഡ സൂപ്പർസ്റ്റാർ ഡോ. ശിവ രാജ് കുമാറും,മലയാളത്തിലെ ഇതിഹാസം മോഹൻലാലും തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു.
ആദ്യചിത്രത്തിൽ 650 കോടിയുടെ കളക്ഷനാണ് നേടിയത്. സിനിമയുടെ ചിത്രീകരണം ഗോവയിലും പരിസരങ്ങളിലും പുരോഗമിക്കുകയാണ്. 2026 ഓഗസ്റ്റിൽ ചിത്രം തീയേറ്ററിലെത്തുമെന്നാണ് വിവരം.