ജന നായകൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം 'ജന നായകൻ' റിലീസായതോടെ തമിഴ്നാട്ടിലാകെ ആഘോഷപൂർവമായ അന്തരീക്ഷം. വ്യാഴാഴ്ച പുലർച്ചെ തന്നെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' കാണാൻ ആയിരക്കണക്കിന് ആരാധകരും തമിഴക വെട്രി കഴകം പ്രവർത്തകരും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തിയേറ്ററുകൾക്ക് മുൻപിൽ പൊങ്കൽ പാചകം ചെയ്തും വെടിക്കെട്ട് സംഘടിപ്പിച്ചും സംഗീത-ഡ്രോൺ ലൈറ്റ് ഷോകൾ അവതരിപ്പിച്ചും ഭീമൻ കേക്കുകൾ മുറിച്ചും ആരാധകർ ആഘോഷിച്ചു. വിജയ്‌യുടെ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്തും മുദ്രാവാക്യം മുഴക്കിയും തിയേറ്റർ പരിസരങ്ങൾ ഉത്സവവേദികളാക്കി മാറ്റി. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം പ്രദർശനത്തിനെത്തിയതിന്‍റെ സന്തോഷവും വിജയ്‌യുടെ അവസാന സിനിമയാണെന്ന സങ്കടവും ഒരേസമയം മനസിലുണ്ടെന്ന് നിരവധി ആരാധകർ പ്രതികരിച്ചു.
ചെന്നൈയിലെ രോഹിണി, വുഡ്‌ലാൻഡ്സ്, കാസിനോ ഉൾപ്പെടെയുള്ള തിയേറ്ററുകൾക്ക് മുന്നിൽ വിജയ്‌യുടെ ഭീമൻ കട്ടൗട്ടുകൾ ഉയർന്നു. കട്ടൗട്ടുകൾക്ക് ആരാധകർ പാൽ അഭിഷേകം നടത്തുകയും ചെയ്തു. "തമിഴ്നാട്ടിന്‍റെ ഒരേയൊരു ശക്തികേന്ദ്രം" എന്ന് വിശേഷിപ്പിക്കുന്ന വൻ ഹോർഡിങ്ങുകളും ശ്രദ്ധേയമായി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിന്‍റെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും നടന്നു. ഈറോഡിൽ തിയേറ്ററിന് മുന്നിൽ ടിവികെ പ്രവർത്തകർ പൊങ്കൽ പാചകം ചെയ്ത് ആഘോഷിച്ചപ്പോൾ, വില്ലുപുരത്ത് പാർട്ടി ഭാരവാഹികൾ ജനങ്ങൾക്ക് സൗജന്യമായി സിനിമാ ടിക്കറ്റുകൾ വിതരണം ചെയ്തു.
ചെന്നൈയ്ക്ക് സമീപം രഥത്തിന്‍റെ മാതൃകയിൽ പ്രത്യേക വാഹനം ഒരുക്കിയാണ് ആഘോഷം നടത്തിയത്. വിജയ്‌യുടെ വലിയ ചിത്രങ്ങൾ ആലേഖനം ചെയ്ത ആഡംബര കാർ ഓടിച്ചെത്തിയ ഒരു ആരാധകനും ശ്രദ്ധാകേന്ദ്രമായി. 'തങ്കമേ ദളപതി' എന്ന് എഴുതിയ ടി-ഷർട്ടുകൾ ധരിച്ച ആരാധകരും നിരവധിയായിരുന്നു.
അതേസമയം, ആഘോഷങ്ങൾക്കിടെ ചിലയിടങ്ങളിൽ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിച്ചെന്ന പരാതികളും ഉയർന്നു. ടിക്കറ്റ് വിലയെ ചൊല്ലിയുള്ള തർക്കങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
മന്ത്രിമാരായ എൻ. ആനന്ദ്, കെ. സെങ്കോട്ടയ്യൻ എന്നിവരും നിർമാതാവ് കെ. വെങ്കട നാരായണയും ഉൾപ്പെടെ നിരവധി പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ സിനിമ കണ്ടു.
ജന നായകന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ണീരും അഭിമാനവും ആഘോഷവും നിറഞ്ഞ അനുഭവമാണെന്നും വെള്ളിത്തിരയിൽ നമ്മുടെ നേതാവിനെ അവസാനമായി കാണുന്നത് ഹൃദയം തകർക്കുന്നുവെങ്കിലും അതേ സമയം അതിയായ അഭിമാനവും നൽകുന്നുവെന്നും ആരോഗ്യമന്ത്രി കെ.ജി. അരുൺ രാജ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു സിനിമയുടെ യാത്രയയപ്പ് മാത്രമല്ല, ജനങ്ങൾക്കായുള്ള പുതിയൊരു പ്രസ്ഥാനത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രമാണ് "ജന നായകൻ'. തമിഴ്നാട്ടിലെ ഏകദേശം 950 തിയേറ്ററുകളിലും, ലോകമെമ്പാടുമായി 5,000ലധികം സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി ബുധനാഴ്ച വൈകിട്ട് വിജയ് ചില ഉദ്യോഗസ്ഥരോടൊപ്പം ചെന്നൈയിൽ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം കണ്ടതായും റിപ്പോർട്ടുകളുണ്ട്.