ജനനായകന് റിലീസ് അനുമതി
ചെന്നൈ: വിജയ് ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ചിത്രത്തിന് റിലീസ് അനുമതി നൽകിയത്. U/A സർട്ടിഫിക്കറ്റ് നൽകാനും കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർപേഴ്സന്‍റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. അതേസമയം, വിഷയത്തിൽ സെൻസർ ബോർഡ് അടുത്തദിവസം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും റിപ്പോർട്ടുണ്ട്.
സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് നിലപാട് കാരണം വെള്ളിയാഴ്ചത്തെ റിലീസും വൈകിയിരുന്നു. ഇതെത്തുടർന്ന് തിയെറ്റർ ഉടമകളും ബുക്ക് മൈ ഷോയും ആദ്യ ഷോകൾക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകാനും തീരുമാനിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെൻസർ ബോർഡിന്‍റെ വിശദീകരണം.
കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾക്ക് ബുക്കിങ് ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ പ്രീ ബുക്കിങിലുടെ മാത്രം 35 കോടി രൂപ കിട്ടിയെന്നാണ് റിപ്പോർട്ട്.