ജയറാമും കാളിദാസ് ജയറാമും ഹസീബ്
നടി ഉഷ ഹസീനയുടെ സഹാദരനും നിർമാതാവുമായ ഹസീബിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം നടൻ ജയറാമാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റ മകൻ കാളിദാസ് അഭിനയിച്ച സിനിമയുടെ നിർമാണം ഏറ്റെടുത്തതിനെ തുടർന്ന് ഹബീബ് കടബാധിതനായി. എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞ ജയറാം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.
കാളിദാസ് നായകനായി എത്തിയ ഹാപ്പി സർദാർ ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടി രൂപ കടക്കാരനായി. എന്തുസംഭവിച്ചാലും ഒപ്പമുണ്ടാകും എന്നു പറഞ്ഞ ജയറാം കൈയൊഴിഞ്ഞു. കടബാധ്യത മാറ്റാൻ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് ചോദിച്ച് ഹസീബ് ജയറാമിനെ സമീപിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞു വരാൻ പറയുകയായിരുന്നു. കടത്തിൽ മുങ്ങി വീടും സ്വത്തുമെല്ലാം ജപ്തിയുടെ വക്കിലെത്തി. കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ടു ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നു. ഈ സമയത്ത് മമ്മൂട്ടിയും ആന്റോ ജോസഫും ബാദുഷയും ചേർന്നാണ് ഹസീബിനെ സഹായിച്ചത് എന്നാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ
ജയറാമിന്റെ മേലുള്ള വിശ്വാസത്തിന്റെ പേരിലാണ് ഒരു നിർമാതാവ് പാതി വഴിക്ക് ഉപേക്ഷിച്ച് പോയ കാളിദാസ് ജയറാം ചിത്രം ഹസീബ് ഏറ്റെടുത്തത്. ‘എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും ഞാൻ ഒപ്പമുണ്ടാകും, എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം’ എന്ന് ജയറാം നൽകിയ ഉറപ്പായിരുന്നു ആ വിശ്വാസം. പലരും ഹസീബിനെ വിളിച്ച് ഇതിൽ ചെന്ന് തലവയ്ക്കരുതെന്ന് വിലക്കിയെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. അങ്ങനെ കോടികൾ വാരിയെറിഞ്ഞ് പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി ഷൂട്ടിങ് പൊടിപൊടിച്ചു.
പണം തികയാതെ വന്നപ്പോൾ മാർവാടികളുടെ കയ്യിൽനിന്ന് വട്ടിപ്പലിശയ്ക്ക് ഫൈനാൻസ് എടുത്തു. അങ്ങനെ നാലിടങ്ങളിൽനിന്നാണ് പണം കടം വാങ്ങിയത്. ഒടുവിൽ വലിയ ആഘോഷത്തോടെ റിലീസ് ചെയ്ത പടം എട്ടുനിലയിൽ പൊട്ടി; പോസ്റ്റർ ഒട്ടിച്ച പണം പോലും തിരികെ ലഭിച്ചില്ല. ആ മാനസികാഘാതത്തിൽ ഹസീബും തകർന്നുപോയി. ഏതാണ്ട് 10 കോടി രൂപയോളമാണ് ഈ ഒറ്റച്ചിത്രം കാരണം അദ്ദേഹത്തിന് ബാധ്യത വന്നത്. കടം കയറി തകർന്ന ഒരു നിർമാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക?
തന്റെ കഷ്ടപ്പാടിൽ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു. 'ആടുപുലിയാട്ടം' എന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തെയും കൂട്ടിയാണ് ഹസീബ് പോയത്. അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, ‘ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരും’ എന്ന അഴകുഴമ്പൻ മറുപടിയാണ് ജയറാം നൽകിയത്. അക്കാലത്ത് ജയറാമിന് വലിയ തിരക്കുകളോ പടങ്ങളോ ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസ്സിലായി. സ്വന്തം മകന്റെ കാര്യത്തിനുവേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം അപ്പാടെ വിഴുങ്ങി. തകർന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച വോയ്‌സ് മെസ്സേജ് ഇങ്ങനെയായിരുന്നു: ‘എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാൻ പ്രാർഥിക്കാം.’ അവിടെയും ജയറാം വാക്ക് പാലിച്ചില്ല, കടക്കാർ വന്ന് ഹസീബിനെ വരിഞ്ഞുമുറുക്കി; അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി.
കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്നത്. എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിൽ ഒരേസമയം രണ്ട് മേജർ ഓപ്പറേഷനുകൾക്ക് അദ്ദേഹം വിധേയനായി. അന്ന് നടൻ മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് ഹസീബിന്റെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തിയത്. ഒടുവിൽ പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്. ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ഹസീബ് കടന്നുപോയിട്ടും, ഇതിനെല്ലാം കാരണക്കാരനായ വ്യക്തി ഇതൊന്നും അറിഞ്ഞതുമില്ല, ആ വഴിക്ക് വന്നതുമില്ല.