മമ്മൂട്ടി | കല്യാണി
തിരുവനന്തപുരം: മലയാളികളുടെ പ്രിയ താരം കലാഭവൻ മണിയുടെ 55 മത് ജന്മദിനമായ 2020 ജനുവരി 1 ന് അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി രൂപീകരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമയുടെ വിവിധ മേഖലകളിലെ മികവിനൊപ്പം കലാരംഗത്തെ മറ്റ് പ്രഗത്ഭരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ അവാർഡ് പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
കളങ്കാവൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടാനായും ലോകയിലെ പ്രകടനത്തിന് കല്യാണി പ്രിയദർശനെ മികച്ച നടിയായും തെരഞ്ഞെടുത്തു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ ആണ് മികച്ച സിനിമ. ദിൻജിത്ത് അയ്യത്താൻ (എക്കോ) മികച്ച സംവിധായകനായും തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു.
ബാലചന്ദ്രമേനോൻ, വിജയകുമാരി ഓ മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനക സുരേഷ്, കലാഭവൻ റഹ്‌മാൻ, ജനു അയിച്ചാൻകണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ എന്നിവർക്ക് സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽക്കും.
ജിബിൻ ഗോപിനാഥ് മികച്ച സഹനടൻ (ഡീയെസ് ഈറെ), നന്ദിനി ഗോപാലകൃഷ്ണൻ മികച്ച സഹനടി (ധീരൻ, റോന്ത്), കവിപ്രസാദ് ഗോപിനാഥ് മികച്ച തിരക്കഥ (അം അഃ), മികച്ച ജനപ്രിയ സിനിമ തുടരും (തരുൺമൂർത്തി), ജിതിൻ കെ. ജോസ് മികച്ച നവാഗത സംവിധായകൻ (കളങ്കാവൽ), ബിബിൻ ജോർജ് ബഹുമുഖ പ്രതിഭ - അഭിനയം, ആലാപനം (കൂടൽ), സൗരഭ് സച്ച്ദേവ്- പുതുമുഖ നടൻ (എക്കോ), റിയ ഷിബു- പുതുമുഖ നടി (സർവ്വം മായ) എന്നിവയും തെരഞ്ഞെടുത്തു.
മാസ്റ്റർ ശ്രീപത്‌യാൻ- മികച്ച ബാല നടൻ (സുമതി വളവ്), ബേബി ദുർഗ സി. വിനോദ് മികച്ച ബാലനടി (ലോക). ചിറാപുഞ്ചി... എന്ന് തുടങ്ങുന്ന ഗാനത്തിന് ഹനാൻ ഷാ മികച്ച ഗായകൻ, സിന്ധു ഡെൽസൺ ആണ് മികച്ച ഗായിക (കളങ്കാവൽ, നിലാ...), മുജീബ് മജീദ് മികച്ച സംഗീത സംവിധായകൻ (കളങ്കാവൽ, എക്കോ), സലീഷ് പെരുങ്ങോട്ടുകര മികച്ച നിശ്ചല ഛായാഗ്രഹകൻ, ബോണി അൻസാർ മികച്ച റീ മാസ്റ്ററിങ് & ഡിസ്ട്രിബ്യൂഷൻ (ചോട്ടാ മുംബൈ), സിമി ആൻ. തോമസ് മികച്ച വസ്ത്ര രൂപകൽപ്പന (അതിഭീകര കാമുകൻ), അബു വളയംകുളം മികച്ച കാസ്‌റ്റിങ് ഡയറക്ടർ (1000 ബേബീസ്) എന്നിവയാണ് സിനിമാ മേഖലയിലെ പുരസ്കാരങ്ങൾ.