കഭി അൽവിദ നാ കെഹ്‌ന
2006ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ‘കഭി അൽവിദ നാ കെഹ്‌ന’ എന്ന ചിത്രത്തിന് നേരിടേണ്ടിവന്ന കടുത്ത വിമർശനങ്ങളും പ്രേക്ഷകരുടെ രൂക്ഷ പ്രതികരണങ്ങളും ഓർത്തെടുത്ത് സംവിധായകൻ കരൺ ജോഹർ. ചിത്രത്തിന്‍റെ 20-ാം വാർഷികമായ ഓഗസ്റ്റ് 11ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് സിനിമയുടെ പ്രിവ്യൂ പ്രദർശനത്തിനിടെയുണ്ടായ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചത്.
പ്രിവ്യൂ കാണുന്നതിനായി തിയറ്ററിലെത്തിയപ്പോൾ പരമ്പരാഗത വേഷം ധരിച്ച മധ്യവയസ്ക ദമ്പതികൾ സിനിമയിലെ ചില രംഗങ്ങളിൽ അസ്വസ്ഥരായതായി കരൺ ജോഹർ പറഞ്ഞു. സിനിമയിലെ രംഗം സ്വപ്നമല്ലെന്ന് മനസിലായതോടെ ഭർത്താവ് ഭാര്യയോട് ദേഷ്യത്തോടെ പ്രതികരിക്കുകയും തിയറ്ററിൽ നിന്ന് ഉടൻ പുറത്തുപോകാൻ തീരുമാനിക്കുകയും ചെയ്തതായി അദ്ദേഹം ഓർത്തെടുത്തു. ദമ്പതികൾ തിയറ്റർ വിട്ടപ്പോൾ തന്‍റെ മനസ് തകർന്നുപോയെന്നും കരൺ പറഞ്ഞു.
മറ്റൊരു പ്രദർശനത്തിനിടെ മകളോടൊപ്പം സിനിമ കാണാനെത്തിയ സ്ത്രീയിൽനിന്നും രൂക്ഷമായ പ്രതികരണം നേരിട്ടതായും കരൺ ജോഹർ പറഞ്ഞു. പാട്ടുകളും നൃത്തങ്ങളും കുടുംബമൂല്യങ്ങളും നിറഞ്ഞ സന്തോഷകരമായ സിനിമയായിരിക്കുമെന്നാണ് മകളെ കൂട്ടി എത്തിയതെന്നും എന്നാൽ സിനിമയിൽ വിവാഹമോചനമാണ് കണ്ടതെന്നും പറഞ്ഞ് അവർ തന്നോട് ദേഷ്യപ്പെട്ടതായി കരൺ വ്യക്തമാക്കി. ‘നാണമില്ലേ’ എന്ന തരത്തിലായിരുന്നു അവരുടെ പ്രതികരണമെന്നും അദ്ദേഹം പറയുന്നു.
ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും കടുത്ത ഭിന്നാഭിപ്രായങ്ങളാണ് ലഭിച്ചതെന്ന് കരൺ ജോഹർ പറഞ്ഞു. സിനിമ ധീരമായ ശ്രമമാണെന്നും തന്‍റെ മികച്ച ചിത്രമാണെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യൻ കുടുംബമൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനവും വലിയ തോതിൽ ഉയർന്നു.
‘കഭി അൽവിദ നാ കെഹ്‌ന’ വിവാഹേതര ബന്ധത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നില്ലെന്ന് കരൺ ജോഹർ പറഞ്ഞു. വിവാഹത്തിന്‍റെ പരിധി വിട്ട് പ്രണയമോ ആഗ്രഹമോ തേടുന്നത് ഒരു കുടുംബത്തിന്‍റെ അടിത്തറ തന്നെ തകർക്കാൻ ഇടയാക്കുമെന്നാണ് സിനിമയിലൂടെ കാണിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ, റാണി മുഖർജി, അഭിഷേക് ബച്ചൻ, പ്രീതി സിന്‍റ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. വിവാഹജീവിതത്തിൽ അസന്തുഷ്ടരായ ദേവും (ഷാരൂഖ് ഖാൻ) മായയും (റാണി മുഖർജി) തമ്മിൽ പ്രണയത്തിലാകുന്നതും തുടർന്ന് ഉണ്ടാകുന്ന കുറ്റബോധവും അസൂയയും വൈകാരിക സംഘർഷങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.