മെയ്ഡ് ഇൻ

 
Entertainment

32 അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കം; കൊവിഡ് ഓർമകളിൽ 'മെയ്ഡ് ഇൻ'

കോവിഡ് സമ്മാനിച്ച പൊള്ളുന്ന ഓർമകളെ 12 മിനിറ്റ് ദൈർഘ്യമുള്ള ഒരു നിശബ്ദ ഹ്രസ്വ ചലച്ചിത്ര കാവ്യമാക്കി മാറ്റി, അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ അവാർഡുകൾ വാരിക്കൂട്ടുകയാണ് രാജേഷിന്‍റെ 'മെയ്ഡ് ഇൻ’

Entertainment Desk

ലോകം മറക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ മായ്ച്ചു കളയാൻ കഴിയാത്ത ഒരു ഇരുണ്ട കാലമുണ്ട് തൊട്ടുപിന്നിൽ. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് അക്ഷരാർത്ഥത്തിൽ മാനവരാശിയുടെ താളം തന്നെ തെറ്റിച്ച കൊറോണ എന്ന ഭീകര വൈറസ് പകർന്നാടിയ കോവിഡ് കാലം. തെരുവുകൾ വിജനമായ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലുമേറ്റുവാങ്ങാൻ സാധിക്കാതെ ജനങ്ങൾ വീടുകൾക്കുള്ളിൽ ശ്വാസം മുട്ടിപ്പോയ ആ കാലത്തിന്‍റെ മുറിവുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ശേഷിക്കുന്നുണ്ട്. അവിടെ നിന്നാണ് രാജേഷ് പുത്തൻപുരയിൽ എന്ന സംവിധായകന്‍റെ ചിന്തകൾ തുടങ്ങുന്നത്.

കോവിഡ് സമ്മാനിച്ച പൊള്ളുന്ന ഓർമകളെ 12 മിനിറ്റ് ദൈർഘ്യമുള്ള ഒരു നിശബ്ദ ഹ്രസ്വ ചലച്ചിത്ര കാവ്യമാക്കി മാറ്റി, അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ അവാർഡുകൾ വാരിക്കൂട്ടുകയാണ് രാജേഷിന്‍റെ 'മെയ്ഡ് ഇൻ’ (Made In).

വാക്കുകളേക്കാൾ ഉറക്കെ സംസാരിക്കുന്നത് ദൃശ്യങ്ങളും അതിനു പിന്നിലെ ശൂന്യതയുമാണ്. കോവിഡ് എന്ന മഹാവിപത്ത് വെറുമൊരു രോഗമായിരുന്നില്ല, മറിച്ച് ലോകത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു ബയോ-വാർ ആയിരുന്നുവെന്ന രാഷ്ട്രീയമാണ് മെയ്ഡ് ഇൻ പറയുന്നത്.
രാജേഷ് പുത്തൻപുരയിൽ

ഫോർട്ട് കൊച്ചിയും യുദ്ധത്തിന്‍റെ ബാക്കിപത്രവും

എൽ കെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പൂർണമായും ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് ഈ ചിത്രം. കോവിഡ് മഹാമാരിയുടെ അലയൊലികൾ ഏറ്റവും അധികം നാശം വിതച്ച പ്രദേശങ്ങളിലൊന്നായ കൊച്ചു കേരളവുമായി ചേർത്താണ് കോവിഡ് ഒരു മനുഷ്യനിർമിത ദുരന്തമാണെന്ന് ചിത്രത്തിലൂടെ സംവിധായകൻ സ്ഥാപിക്കുന്നത്.

കഥയുടെ ആത്മാവ് രണ്ട് ജീവിതങ്ങളിലൂടെ

വിമുക്ത ഭടൻ: ഇന്തോ-ചൈനീസ് യുദ്ധത്തിൽ പങ്കെടുത്ത്, അതിന്‍റെ ആഘാതങ്ങളിൽ നിന്ന് ഇന്നും മുക്തനാകാതെ ഫോർട്ട് കൊച്ചിയിൽ ഏകാംഗ ജീവിതം നയിക്കുന്ന പഴയൊരു സൈനികൻ.

ശവപ്പെട്ടി കച്ചവടക്കാരൻ: വിമുക്ത ഭടന്‍റെ ജനാലയ്ക്ക് അപ്പുറത്ത്, കൊവിഡിൽ ജീവനുകൾ പൊലിയുമ്പോൾ കേൾക്കുന്ന പള്ളിമണി നാദത്തിന് കാതോർത്ത് ശവപ്പെട്ടികൾ ഒരുക്കി വെക്കുന്ന വ്യാപാരി.

തന്‍റെ മുറിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കുന്ന ആ വൃദ്ധനായ സൈനികൻ കാണുന്നത് ഒരേ സമയം തന്‍റെ വീടിനടുത്തുള്ള ശവപ്പെട്ടി കടയും മറു വശത്തെ ശ്മശാനവുമാണ്. ആയുധങ്ങളോ പീരങ്കികളോ ഇല്ലാതെ, ലോകത്തെ നാമാവശേഷമാക്കാൻ ശേഷിയുള്ള 'ബയോ വാർ' എന്ന ചൈനീസ് നീക്കത്തിന് മുന്നിൽ നിശ്ശബ്ദമായി പടപൊരുതേണ്ടി വരുന്ന ഒരു സാധു മനുഷ്യന്‍റെ നൊമ്പരമാണ് ചിത്രം വരച്ചുകാട്ടുന്നത്. സംഭാഷണങ്ങളില്ലാതെ, അന്തരീക്ഷ ശബ്ദങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്‍റെയും ദൃശ്യരൂപങ്ങളുടെയും മികവിലാണ് ഈ പന്ത്രണ്ട് മിനിറ്റ് ചിത്രം കാണികളിലേക്ക് പടർന്നു കയറുന്നത്.

ഓഡിഷനിലൂടെ കണ്ടെത്തിയ 'ചന്ദ്രൻ'

ഒരു വലിയ സിനിമ നിർമിക്കുന്ന അതേ ഗൗരവത്തോടും കൃത്യതയോടും കൂടിയാണ് രാജേഷ് പുത്തൻപുരയിൽ 'മെയ്ഡ് ഇൻ' ഒരുക്കിയത്. ശവപ്പെട്ടി കട അടക്കം പ്രത്യേകമായി സെറ്റിട്ട് ഫോർട്ട് കൊച്ചിയിലായിരുന്നു ഷൂട്ടിങ്.പ്രധാന കഥാപാത്രമായ വിമുക്ത ഭടനെ അവതരിപ്പിക്കാൻ അനുയോജ്യനായ ഒരാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവിൽ, ഏകദേശം 60-ഓളം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ഓഡിഷനൊടുവിലാണ് 'ചന്ദ്രൻ' എന്ന അഭിനേതാവിലേക്ക് സംവിധായകൻ എത്തിയത്. കഥാപാത്രത്തിന്‍റെ വൈകാരിക തലങ്ങളെ അനുഭവവേദ്യമാക്കാൻ ചന്ദ്രന്‍റെ പ്രകടനം ഏറെ സഹായിച്ചു.

32-ഓളം അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കം

കഴിഞ്ഞ വർഷം മുതൽ ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചുവരുന്ന 'മെയ്‌ഡ്‌ ഇൻ ' ഇതിനോടകം വിവിധ കാറ്റഗറികളിലായി 32-ഓളം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ സ്പെഷ്യൽ ജൂറി പരാമർശം, രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ഇന്‍റർനാഷണൽ എക്സ്പെരിമെന്‍റൽ അവാർഡ്, ലണ്ടൻ വൈഡ് സ്ക്രീൻ ഫെസ്റ്റിവൽ സ്പെഷ്യൽ ജൂറി പരാമർശം, ഇൻഡി ഫെസ്റ്റ് ഫിലിം അവാർഡ്സ് (യു.എസ്.എ) എക്സ്പെരിമെന്‍റൽ അവാർഡ് ഓഫ് റെക്കഗ്നിഷൻ. കൂടാതെ ബ്രിട്ടൻ, ജർമനി,അമേരിക്ക, ലെബനൻ, ഇറാൻ, ചൈന, സ്‌പെയ്ൻ, യമൻ, ഈജിപ്ത്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ചലച്ചിത്ര മേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും ചെയ്തു. ദുബായ് ഇൻഡിപെൻഡന്‍റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഏഷ്യൻ ഷോർട്ട് ഫിലിമായും മെയ്‌ഡ്‌ ഇൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ഫെസ്റ്റിവലിലെല്ലാം ഔദ്യോഗിക സെലക്ഷൻ ലഭിച്ചിട്ടുണ്ട് എന്നത് തന്നെ മെയ്‌ഡ്‌ ഇൻ എന്ന ഹ്രസ്വ ചലച്ചിത്രത്തിന്‍റെ മേന്മ എടുത്തുകാട്ടുന്നതാണ്. വിവിധ കാറ്റഗറികളിലായി ഒട്ടേറെ അവാർഡുകൾ രാജ്യാന്തര മേളകളിൽ മെയ്‌ഡ്‌ ഇൻ കരസ്‌ഥമാക്കിയിട്ടുണ്ട്.

വ്യവസായത്തിൽ നിന്ന് സിനിമയിലേക്ക്

രാജേഷ് പുത്തൻപുരയിലിന്‍റെ യാത്രതിരക്കുപിടിച്ച ബിസിനസ് ജീവിതത്തിൽ നിന്ന് സിനിമയെന്ന സർഗ്ഗാത്മക മാധ്യമത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് രാജേഷ് പുത്തൻപുരയിൽ ക്യാമറയ്ക്ക് പിന്നിലേക്ക് എത്തിയത്. സിനിമയെ കേവലം വിനോദത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമായി അദ്ദേഹം കാണുന്നു. ഇതിനോടകം അദ്ദേഹം സംഘടിപ്പിച്ചു വരുന്ന 'എൽ കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ' ചലച്ചിത്ര ലോകത്ത് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ഈ ചലച്ചിത്ര മേള, വമ്പൻ ചലച്ചിത്ര അവാർഡ് നിശകളെ അനുസ്മരിപ്പിക്കും വിധമാണ് കൊച്ചിയിൽ അരങ്ങേറിയത്.

വരാനിരിക്കുന്ന വൻ പദ്ധതികൾ

'മെയ്ഡ് ഇൻ' എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷവും വിശ്രമമില്ലാതെ പുതിയ പ്രോജക്റ്റുകളുടെ പണിപ്പുരയിലാണ് രാജേഷ് പുത്തൻപുരയിൽ.

ഹിഡൻ കളേഴ്‌സ് (Hidden Colours): ഈ വർഷം സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ഹ്രസ്വചിത്രം.

ഇംഗ്ലീഷ് ഡോക്യുമെന്‍ററി: മണിപ്പൂരിലെ വടക്കുകിഴക്കൻ ഗോത്രവർഗത്തിൽ പെട്ട,പുറം ലോകവുമായി അധികമൊന്നും ബന്ധമില്ലാത്ത, ഒരു പ്രത്യേക ജനവിഭാഗത്തെ കുറിച്ചുള്ള വിപുലമായ ഗവേഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ഇത് ആസ്പദമാക്കി ഒരുക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഇംഗ്ലീഷ് ഡോക്യുമെന്‍ററി 2027-ൽ പുറത്തിറങ്ങും.

കോവിഡ് നൽകിയ ഒറ്റപ്പെടലിന്‍റെയും നഷ്ടങ്ങളുടെയും വേദനയിൽ ഇന്നും മരിച്ച ജീവിക്കുന്നവർക്ക് അറിയാതെ ഒരു സ്മാരകമായി മാറിയ 'മെയ്ഡ് ഇൻ'’, മലയാള സിനിമയ്ക്ക് രാജേഷ് പുത്തൻപുരയിൽ നൽകിയ മികച്ചൊരു സംഭാവനയാണ്. ദൃശ്യഭാഷ കൊണ്ട് അന്താരാഷ്ട്ര തലത്തിൽ നമ്മുടെ അഭിമാനം ഉയർത്തിയ ഈ ചലച്ചിത്രകാരന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾക്കായും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാം.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു