'മൈ ഡിയർ സിസ്റ്റർ' പ്രൊമോ വീഡിയോ പുറത്ത്
മംമ്ത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം 'മൈ ഡിയർ സിസ്റ്റർ'ൻറെ ടൈറ്റിൽ പ്രൊമോ വീഡിയോ പുറത്തിറങ്ങി. അരുൾനിതിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് വിഡിയോയിലുള്ളത്. പ്രഭു ജയറാമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
സഹോദരനും സഹോദരിയും തമ്മിലുള്ള വഴക്കാണ് ചിത്രത്തിൽ പ്രമേയമാകുന്നത് എന്നാണ് പ്രമോ വീഡിയോ നൽകുന്ന സൂചന. അരുൾനിതിയെയും മംമ്തയെയും കൂടാതെ അരുൺപാണ്ഡ്യൻ, മീനാക്ഷി ഗോവിന്ദരാജൻ തുടങ്ങിയവരും അണിനിരക്കുന്നു. പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരവും മനീഷ് ഷായും ചേർന്നാണ് നിർമ്മിക്കുന്നത്.
2021 റിലീസ് ചെയ്യപ്പെട്ട 'യെന്നങ്ക സർ ഉങ്ക സട്ടം' മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിൽ നിവാസ് കെ പ്രസന്നയാണ് ഗാനങ്ങളൊരുക്കുന്നു. സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് വെട്രിവേൽ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാർ ആണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
2024-ലെ വിജയ് സേതുപതി ചിത്രം 'മഹാരാജ'-ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയർ സിസ്റ്റർ'. ചിത്രത്തിൻറെ റിലീസ് 2026-ൻറെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കാമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.