എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. ചെന്നൈയിൽ നിന്നു വ്യാഴാഴ്ച ഉച്ചയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മമ്മൂട്ടി വന്നിറങ്ങിയത്. വിദേശ ചികിത്സാർഥം സിനിമയിൽ നിന്നു വിട്ടുനിന്ന മമ്മൂട്ടി കഴിഞ്ഞ മാസം ഹൈദരാബാദിലെ സിനിമ സെറ്റിലേക്ക് തിരിച്ചെത്തിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കാൻ വ്യവസായ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എംഎൽഎ എന്നിവർ എത്തി. വിമാനത്താവളത്തിനു പുറത്തെത്തിയ ആരാധകരോടും മാധ്യമപ്രവർത്തകരോടും താരം പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം ചെയ്തു.
തുടർന്നു വിമാനത്താവളത്തിൽ എത്തിച്ച കാറിൽ സ്വയം ഡ്രൈവ് ചെയ്ത് അദ്ദേഹം വീട്ടിലേക്കു പോയി. ഭാര്യ സുൽഫത്തും ഒപ്പമുണ്ടായിരുന്നു.