മുംബൈ: താൻ ഒരുകാലത്ത് മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് നടൻ നസീറുദ്ദീൻ ഷായുടെ വെളിപ്പെടുത്തൽ. രത്ന പഥക്കിനെ വിവാഹം കഴിച്ചതിന്‍റെ ഓർമകൾ അയവിറക്കുമ്പോഴാണ് പരാമർശം.
''വിവാഹത്തോട് രത്നയുടെ മാതാപിതാക്കൾക്ക് കടുത്ത എതിർപ്പായിരുന്നു. കാരണം, ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു അന്ന്, കടുത്ത മുൻകോപവുമുണ്ടായിരുന്നു. ഇതും പോരാഞ്ഞ് വിവാഹമോചിതനും'', ഷാ പറഞ്ഞു.
പക്ഷേ, രത്ന തന്‍റെ തെരഞ്ഞെടുപ്പിൽ ഉറച്ചു നിന്നു. ഏഴു വർഷത്തെ പ്രണയത്തെത്തുടർന്നായിരുന്നു വിവാഹം. ആദ്യം കണ്ട മാത്രയിൽ തന്നെ തങ്ങൾ പ്രണയബദ്ധരായെന്നും നസീറുദ്ദീൻ ഷാ പറയുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്.
പരിചയപ്പെടുന്ന സമയത്ത് അദ്ദേഹം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു, രത്ന ഒരു നാടകത്തിലും. കണ്ടപ്പോൾ തന്നെ പരിചയപ്പെടാൻ ആഗ്രഹം തോന്നി, അതു പ്രണയം തന്നെയായിരുന്നു, ഷാ പറയുന്നു.
ആദ്യ ഭാര്യയായ മനാര സിക്രിയിൽ നസീറുദ്ദീൻ ഷായ്ക്ക് ഹീബ എന്നൊരു മകളുണ്ട്. മനാര മരിച്ച 1982ൽ തന്നെയായിരുന്നു രത്നയുമായുള്ള ഷായുടെ വിവാഹം. ഈ ദമ്പതികൾക്ക് രണ്ടു മക്കൾ - ഇമാദ്, വിവാൻ.