'നയൻതാര: ബിയോണ്ട് ദ ഫെയ്റിടെയ്ൽ' വീണ്ടും നിയമക്കുരുക്കിൽ; അനുമതിയില്ലാതെ ദൃശ്യങ്ങൾ ഉപയോഗിച്ചതിൽ മറുപടി തേടി കോടതി
മദ്രാസ്: 'നയൻതാര: ബിയോണ്ട് ദ ഫെയ്റിടെയ്ൽ' എന്ന ഡോക്യുമെന്‍ററി വീണ്ടും നിയമക്കുരുക്കിൽ. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്‍ററിയിലുപയോഗിച്ചെന്ന് കാട്ടി ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളാണ് കോടതിയെ സമീപിച്ചത്.
ഇത് സംബന്ധിച്ച് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും മാസങ്ങൾക്ക് മുൻപു തന്നെ കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പകർപ്പവകാശം കൈവശമുള്ള എപി ഇന്‍റർനാഷ്ണൽ കോടതിയിൽ വ്യക്തമാക്കി. ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡോക്യുമെന്‍ററി നിർമാതാക്കളായ ടാർക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ നീക്കം ചെയ്യാനും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള നിയമപരമായ അറിയിപ്പ് നിലനിൽക്കെയാണ് സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. തര്‍ക്കത്തിലുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി നിര്‍ദേശവും കൂടാതെ ഡോക്യുമെന്‍ററിയില്‍ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്താനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.