ബിഗ്ബോസ് നിർത്തി വയ്ക്കാൻ ഉത്തരവ്; സെറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും
ന്യൂഡൽഹി: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കന്നഡ ബിഗ്ബോസ് നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കർണാടക സംസ്ഥാന മാലിന്യ നിയന്ത്രണ ബോർഡ്(കെഎസ്പിസിബി). ബംഗളൂരുവിൽ ബിഡാഡി ഹോബ്ലിയിൽ ജോളിവുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സിലുള്ള ബിഗ്ബോസ് സെറ്റിന് ഇതു സംബന്ധിച്ച് നോട്ടീസ് കൈമാറിയതായി കെഎസ്പിസിബി ചെയർമാൻ പി.എം. നരേന്ദ്ര സ്വാമി വ്യക്തമാക്കി. സെറ്റിൽ നിന്ന് പുറത്തേക്ക് മലിനജലം ഒഴുക്കിയത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സെറ്റിൽ 250 കെഎൽഡി കപ്പാസിറ്റി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് (എസ്ടിപി) സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഷോയുടെ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ വേണ്ടത്ര ഡ്രെയിനേജുകൾ പോലും ഇല്ലെന്നാണ് വ്യക്തമായത്. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവർത്തിപ്പിച്ചിരുന്നില്ല. മലിനജലം അതേ രീതിയിൽ പുറത്തേക്ക് ഒഴുക്കുകയായിരുന്നു.
സെറ്റിൽ രണ്ട് ഡീസൽ ജനറേറ്ററുകൾ ഉണ്ടായിരുന്നു. ഇവയുടെ പ്രവർത്തനവും പരിസ്ഥിതിയെ ദോഷമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഷോ നിർത്തി വയ്ക്കാൻ
ഉത്തരവിട്ടിരിക്കുന്നത്. സെറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും നിർദേശിച്ചിട്ടുണ്ട്.കർണാടകയിലെ ജനപ്രിയ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പന്ത്രണ്ടാം സീസണാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കിച്ച സുധീപാണ് ഷോയുടെ അവതാരകൻ.