പേളി മാണി
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പേളി മാണി നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. പിന്നാലെ ക്ഷമാപണം നടത്തി പേളി മാണി രംഗത്തെത്തി. എന്നാൽ പേളിയുടെ വിശദീകരണ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനം നേരിടുകയാണ്. പേളിയുടെ വിശദീകരണം സത്യസന്ധമല്ലെന്നാണ് പ്രധാന വിമർശനം.
വിദ്യാർഥി സമരത്തിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് വായിച്ച് വിശദമാക്കിക്കൊണ്ടായിരുന്നു പേളിയുടെ പോസ്റ്റ്. ഇത് കേട്ടപ്പോൾ ഇംഗ്ലീഷ് ക്ലാസിൽ ഇരിക്കുന്നതുപോലെയാണ് തോന്നിയത് എന്നാണ് പലരും പറഞ്ഞത്. ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ മറ്റുള്ളവർക്ക് കഴിയില്ല എന്ന് വിചാരിച്ചാണോ പേളി ഇത്തരത്തിലൊരു വിശദീകരണം നടത്തിയത് എന്നാണ് പലരും ചോദിക്കുന്നത്.
സമരം നടത്തിയ വിദ്യാർഥികളോട് മാപ്പു പറയാതെ പരാജയപ്പെട്ട സിനിമ സംവിധായകൻ എന്ന പരാമർശത്തിൽ മാത്രമാണ് പേളി മാപ്പു പറഞ്ഞത്. സിനിമയിലെ തന്‍റെ നിലനിൽപ്പിനു വേണ്ടിയാണ് പേളി മാപ്പ് അപേക്ഷിച്ചതെന്നും അല്ലാതെ തെറ്റ് മനസിലാക്കിയല്ലെന്നും പറയുന്നവരുണ്ട്. തനിക്കു നേരെ ഉയർന്ന വിമർശനം മനസിലാക്കാൻ പോലും പേളിക്കായില്ലെന്നും പലരും ആരോപിക്കുന്നുണ്ട്. അതിനിടെ പേളിയുടെ വിഡിയോയ്ക്ക് താഴെ വരുന്ന വിമർശന കമന്‍റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നാലു ലക്ഷം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് പേളി വിശദീകരണവുമായി എത്തിയതെന്നും ക്ഷമാപണം ആത്മാർഥമല്ലെന്നുമാണ് വിമർശനം.