പേളി മാണി
ഡല്‍ഹിയിലെ വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി പേളി മാണി രംഗത്ത്. ആരേയും വേദനിപ്പിക്കുക തന്‍റെ ഉദ്ദേശമായിരുന്നില്ലെന്നും മാപ്പ് പറയുന്നതായും പേളി പറയുന്നു. യൂട്യൂബിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് പേളിയുടെ ക്ഷമാപണം.
താനൊരു പാർട്ടിയുടെയും ഭാഗമല്ലെന്നും പറഞ്ഞത് തെറ്റായിപ്പോയെന്ന് മനസിലാക്കുന്നെന്നും പേളി പറഞ്ഞു. എല്ലാവരോടും മാപ്പു ചോദിക്കുന്നതായും മികച്ച മനുഷ്യനാകാൻ താൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും പേളി വീഡിയോയിൽ പറയുന്നു.
പേളിയുടെ പ്രതികരണം ഇങ്ങനെ...
എല്ലാ പാര്‍ട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്, എല്ലാ പാര്‍ട്ടിയും വേണ്ടപ്പെട്ടവരാണ്. ആ പോസ്റ്റ് ഇട്ടതേ എനിക്ക് ഓര്‍മയുള്ളൂ. ഇട്ട് കുറച്ച് നേരത്തേക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്തിട്ടാലും നല്ല വശവും ചീത്ത വശവും കാണുന്നവരുണ്ടാകുമല്ലോ. കുറച്ച് സമയം കഴിഞ്ഞതും ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്‍ വന്നു തുടങ്ങി. ഞാന്‍ അങ്ങനൊന്നും എഴുതിയില്ലല്ലോ, ഇതല്ലല്ലോ ഞാന്‍ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു. വീട്ടില്‍ പോകൂവെന്ന് പറയുന്നത് പോലും സുരക്ഷിതരായിരിക്കണേ എന്ന് പറയുന്നതിന്‍റെ കൂടെയാണ് ഞാൻ. ഇത് നിര്‍ത്തി വീട്ടില്‍ പോകണം എന്നല്ല പറയുന്നത്. അത് പറയാന്‍ ഞാന്‍ ആരുമല്ല. ഞാന്‍ പറയേണ്ട ഒരാവശ്യവും എനിക്കില്ല.
എല്ലാവരും അടി വാങ്ങുന്നതും ചോരയുമൊക്കെ കണ്ടതിന്‍റെ ഭയത്തില്‍ നിന്നുമാണ് ഞാന്‍ ആ പോസ്റ്റിടുന്നത്. അല്ലാതെ മറ്റൊരുദ്ദേശവും എനിക്കില്ലായിരുന്നു. എന്നെ വേദനിപ്പിച്ച കാര്യം സ്വാതന്ത്ര്യ സമരസേനാനികളുടെ കല്ലറയില്‍ ഞാന്‍ തുപ്പുന്നത് പോലെയാണ് എന്ന് പറഞ്ഞതാണ്. എനിക്കത് ഭയങ്കര വേദനയായി. ഞാന്‍ ആത്മാര്‍ത്ഥമായും മനസില്‍ തട്ടിയെഴുതിയതിനെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായി.
ആദ്യമൊക്കെ പ്രതികരക്കേണ്ട, വിട്ടുകളയാമെന്ന് വിചാരിച്ചു. പക്ഷേ, വിമർശനങ്ങൾ കൂടിയതോടെ എനിക്ക് ദേഷ്യം വന്നു. രാത്രി 11 മണി ആയതോടെ എനിക്ക് പറ്റുന്നില്ല. ഞാനും മനുഷ്യനാണ്. വിശദീകരണം എഴുതി. ആ സ്‌റ്റോറിയാണ് പിന്നീട് നിങ്ങളുടെ മുന്നില്‍ വന്നത്. ഞാനത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കാരണം അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഞാനത് ഡിലീറ്റ് ചെയ്തു. അത് തെറ്റാണെന്ന് എനിക്കറിയാം. സ്‌ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് തന്നെ അതിനോട് യോജിപ്പില്ല. അതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു.
ആ സ്റ്റോറിയിൽ ഞാൻ ഒരാളെ പരാജയപ്പെട്ട സംവിധായകനെന്നി വിളിച്ചിരുന്നു. അത് വളരെ വലിയ തെറ്റാണ്. നമ്മള്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല. നമ്മളാരും അല്ല. അങ്ങനെ അല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തോട് ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്. നിങ്ങളെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. അയാം സോറി.
അദ്ദേഹം പിന്നീടിട്ട ഒരു പോസ്റ്റിൽ ഞാൻ അയാളുടെ അച്ഛനെയാണ് പരാജയപ്പെട്ട സംവിധായകനെന്ന് വിളിച്ചതെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ അച്ഛൻ ഒരേയൊരു സിബി മലയിലാണ്. ഞാൻ അദ്ദേഹത്തിന്‍റെ ഒരു ആരാധികയാണ്. ഞാൻ അദ്ദേഹത്തെ ഒരിക്കലും അങ്ങനെ വിളിക്കില്ല. ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെയാണ്. അതില്‍ സിബി മലയില്‍ സാര്‍ എങ്ങനെ വന്നു? ഇത് ഞാന്‍ എങ്ങനെ തിരുത്തും? എന്നെനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇനി ഒന്നും ഇടുന്നില്ലെന്ന് കരുതി മിണ്ടാതിരുന്നു. സത്യം അറിയിക്കാനാണ് ഈ വിഡിയോ.
ഈ വീഡിയോ ഇടുന്നതോടെ നിങ്ങളെല്ലാം വിമർശനം നിർത്തുമെന്ന് ഞാൻ കരുതുന്നില്ല. അതിന്‍റെ ആവശ്യമില്ല. നല്ലത് പറയാൻ മാത്രമല്ല, വിമർശിക്കാൻ കൂടിയാണ് ഈ പ്ലാറ്റ്ഫോം.
ഈ വിഡിയോ ഇടുമ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ എന്നെ വിമര്‍ശിക്കണം. സോഷ്യല്‍ മീഡിയ പബ്ലിക് പ്ലാറ്റ്‌ഫോമാണ്. ഞാനൊരു പബ്ലിക് പ്രോപ്പർട്ടിയാണ്. ഞാന്‍ പറയുന്ന ഓരോ വാക്കിനും പ്രവര്‍ത്തിക്കും ഒരുപാട് ഉത്തരവാദിത്തമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. മെച്ചപ്പെട്ട മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും. നിങ്ങള്‍ എനിക്ക് മാപ്പ് നല്‍കുമെന്ന് കരുതുന്നു.