പ്രദീപ് റാവത്ത്

 
Entertainment

നടൻ പ്രദീപ് റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് സൽമാൻ ഖാനും ആമിർ ഖാനും അടക്കമുള്ള പ്രമുഖർ

പ്രദീപ് റാവത്തിന്‍റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച കുടുംബാംഗങ്ങളുടെയും സിനിമാരംഗത്തെ സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു

Sarath Nath MS

മുംബൈ: അന്തരിച്ച മുതിർന്ന നടൻ പ്രദീപ് റാവത്തിന് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ആമിർ ഖാൻ, നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ, സംവിധായകൻ പ്രഭുദേവ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

'സർഫറോഷ്', 'ലഗാൻ', 'ഗജിനി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാവത്ത് അർബുദബാധയെ തുടർന്ന് ചൊവ്വാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്തരിച്ചത്.

'ബാഗി' എന്ന ചിത്രത്തിലെ സഹതാരമായിരുന്ന സൽമാൻ ഖാൻ, ചിത്രത്തിലെ ഒരു ദൃശ്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചായിരുന്നു ആദരാഞ്ജലി അർപ്പിച്ചത്. "ഒരുപാട് നല്ല നിമിഷങ്ങൾ നമ്മൾ പങ്കിട്ടു. ആത്മാവിന് നിത്യശാന്തി നേരുന്നു"-സൽമാൻ ഖാൻ കുറിച്ചു.

'ഗജിനി'യിലെ വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ നടനെന്ന നിലയിൽ റാവത്തിനെ ആമിർ ഖാൻ അനുസ്മരിച്ചു. "അദ്ദേഹം അതീവ സമർപ്പണബോധമുള്ള, നിർഭയനായ നടനായിരുന്നു. 'ഗജിനി'യിലെ അദ്ദേഹത്തിന്‍റെ പ്രകടനമില്ലാതെ ആ സിനിമ വിജയിക്കുമായിരുന്നില്ല,"- എന്നായിരുന്നു ആമിർ ഖാന്‍റെ വാക്കുകൾ.

പ്രദീപ് റാവത്തിന്‍റെ വിയോഗത്തിൽ അങ്ങേയറ്റം വിഷമിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നെന്നും പ്രഭുദേവ എക്‌സിൽ കുറിച്ചു.

ഹിന്ദിക്കൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും റാവത്ത് ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച നടനാണെന്ന് പവൻ കല്യാൺ പറഞ്ഞു.

മധ്യപ്രദേശിലെ ജബൽപൂരിൽ ജനിച്ച പ്രദീപ് റാവത്ത്, 1980കളിൽ അഭിനയരംഗത്തെത്തി. ബി.ആർ. ചോപ്രയുടെ ടെലിവിഷൻ പരമ്പരയായ 'മഹാഭാരത'ത്തിൽ അശ്വത്ഥാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. തുടർന്ന് നാല് പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ സ്വഭാവനടനും വില്ലനുമായി അദ്ദേഹം തിളങ്ങി.

പ്രദീപ് റാവത്തിന്‍റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച കുടുംബാംഗങ്ങളുടെയും സിനിമാരംഗത്തെ സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

കൂട്ടം യുഎഇയുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്റ്റോബർ 25ന്

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മഴ; പത്തനംതിട്ടയിൽ വ്യാഴാഴ്ച ഭാഗിക അവധി

ഹിമാചലിൽ ട്രെയിനി മെഡിക്കൽ ഓഫീസർമാരുടെ ശമ്പളം 60,000 രൂപയായി ഉയർത്തി