ഋഷികേശിലെ വഴിയരികിൽ മതിലിൽ പാള പാത്രത്തിൽ വച്ച് ഭക്ഷണം കഴിക്കുന്ന സൂപ്പർതാരം രജനികാന്ത്
ഡെറാഡൂൺ: സിനിമയുടെ തിരക്കുകളിൽ നിന്നെടുത്ത ഇടവേളയിൽ ഹിമാലയത്തിലേക്കു തീർഥാടനം നടത്തി സൂപ്പർ താരം രജനികാന്ത്. നെൽസൺ ദിലീപ് കുമാറിന്‍റെ ജയിലർ 2 എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തനത്തിൽ ലഭിച്ച ഇടവേളയിൽ ഉത്തരാഖണ്ഡിലെ ഋഷികേശിലാണു രജനിയെത്തിയത്. ആഡംബരങ്ങളെല്ലാം ഒഴിവാക്കിയാണു സൂപ്പർതാരത്തിന്‍റെ യാത്ര. വെള്ള മുണ്ടും ഷർട്ടും ധരിച്ച് തോളിൽ തോർത്തിട്ട് വഴിയരികിലെ മതിലിൽ പാള പാത്രത്തിൽ വച്ച് ഭക്ഷണം കഴിക്കുന്ന രജനിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ജയിലർ 2ന്‍റെ ചിത്രീകരണത്തിനായി കേരളത്തിലായിരുന്ന രജനി ചെന്നൈയിൽ മടങ്ങിയെത്തിയശേഷം ശനിയാഴ്ചയാണു ഋഷികേശിലെത്തിയത്.
അന്നു തീർഥാടന നഗരത്തിലെ സ്വാമി ദയാനന്ദ ആശ്രമം സന്ദർശിച്ച രജനി സ്വാമി ദയാനന്ദയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ഏറെ നേരം ഗംഗാതീരത്ത് ധ്യാനിച്ചു. ഗംഗാ ആരതിയിൽ പങ്കെടുത്ത രജനി ഇന്നലെ ദ്വാരഹട്ടിലേക്കു പോയി. സഹയാത്രികരോടു സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
ഋഷികേശും ഹരിദ്വാറുമുൾപ്പെടെ ഹിമാലയത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ പതിവു സന്ദർശകനാണു രജനി. ജയിലർ 2 ഡിസംബറിലോ ജനുവരിയിലോ റിലീസ് ചെയ്യുമെന്നാണു കരുതുന്നത്. അമിതാഭ് ബച്ചനും റാണ ദഗ്ഗുബട്ടിക്കുമൊപ്പം ടി.ജെ. ജ്ഞാനവേലിന്‍റെ വേട്ടയ്യൻ, ലോകേഷ് കനകരാജിന്‍റെ കൂലി എന്നിവയാണ് രജനിയുടെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.