യഷ് നായകനാകുന്ന ടോക്സിക് ടീസർ പുറത്തിറങ്ങിയതു മുതൽ സമൂഹമാധ്യമങ്ങളിൽ ഗീതു മോഹൻദാസിനെതിരേ വിമർശനങ്ങൾ പെരുകുകയാണ്. ടീസറിലെ ലൈംഗിക ദൃശ്യത്തിൽ സ്ത്രീയെ ഉപഭോഗ വസ്തുവാക്കിയെന്നാണ് ആരോപണം. ഇതിനെതിരേയുള്ളൊരു കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കു വച്ചു കൊണ്ടാണ് നടി റിമാ കല്ലിങ്കൽ വിവാദത്തിൽ പ്രതികരിച്ചിരിക്കുന്നത്. ആനന്ദം, സദാചാര പ്രതിസന്ധി പിന്നെ സ്ത്രീകളും എന്ന തലക്കെട്ടോടെ സ്റ്റോറീസ് ഓഫ് സിനിഫൈൽ എന്ന പേജ് പങ്കു വച്ച കുറിപ്പാണ് റീമ ഇൻസ്റ്റ സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ലൈംഗികത എന്നതിനെ നാം എന്തു കൊണ്ടാണ് സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നതെന്നാണ് കുറിപ്പിൽ ചോദിച്ചിരിക്കുന്നത്. ഡീയസ് ഈറെ എന്ന ചിത്രത്തിൽ ഇന്‍റിമേറ്റ് സീൻ ചെയ്ത അതുല്യ ചന്ദ്രയെ ഭോഗവസ്തുവായി കാണിച്ചപ്പോഴും പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും ആ ചർച്ചകളിൽ അദൃശ്യനായിരുന്നു. അതു പോലെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യപ്രഭയും ഭോഗവസ്തു എന്ന രീതിയിൽ ചർചച ചെയ്യപ്പെട്ടു. ടോക്സിക് ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ എന്തോ ആണെന്ന മട്ടിലാണ് ചർച്ചകൾ പോകുന്നത്.
സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ അവളുടെ ശബ്ദമോ ഭാവമോ എല്ലാം ഇപ്പോഴും വൃത്തി കെട്ടതായാണ് സമൂഹം കരുതുന്നത്. മായാനദിയും 4 ഇയേഴ്സും എല്ലാം നമുക്ക് ഉണ്ടായിരുന്നു. ആരും അവരെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ വിളിച്ചില്ല.
ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, കാഴ്ച്ചപ്പാടിനെക്കുറിച്ചാണ്. പ്രശ്നം നിങ്ങളുടെ സദാചാര ബോധത്തിനാണ്. ആ വ്യത്യാസം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളം എന്നും സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും എന്നും കുറിപ്പിലുണ്ട്.