റിയ ഷിബു
തൃശൂർ: കലോത്സവ വേദിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് തന്നെ തന്നെ വിശ്വാസമില്ലാത്തതിനാൽ നടന്നില്ലെന്ന് സർവം മായ സിനിമയിലൂടെ ജനപ്രിയയായ ഡെലുലു എന്ന റിയ ഷിബു. നിങ്ങൾ മത്സരങ്ങളിലെ ജയ പരാജയങ്ങൾ നോക്കേണ്ടതില്ലെന്നും നിങ്ങൾ ഇവിടെ എത്തിയപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു.
കാരണം നിങ്ങൾ നിങ്ങളുടെ കഴിവിനെ വിശ്വസിക്കുന്നുണ്ട്. അതാണ് എല്ലാ ബഹുമതിക്കും മുകളിൽ. കല ഹൃദയത്തിനുള്ളിൽ നിന്ന് വരുന്നതാണ്. അത് വികാരമാണെന്നും 64-മത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ റിയ പറഞ്ഞു.
''സർവം മായ’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറഞ്ഞ് എന്നെ പലരും കളിയാക്കിയിട്ടുണ്ട്. അന്ന് ഞാനത് വിശ്വസിച്ചിരുന്നെങ്കിൽ ഇന്നെനിക്ക് നിങ്ങളുടെ ഡെലുലു ആവാൻ കഴിയില്ലായിരുന്നു. തോൽവികൾ നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഹൃദയത്തിലുള്ളതാണ്. നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് കാണിച്ചുകൊടുക്കാൻ വേണ്ടിയാവണം കല അവതരിപ്പിക്കേണ്ടത്.'' റിയ പറഞ്ഞു.