സല്‍മാന്‍ ഖാന്‍
ന്യൂഡല്‍ഹി: ''കാല ഹിരണ്‍: ദി ബാറ്റില്‍ ഫോര്‍ ലീഗല്‍'' എന്ന സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് ഡല്‍ഹി ഹൈക്കോടതി. ജൂലൈ ആറിലേക്കാണ് മാറ്റിവച്ചത്. തന്റെ വിവാദമായ കൃഷ്ണമൃഗ വേട്ടയെ ആസ്പദമാക്കിയാണ് സിനിമയെന്ന് ആരോപിച്ചാണ് സല്‍മാന്‍ ഖാന്‍ കോടതിയെ സമീപിച്ചത്.
സിനിമയുടെ റിലീസ് തടയാന്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജൂലൈ ആറു വരെ സിനിമ സെന്‍സര്‍ ബോര്‍ഡിന് അയക്കില്ലെന്ന് നിര്‍മാതാക്കളുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് ജസ്റ്റിസ് ജ്യോതി സിങ് ഹര്‍ജി ജൂലൈ ആറിലേക്ക് മാറ്റിവച്ചത്.
കഴിഞ്ഞ മാസമാണ് സിനിമയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍ കോടതിയെ സമീപിച്ചത്. കൃഷ്ണമൃഗ വേട്ട കേസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമയെന്നും തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ വാദം. കൂടാതെ കൃഷ്ണമൃഗവേട്ട കേസ് വീണ്ടും വിവാദമാക്കാന്‍ നിര്‍മാതാക്കള്‍ മനപൂര്‍വം ശ്രമിക്കുന്നുവെന്നും തന്റെ സല്‍പേരും പ്രശസ്തിയും നഷ്ടപ്പെടുത്തി പൊതുജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നുവെന്നും സല്‍മാന്‍ ഖാന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മേയ് 29ന് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് ടീസര്‍ പുറത്തിറങ്ങിയത്.
1998ലാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ സിനിമാ ഷൂട്ടിങ്ങിനു എത്തിയവേളയില്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം വിശുദ്ധമായി കാണുന്നതാണ് കൃഷ്ണമൃഗം. സംഭവത്തിനു പിന്നാലെ ബിഷ്‌ണോയി സമൂഹം സല്‍മാന്‍ ഖാനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ഖാനെ അറസ്റ്റു ചെയ്തു. 2018 ഏപ്രില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. കൃഷ്ണമൃഗ വേട്ടയുടെ പേരിലാണ് ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.