സൂപ്പർഹിറ്റ് ചിത്രം ആറാം തമ്പുരാന്‍റെ ഷൂട്ടിങ്ങിനിടെ സംവിധായകൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് മർദിച്ചുവെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സ്വന്ത യൂട്യൂബ് ചാനലിലെ കണ്ടതും കേട്ടതും എന്ന പരിപാടിയിലൂടെയാണ് ആലപ്പി അഷ്റഫ് താൻ കൂടി സാക്ഷിയായ സംഭവം വെളിപ്പെടുത്തുന്നത്. ആറാം തമ്പുരാൻ ഷൂട്ടിങ്ങിനിടെ മദ്യലഹരിയിലായിരുന്നു രഞ്ജിത്തെന്നും ഒടുവിൽ പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞതിനെത്തുടർന്ന് അപ്രതീക്ഷിതമായി ചെകിട്ടത്തടിക്കുകയായിരുന്നുവെന്നുമാണ് വീഡിയോയിൽ ഉള്ളത്.
അടി കൊണ്ട ഒടുവിൽ താഴെ വീണു. ആ സമയത്ത് അവിടെയുണ്ടായിരുന്ന പലരും വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും രഞ്ജിത് അതൊന്നും കണക്കിലെടുത്തില്ല. നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നിരുന്ന ഒടുവിൽ വേദനിപ്പിക്കുന്ന ഓർമയാണെന്നും ആ സംഭവം അദ്ദേഹത്തെ മാനസികവും ശാരീരികവുമായി തളർത്തിയെന്നും അഷ്റഫ് പറയുന്നു.
എപ്പോഴും തമാശകൾ പറഞ്ഞ് ചിരിക്കുന്ന ഒടുവിൽ ആ സംഭവത്തോടെ മൗനത്തിലായെന്നും വീഡിയോയിലുണ്ട്. രഞ്ജിത്തിനെതിരേയുള്ള കടുത്ത വിമർശനത്തോടെയാണ് ആലപ്പി അഷ്റഫ് വീഡിയോ തുടങ്ങുന്നത്. ഹേമ കമ്മിഷൻ റിപ്പോർട്ടിനു ശേഷമുള്ള ലൈംഗിക അതിക്രമക്കേസു വരെയുള്ളവ അദ്ദേഹം പരാമർശിക്കുന്നുമുണ്ട്.