ഷൈൻ ടോം ചാക്കോയ്ക്കെതിരേ വിൻസി അലോഷ്യസ് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ, സൂത്രവാക്യം.
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത 'സൂത്രവാക്യം' ഒടിടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഓഗസ്റ്റ് 21 മുതൽ ലയൺസ്ഗേറ്റ് പ്ലേയിൽ ലഭ്യമാണ്. ഓഗസ്റ്റ് 27 ന് ആമസോൺ പ്രൈമിലും സ്ട്രീമിങ് ആരംഭിക്കും.
അതുല്യമായ കഥാതന്തുവും ശക്തമായ പ്രകടനവും കൊണ്ട് പ്രശംസ നേടിയ ത്രില്ലറാണ് സൂത്രവാക്യം. പ്രാദേശിക വിദ്യാർഥികൾക്ക് ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനായി സമയം ചെലവഴിക്കുന്ന ക്രിസ്റ്റോ സേവ്യർ എന്ന പൊലീസ് കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്.
രഹസ്യങ്ങളും ധാർമിക സങ്കീർണതകളും അനാവരണം ചെയ്യുന്ന ഒരു കേസ് അന്വേഷിക്കാൻ നിഗൂഢമായൊരു തിരോധാനം അദ്ദേഹത്തെ നിർബന്ധിതനാക്കുമ്പോൾ അദ്ദേഹത്തിന്‍റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുന്നു.
സിനിമാബണ്ടി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച ചിത്രം നിർമിച്ചത് കന്ദ്രഗുള ശ്രീകാന്താണ്. റെജിന്‍ എസ്. ബാബുവിന്‍റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ, നിതീഷ് എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു.