കേശവ് ബിനോയ് കിരൺ
കേശവ് ബിനോയ് കിരൺ Haley Nord/Shutterstock for Sundance
Entertainment

ആദ്യ സിനിമയുടെ ത്രില്ലിൽ മുംബൈ മലയാളി

ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ ഏറെക്കാലമായുള്ള സിനിമാ സ്വപ്നങ്ങൾ പൂവണിഞ്ഞതിന്‍റെ ത്രില്ലിലാണ് മുംബൈ മലയാളിയായ കേശവ്. അമ്മയും കൗമാരപ്രായക്കാരിയായ മകളും തമ്മിലുള്ള സങ്കീർണമായ ബന്ധം വിവരിക്കുന്ന, ഗേൾസ് വിൽ ബി ഗേൾസ് (Girls Will Be Girls)എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് നായക കഥാപാത്രമായി കേശവ് അഭിനയിച്ചത്. സണ്‍ഡാന്‍സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ ഗേൾസ് വിൽ ബി ഗേൾസ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

കേശവ് ബിനോയ് കിരൺ

ഹണി വി. ജി.

സിനിമയെന്ന സ്വപ്നം യാഥാർഥ്യമായപ്പോൾ അതിൽ അന്താരാഷ്ട്ര പുരസ്കാരത്തിന്‍റെ പൊൻ തൂവൽ കൂടി പതിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കേശവ് ബിനോയ് കിരൺ. ആദ്യ ഓഡിഷനിൽ തന്നെ സിനിമയിലേക്കുള്ള പ്രവേശനം, ആദ്യ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം... അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ ഏറെക്കാലമായുള്ള സിനിമാ സ്വപ്നങ്ങൾ പൂവണിഞ്ഞതിന്‍റെ ത്രില്ലിലാണ് മുംബൈ മലയാളിയായ കേശവ്.

അമ്മയും കൗമാരപ്രായക്കാരിയായ മകളും തമ്മിലുള്ള സങ്കീർണമായ ബന്ധം വിവരിക്കുന്ന, ഗേൾസ് വിൽ ബി ഗേൾസ് (Girls Will Be Girls)എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് നായക കഥാപാത്രമായി കേശവ് അഭിനയിച്ചത്. സണ്‍ഡാന്‍സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ ഗേൾസ് വിൽ ബി ഗേൾസ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമയെന്ന തന്‍റെ സ്വപ്നത്തിനും ആഗ്രഹങ്ങൾക്കുമൊപ്പം നിന്ന മാതാപിതാക്കൾക്ക് നന്ദി പറഞ്ഞാണ് കേശവ് മെട്രൊ വാർത്തയോട് സാംസാരിച്ചു തുടങ്ങിയത്.

കൗമാര പ്രായത്തിലുള്ള മകളും അമ്മയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. എന്നാൽ കേശവിന്‍റെ ശ്രീ എന്ന കഥാപാത്രത്തിന്‍റെ വരവോട് കൂടി അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ നല്ലൊരു സന്ദേശം ഉണ്ടെന്നും കേശവ് പറയുന്നു. കഥ കേട്ടപ്പോൾത്തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും കേശവ്.

കേശവ് ബിനോയ് കിരൺ സഹതാരങ്ങൾക്കൊപ്പം

ജനിച്ചത് കേരളത്തിലാണെങ്കിലും കേശവ് വളർന്നതും പഠിച്ചതുമെല്ലാം മലേഷ്യയിലും മുംബൈയിലുമായിരുന്നു. ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ന്യൂ ബിസിനസ് വെഞ്ചേഴ്‌സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റായി ഇപ്പോൾ പദവി വഹിക്കുന്ന ബിനോയ് ആണ് കേശവിന്‍റെ അച്ഛൻ. അമ്മ കവിത ബിനോയ് ഇന്‍റീരിയർ ഡിസൈനറാണ്.

ശുചി തലതിയാണ് സംവിധായക. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ റിച്ച ചദ്ദയും,അലി ഫസലും ആണ്. ഛായാഗ്രഹണം ജിഹ്-ഇ-പെങ് . പ്രീതി പാനിഗ്രഹിയും കനി കുസൃതിയും, ജിതിൻ ഗുലാത്തിയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കേശവ് ബിനോയ് കിരൺ സിനിമാ ടീമിനൊപ്പം

ഗേൾസ് വിൽ ബി ഗേൾസ് എന്ന സിനിമയിലെ കഥാപാത്രത്തെ എങ്ങനെ നോക്കി കാണുന്നു ?

നായികയ്ക്ക് ആണ് കൂടുതൽ പ്രാധാന്യമെങ്കിലും കുടുംബ ബന്ധത്തിന്‍റെ മനസിൽ തട്ടുന്ന കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കൗമാരപ്രായത്തിൽ ഞാൻ എന്നെ പറ്റി ഒന്നും ആലോചിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ ഈ സിനിമയിലൂടെ തിരിഞ്ഞു നോക്കാൻ ഒരവസരം കിട്ടി. അടുത്തിടപഴകുന്ന സീൻ ഉള്ളത് കൊണ്ട് ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ മറ്റെല്ലാവരും പിന്തുണച്ചിരുന്നു. നല്ല കംഫർട്ടബിൾ ആയിരുന്നു ടീം.

ചിത്രത്തിൽ അഭിനയിച്ചതിന്‍റെ വിശേഷങ്ങൾ പങ്ക് വെക്കുമോ?

മികച്ച ഒരു ടീമിന്‍റെ കൂടെ വർക് ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. യു എസിൽ ഫെസ്റ്റിവൽ സമയത്തും എല്ലാവരും ഒരുമിച്ചാണ് താമസിച്ചത്. സംവിധായക ശുചി തലതി അടക്കമുള്ളവർ വലിയ പിന്തുണയാണ് ഞങ്ങൾക്ക് നൽകിയിരുന്നത്.

ആദ്യ സിനിമ തന്നെ ഫെസ്റ്റിവലിലൊക്കെ വന്നപ്പോൾ എന്ത് തോന്നി ?

ഒരു നല്ല ഫിലിം ആണെന്ന് ആദ്യമേ തോന്നിയിരുന്നു.പക്ഷേ ജനുവരി 20 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോൾ അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമായി മാറി .വലിയ വലിയ ഒരുപാട് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കാണാനും കഴിഞ്ഞു.

കുട്ടിക്കാലം മുതലേ സിനിമയായിരുന്നു പാഷൻ എന്ന് കേട്ടിട്ടുണ്ട്, എങ്ങനെ ആയിരുന്നു വീട്ടിൽ നിന്നുള്ള സപ്പോർട്ട്?

കേശവ് ബിനോയ് കിരൺ സഹ താരങ്ങൾക്കൊപ്പം

സിനിമ എന്നത് കുട്ടികാലം മുതൽ ആവേശം ആയിരുന്നു. പക്ഷേ ആദ്യം പറയാൻ ഒരു മടിയായിരുന്നു. പിന്നെ അച്ഛനുമമ്മയും അത് തിരിച്ചറിഞ്ഞു. സിനിമയുടെ ഷൂട്ടിങ് സമയത്ത് എഞ്ചിനീയറിങ് ഫൈനൽ എക്സാം ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കോളേജ് ഭയങ്കര സപ്പോർട്ട് ആയിരുന്നു. അത്കൊണ്ട് തന്നെ ആത്മവിശ്വാസം ഇരട്ടി ആയി.പിന്നീട് സിനിമ തന്നെ കരിയർ ആയി എടുത്തു കൊള്ളാനും അവർ പറഞ്ഞു.

അഭിനയ രംഗത്ത് ആരെയെങ്കിലും റോൾ മോഡൽ ആയി കണ്ടിട്ടുണ്ടോ?

ഷാരുഖ് ഖാൻ, മോഹൻലാൽ, മമ്മൂട്ടി ഇവരൊക്കെ എന്നും ഒരു ഹരമായിരുന്നു. അധിക സമയവും ഷാരുഖ് ഖാന്‍റെ പടങ്ങളാണ് പണ്ട് കണ്ടിരുന്നത്.

ആദ്യ സിനിമയിൽ തന്നെ നല്ലൊരു റോൾ ലഭിച്ചതിന്‍റെ ത്രിൽ ഇൽ ആണ് എന്നറിയാം ഇനി എന്താണ് ആഗ്രഹം കേശവിന്?

ആദ്യത്തെ സിനിമയിൽ നിന്ന് കുറെ പഠിക്കാൻ കഴിഞ്ഞു .വ്യത്യസ്ത രീതിയിൽ അഭിനയിക്കാനും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഇനിയും ഒരുപാട് പഠിക്കാനും ആഗ്രഹമുണ്ട്.

കേശവ് ബിനോയ് കിരൺ

പുതിയ ഏതെങ്കിലും പ്രൊജക്റ്റ്‌?

പുതിയ പ്രൊജക്റ്റ്‌ മായി ചില ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്, അധികം താമസിയാതെ അതിന്‍റെ വിവരങ്ങൾ അറിയുന്നതായിരിക്കും.

നല്ലൊരു ഡ്രാമ ആർട്ടിസ്റ്റ് കൂടിയാണല്ലോ കേശവ്,മുംബൈ മലയാളി സമാജം/ സംഘടനകളുടെ നേതൃത്വത്തിൽ നാടകങ്ങൾ നഗരത്തിൽ അരങ്ങേറുന്നുണ്ട് , ഇതിന്‍റെ ഒക്കെ ഭാഗമാകാൻ ശ്രമിച്ചിട്ടുണ്ടോ ?

മലയാളി സമാജങ്ങളുമായിബന്ധപെട്ടു പ്രവർത്തിക്കാൻ താല്പര്യം ഉണ്ട്. അവസരം കിട്ടിയാൽ തീർച്ചയായും പോകും.

ഗേൾസ് വിൽ ബി ഗേൾസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ശേഷം ഉണ്ടായ അനുഭവം?

യു എസിൽ ഫിലിം പ്രദർശനത്തിന്‍റെ അടുത്ത ദിവസം ബസിൽ ഞങ്ങൾ എല്ലാവരും കൂടി യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് ഒരാൾ വന്ന് അഭിനന്ദിച്ചത് വേറിട്ടൊരു അനുഭവം ആയിരുന്നു. പിന്നീട് പ്രദർശനത്തിൽ വേറെ ഒരു ചിത്രം കാണാൻ പോയപ്പോഴും കുറെ പേർ ഓടി വന്ന് അഭിനന്ദിച്ചു. നല്ല സന്ദേശം നൽകുന്ന സിനിമ ചെയ്തതിൽ വളരെ സന്തോഷമുണ്ടെന്നും ഇന്ത്യയിൽ ഇത്തരം സിനിമകൾ ഒക്കെ നിർമ്മിക്കുന്ന കാര്യം അവർക്ക് അറിയില്ലെന്നും പറഞ്ഞു.

മുംബൈ പോലുള്ള നഗരത്തിൽ നൂറുകണക്കിന് പേരാണ് പ്രത്യേകിച്ചും യുവ തലമുറ ഒരു റോൾ കിട്ടാനായി രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നും വരുന്നത്, അവരോട് കേശവിന് പറയാനുള്ളത്?

ജീവിതത്തിൽ എന്തെങ്കിലും ആവണമെങ്കിൽ നന്നായി കഠിനധ്വാനം ചെയ്യേണ്ടി വരും. പിന്നെ ആത്മവിശ്വാസം ആണ് വേണ്ടത്. എന്നെ അത്ഭുതപെടുത്തിയ വേറൊരു കാര്യം അതില്ലാത്ത കുറേ പേരെ കാണാൻ ഇടയായി എന്നതാണ്. എന്നാൽ അവരൊക്കെ ഭയങ്കര കഴിവുള്ളവരുമാണ് എന്നതാണ്.

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന