ശ്രീജ രവി
ഡബ്ബിങ് ലോകത്ത് 52 വർഷം പൂർത്തിയാക്കിയ ശ്രീജ രവി, മൈക്കിന്‍റെ ഇരുളിൽ നിന്ന് ക്യാമറയുടെ വെളിച്ചത്തിലേക്ക് എത്തിയ തന്‍റെ യാത്രയെക്കുറിച്ച് തുറന്നുപറയുന്നു. നൂറുകണക്കിന് നായികമാർക്ക് ശബ്ദം നൽകിയ അനുഭവങ്ങളും, ലൂപ്പ് സിസ്റ്റം കാലത്തെ ഡബ്ബിങ് കുടുംബസൗഹൃദവും, ഇന്നത്തെ സാങ്കേതിക മാറ്റങ്ങളും, മോഹിനിയാട്ടിലെ രുക്മിണിയമ്മയായി ലഭിച്ച അംഗീകാരവും അവർ അനുസ്മരിക്കുന്നു.
പി.ജി.എസ്. സൂരജ്
കാണാമറയത്തിരുന്ന് ശബ്ദം കൊണ്ടുമാത്രം മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും പ്രണയിക്കാൻ പഠിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ശ്രീജ രവി. 'പൂക്കാലം വരവായി' എന്ന സിനിമയിൽ തുടങ്ങി 'അനിയത്തിപ്രാവി'ലൂടെയും 'നിറ'ത്തിലൂടെയും നാം നെഞ്ചിലേറ്റിയ ആ ശബ്ദമാധുര്യം ഡബ്ബിങ് മേഖലയിൽ 52 വർഷം പൂർത്തിയാക്കുകയാണ്. എന്നാൽ, മൈക്കിനു മുന്നിലെ ഇരുളിൽ നിന്ന് ക്യാമറയ്ക്കു മുന്നിലെ വെളിച്ചത്തിലേക്ക് അവർ നടന്നു കയറിയത് അനായാസമായിരുന്നില്ല; ജീവിതം തീർത്ത പ്രതിസന്ധികളെ നെഞ്ചുറപ്പോടെ നേരിട്ട പോരാട്ടമായിരുന്നു അത്. വെറുമൊരു ശബ്ദമായി ഒതുങ്ങാതെ, സ്ക്രീനിൽ മികച്ചൊരു അഭിനേത്രി കൂടിയായി സ്വയം അടയാളപ്പെടുത്തുന്ന ശ്രീജ രവി ഇന്ന് പ്രേക്ഷകർക്ക് വലിയൊരു വിസ്മയമാണ്. 'മോഹിനിയാട്ട'ത്തിലെ രുഗ്മിണിയമ്മയായി കൈയടി നേടുമ്പോൾ, അരനൂറ്റാണ്ട് പിന്നിട്ട കലാജീവിതത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ശ്രീജ മനസ് തുറക്കുന്നു.
കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം: രുക്മിണിയമ്മയുടെ പിറവി
പുതിയ സിനിമയായ മോഹിനിയാട്ടത്തിലേക്ക് എത്തിയതൊരു വലിയ ഭാഗ്യമായാണ് കാണുന്നത്. മോഹിനിയാട്ടം യഥാർഥത്തിൽ ഒരു ഡാർക്ക് ഹ്യൂമർ സിനിമയാണ്. ആദ്യ ചിത്രമായ ഭരതനാട്യം ഒരു ഫാമിലി തീം ആയിട്ടുള്ള സിനിമയെന്ന നിലയിലാണ് ഒരുക്കിയത്. ഈ ചിത്രത്തിലെ രുക്മിണിയമ്മയായി വേറെയാരെയോ ആണ് ഡയറക്റ്റർ ആദ്യം കണ്ടുവച്ചിരുന്നത്. നടൻ നന്ദു പൊതുവാൾ, നടി കലാരഞ്ജിനി എന്നിവരെ മാത്രമാണ് എഴുത്ത് സമയത്ത് തന്നെ മനസിൽ ഉറപ്പിച്ചിരുന്നത്. രുക്മിണിയമ്മയാകാൻ പറ്റിയ ആളെ നോക്കി നോക്കിയാണ് ഒടുവിൽ സംവിധായകൻ എന്നിലേക്കെത്തിയത്. ഒരു പാവം പിടിച്ച, നന്മയുള്ള, തികച്ചും സാധാരണക്കാരിയായ സ്ത്രീ, അതായിരുന്നു രുക്മിണിയമ്മ. അങ്ങനെയൊരു സോഫ്റ്റ് നേച്ചർ കഥാപാത്രം ചെയ്യാൻ എനിക്കും ഏറെ ഇഷ്ടമായിരുന്നു. സംവിധായകന്‍റെ ഗൈഡൻസും കോ-ഡയറക്റ്ററുടെ സപ്പോർട്ടും കൂടിയായപ്പോൾ കഥാപാത്രത്തെ നന്നാക്കാനായി.
കുട്ടിക്കാലത്ത് ഞാൻ ഡബ്ബിങ്ങിന് പോകുന്ന സമയം മുതലേ എന്‍റെ അമ്മയും കലാരഞ്ജിനി ചേച്ചിയുടെ അമ്മയും നല്ല കൂട്ടുകാരായിരുന്നു. ചെറുപ്പം തൊട്ട് ആ മൂന്ന് മക്കളെയും എനിക്കറിയാം. അന്നേ ഞങ്ങൾ പരിചിതരായിരുന്നുവെങ്കിലും ഭരതനാട്യത്തിന്‍റെ സെറ്റിൽ വച്ചാണ് കൂടുതൽ അടുത്തത്. സ്റ്റാർഡമുള്ള വലിയൊരു കുടുംബത്തിൽ നിന്നുള്ള നടിയാണ് കല ചേച്ചി. ആ ചിരിയും ഐശ്വര്യമുള്ള മുഖവും കാണുമ്പോൾ തന്നെ നമുക്കൊരു പോസിറ്റിവ് ഫീൽ കിട്ടും. വളരെ ബ്രില്യന്‍റായ നടിയാണവർ. ഷൂട്ടിനിടയിൽ ബ്രേക്ക് കിട്ടുമ്പോൾ കാരവാനിൽ പോയിരിക്കാതെ ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ചിരിക്കുമായിരുന്നു.
ഭരതനാട്യം തിയേറ്ററിൽ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒടിടിയിലാണ് സിനിമ ശരിക്കും ഹിറ്റായത്. ഭരതൻ നായർ മരിച്ചതുകൊണ്ട് കഥ നിന്നുപോയല്ലോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നീടാണ് രുക്മിണിയമ്മ തലശ്ശേരിയിലേക്ക് മടങ്ങുന്നതും ബാക്കി കഥാസന്ദർഭങ്ങള്‍ വികസിപ്പിക്കുന്നതും. പരസ്പരം പിന്തുണച്ചുള്ള ഒരു നല്ല യാത്ര കൂടിയായിരുന്നു ഭരതനാട്യവും മോഹിനിയാട്ടവും.
ഡബ്ബിങ് സ്റ്റുഡിയോയുടെ നിഴലുകളിൽ നിന്ന് ക്യാമറയുടെ വെളിച്ചത്തിലേക്ക്
ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി നല്ലൊരു അഭിനേത്രി കൂടിയാണെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. 52 വർഷം കഴിഞ്ഞു ഈ മേഖലയിൽ എത്തിയിട്ട്. ഡബ്ബിങ് ആർട്ടിസ്റ്റെന്നു പറഞ്ഞാൽ വെളിച്ചമില്ലാത്ത ഒരു മുറിയിൽ മൈക്കിന്‍റെ മുന്നിൽ നിന്ന് അഭിനയിച്ചു തന്നെയാണ് കഥാപാത്രത്തിന്‍റെ ശബ്ദത്തിലേക്കെത്തുന്നത്. സീനിയേഴ്സിനെയൊക്കെ കണ്ടു പഠിച്ചതു കൊണ്ടാണ് ഇത്രയും സിനിമകളിൽ ഡബ്ബ് ചെയ്യാനും കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനും എനിക്കായത്.
ഓരോ ആർട്ടിസ്റ്റിന്‍റെയും ടൈമിങ്, മോഡുലേഷൻ, എക്സ്പ്രഷൻ എന്നിവയൊക്കെ മനസിലാക്കി ഡബ്ബ് ചെയ്യുന്നതാണ് വലിയ വെല്ലുവിളി. ഓരോ കഥാപാത്രവും ഓരോ പുതിയ പാഠമാണ്. മറ്റ് ഭാഷകളിൽ നിന്നുള്ള നായികമാർ ചുരുക്കേണ്ടിടത്ത് വലിച്ചും, വലിക്കേണ്ടിടത്ത് ചുരുക്കിയുമൊക്കെ ഡയലോഗ് പറയും. അതൊക്കെ ശരിയാക്കി കൊണ്ടുവരുക എന്നത് വലിയ ടാസ്കാണ്. എന്നാൽ, ഒരു അഭിനേത്രി എന്ന ലേബലിലേക്ക് എത്തുമ്പോൾ, വെളിച്ചത്ത് ആൾക്കാരുടെ ഇടയിൽ നിന്നുള്ള അഭിനയമല്ലേ, ആ ഒരു ബോധം എപ്പോഴുമുണ്ടാകും. കോംബിനേഷൻ ആർട്ടിസ്റ്റുകളുമായി അഭിനയിക്കുമ്പോൾ റിയാക്ഷനുകൾ ഒക്കെ ഓട്ടോമാറ്റിക്കായി വരും, അതൊരു സന്തോഷമാണ്.
ഇരുന്നൂറോളം നായികമാർക്ക് ജീവൻ നൽകിയ നാൾവഴികൾ
ഇതുവരെ ഇരുനൂറോളം നായികമാർക്ക് ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്. നായികമാർ വളരെ നന്നായി ചെയ്തുവയ്ക്കുന്ന കാര്യങ്ങൾ, അതനുസരിച്ച് ജെൽ ചെയ്ത് കൊണ്ടുവരാൻ നല്ല പരിശ്രമം വേണം. ചില നായികമാരെക്കൊണ്ട് സംവിധായകർ ഡബ്ബ് ചെയ്യിക്കാത്തത് ചിലപ്പോൾ സമയക്കുറവ് കൊണ്ടോ, അല്ലെങ്കിൽ ഉദ്ദേശിക്കുന്നതു പോലെ അവരുടെ ശബ്ദം കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കില്ല എന്നതുകൊണ്ടോ ആകാം. ഡയറക്റ്റർ പ്രതീക്ഷിക്കുന്ന റിസൽറ്റ് കിട്ടാത്തതുകൊണ്ടാണ് ഡബ്ബിങ് ആർട്ടിസ്റ്റുകളെ തേടുന്നത്.
കാലം ഇത്ര കഴിഞ്ഞിട്ടും എന്‍റെ ശബ്ദത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ബേബി ശ്യാമിലിക്ക് ഇപ്പോഴും ഡബ്ബ് ചെയ്യാൻ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. പ്രായം മാറുന്നതിനനുസരിച്ച് എല്ലാവർക്കും മാറ്റങ്ങൾ വരും, എനിക്കും വന്നിട്ടുണ്ട്. 16 വയസുള്ള കുട്ടിക്കും 40 വയസുള്ളവർക്കും ഞാൻ ഡബ്ബ് ചെയ്യും. ശബ്ദം സംരക്ഷിക്കാൻ ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അതൊക്കെ ദൈവാനുഗ്രഹമാണ്. ഒരേ നടിക്കു തന്നെ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുമ്പോൾ കഥാപാത്രത്തിന്‍റെ സ്വഭാവം നോക്കും. ചന്ദ്രനുദിക്കുന്ന ദിക്കിലും മീശമാധവനിലും കാവ്യ മാധവനായിരുന്നു നായിക. എന്നാൽ, മീശമാധവനിലെത്തുമ്പോൾ കഥാപാത്രത്തിന്‍റെ ബോഡി ലാംഗ്വേജ്, സ്മാർട്ട്നസ്, എനർജിയൊക്കെ കൂട്ടും. റോമയ്ക്കും ശാലിനിക്കും ഒക്കെ ചെയ്യുമ്പോൾ വല്ലാത്തൊരു സ്പീഡ് ആയിരിക്കും.
ലൂപ്പ് സിസ്റ്റവും പഴയ ഡബ്ബിങ് കുടുംബവും
പണ്ട് ലൂപ്പ് സിസ്റ്റമായിരുന്നു. മിനിമം മൂന്ന് മൈക്കുകൾ കാണും. നമ്മൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾ എല്ലാവരും കൂടി തിയേറ്ററിലോട്ട് പോകും. നീളമനുസരിച്ച് നിർത്തും. നീളം കുറഞ്ഞവരെ ചിലപ്പോൾ സ്റ്റൂളിൽ കയറ്റി നിർത്തും. ഓരോരുത്തർ മൈക്കിനു മുന്നിൽ വന്ന് ഡയലോഗ് പറഞ്ഞ് മാറും, ഉടനെ അടുത്തയാൾ വരും. സീനിൽ എത്ര പേരുണ്ടോ അതനുസരിച്ചായിരിക്കും മൈക്കിനു മുന്നിലെ നിൽപ്പ്. ഇമ്മീഡിയറ്റ് റിയാക്ഷൻ അവിടെ കാണാം. അതിന്‍റെ എഫക്റ്റ് വളരെ വലുതാണ്. വലിയ സ്ക്രീനിലാണ് അന്ന് കാണുന്നത്.
എത്ര വലിയ ഡയലോഗാണെങ്കിലും അന്നു കാണാപ്പാഠം പഠിക്കണം. ആരെങ്കിലും ഒരാൾ തെറ്റിച്ചാൽ വീണ്ടും മൊത്തത്തിൽ ആവർത്തിക്കണം. ചിലപ്പോൾ 10 മുതൽ 12 ടേക്ക് വരെ പോകും. ഭയങ്കര ക്ഷമ വേണം അതിന്. അന്നത്തെ ഡബ്ബിങ് ടീം ഒരു കുടുംബം പോലെയായിരുന്നു. എന്നാൽ, ഇന്ന് സാങ്കേതികമായി എല്ലാം ഒരുപാട് അഡ്വാൻസ്ഡ് ആയി. ഓരോരുത്തർക്കും തനിച്ചു വന്ന് ട്രാക്ക് പറഞ്ഞിട്ട് പോകാം. കൗണ്ടർ ട്രാക്ക് കേട്ടിട്ട് അവർ പറയുന്നുവെന്ന് ഭാവിച്ച് വേണം നമ്മൾ പറയാൻ. പഴയതുപോലെ കുടുംബം പോലെ ഇടപഴകാൻ ഇന്ന് കഴിയില്ലെങ്കിലും, ആവശ്യമുള്ളത് മാത്രം പഞ്ച് ചെയ്ത് എടുക്കാമെന്നത് വലിയൊരു ഗുണമാണ്.
റേപ്പ് സീനുകളും അടഞ്ഞുപോയ ശബ്ദവും
നായികമാർക്കൊക്കെ ഡബ്ബ് ചെയ്യുമ്പോൾ പല പല വികാരങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. നിറം, ലോലിപോപ്പ്, ചോക്ലേറ്റ്, അനിയത്തിപ്രാവ് തുടങ്ങി കഥാപാത്രത്തിന്‍റെ വലുപ്പത്തിനനുസരിച്ച് നമ്മളും ആ വികാരങ്ങളിലൂടെ സഞ്ചരിക്കും. പണ്ടത്തെ സിനിമകളിൽ റേപ്പ് സീനുകൾ കാണും. അതിന് നിലവിളിച്ച് കരഞ്ഞ് ബഹളവുമായി ഓടേണ്ടിവരുമ്പോൾ ശ്വാസം കളയേണ്ടി വരും. പലപ്പോഴും എനിക്ക് കണ്ണിരുണ്ട് പോയിട്ടുണ്ട്. ബിപി കുറയുന്ന അവസ്ഥ വന്നിട്ടുണ്ട്. നേതാജി എന്ന തമിഴ് സിനിമയ്ക്ക് ഡബ്ബ് ചെയ്യുമ്പോൾ നായികയെ മരത്തിൽ കെട്ടി മുതലമടയ്ക്ക് മുകളിൽ തൂക്കുന്ന സീനുണ്ട്. അവിടെ പേടിച്ച് കരഞ്ഞ് തൊണ്ടയിൽ നിന്ന് ചോര പൊടിഞ്ഞിട്ടുണ്ട്. അനിയത്തിപ്രാവിന്‍റെ അവസാന സീനുകൾ കണ്ടിട്ട് ഡബ്ബ് ചെയ്യാൻ പറ്റാതെ കരഞ്ഞിട്ട് പിന്നീട് പോയി ചെയ്തിട്ടുണ്ട്.
നഷ്ടമായ സിനിമകൾ
ശബ്ദമാണല്ലോ നമ്മുടെ സമ്പാദ്യം. അത് നഷ്ടപ്പെട്ടത് കാരണം എനിക്ക് വളരെ പ്രിയപ്പെട്ട രണ്ട് സിനിമകൾ നഷ്ടമായിട്ടുണ്ട്. എന്‍റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിൽ പനി കാരണം ശബ്ദം ശരിയാകാതെ വന്നപ്പോൾ വേറെ ആളെ വയ്ക്കേണ്ടി വന്നു. അതുപോലെ, കളിയൂഞ്ഞാലിൽ ശാലിനിക്ക് ശബ്ദം നൽകുന്നതിനിടയിൽ എലിപ്പനി വന്ന് ശബ്ദം അടഞ്ഞുപോയി. അതൊക്കെ വലിയ വിഷമം നൽകുന്ന ഓർമകളാണ്. ചില ചിത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ ഇതിലും നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ട്. തന്മാത്രയിലെ ക്ലൈമാക്സ് രംഗം അത്തരത്തിലൊന്നാണ്.
വേദനകളിൽ നിന്നുള്ള വളർച്ച
ശ്രീജ രവിയും മകൾ രവീണയും.
ആദ്യകാലത്ത് ഡബ്ബിങ്ങിന് കാര്യമായ പ്രതിഫലമൊന്നും ഉണ്ടായിരുന്നില്ല. അമ്മ കണ്ണൂർ നാരായണിയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നതിനാൽ എന്‍റെ മക്കൾക്ക് അവസരം നൽകണേ എന്ന് ചോദിച്ച് വാങ്ങുകയായിരുന്നു. ഇരുപതോ നൂറോ രൂപ കിട്ടിയാൽ വലിയ കാര്യമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയ്ക്ക് ലഭിച്ച 3000 രൂപയാണ് വലിയൊരു മാറ്റമായത്. ആ തുകകൊണ്ടാണ് വീട്ടിലൊരു ഫോൺ കണക്ഷൻ എടുത്തത്. ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നു. മലയാളത്തിലും തമിഴിലുമൊക്കെ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. മൂന്നാമത്തെ തലമുറയായി എന്‍റെ മകൾ രവീണ രവിയും ഇപ്പോൾ ഈ മേഖലയിലുണ്ട്. ഒന്നേമുക്കാൽ വയസ്സിലാണ് അവൾ മൈക്കിനു മുന്നിലെത്തുന്നത്. അവൾ ഇപ്പോൾ നായികമാർക്ക് ശബ്ദം നൽകുകയും, തമിഴിലും മലയാളത്തിലുമൊക്കെ മികച്ച വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്യുന്നു എന്നത് വലിയ അഭിമാനമാണ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒരുപാട് പേരുടെ വയറ്റത്തടിക്കുമോ എന്ന ഭയം ഇപ്പോഴുണ്ട്. ഡബ്ബിങ്ങിനെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളെ അത് ബാധിക്കാതിരിക്കട്ടെ. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് എന്‍റെ കുട്ടിക്കാലം കടന്നുപോയത്. കുടുംബം മുഴുവൻ നാടകത്തിൽ അഭിനയിക്കുമായിരുന്നു അന്നത്തെ അതിജീവനത്തിനായി. കഷ്ടപ്പാട് മാത്രമായിരിക്കില്ല, നല്ലകാലം വരുമെന്ന് ഞാൻ ജീവിതത്തിൽ നിന്ന് പഠിച്ചു. ആത്മാർഥമായി ജോലി ചെയ്ത് മുന്നോട്ടു പോകുക. എനിക്ക് എല്ലാ പിന്തുണയും നൽകിയത് ഭർത്താവ് രവിയേട്ടനാണ്. 2021 ലെ കോവിഡ് കാലത്താണ് രവിയേട്ടന്‍ ഞങ്ങളെ വിട്ടു പോയത്. നാല് കേരള സംസ്ഥാന അവാർഡുകളും, തമിഴ്നാട് സംസ്ഥാന അവാർഡും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവരോടും എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.
ശ്രീജ രവിയും ഭർത്താവ് രവിയും.