കൊച്ചി: മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങളിൽ സുരേഷ് കുമാർ അടക്കമുള്ള നിർമാതാക്കളെ പിന്തുണച്ച് മുതിർന്ന നിർമാതാവും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല, രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമാതാവ് എന്ന നിലയിലാണ് താൻ പ്രതികരിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
""ഏതു തൊഴിൽ മേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന താരം മുതലാളിയുമാണ്.
കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. പടത്തിലെ നായികയെയും സാങ്കേതിക വിദഗ്ധരേയും തീരുമാനിക്കുന്നതു പോലും താരത്തിന്‍റെ ഇഷ്ടം നോക്കിയായിരിക്കണം.
അഭിനേതാക്കൾ സ്വന്തമായി പടം എടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമാണ രംഗത്തു വരണം. എങ്കിൽ മാത്രമേ നിർമാതാവിന്റെ അവസ്ഥ അവർ മനസിലാക്കൂ''- ശ്രീകുമാരൻ തമ്പി പറഞ്ഞു.