മുഹമ്മദ് റഫി സ്മരണയിൽ കോട്ടയത്ത് 'സുഹാനി രാത്'
കോട്ടയം: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 45ാം ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്‌കാരിക വിഭാഗം കൾച്ചറൽ സൊസൈറ്റി ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് 5ന് കെ.പി.എസ്. മേനോൻ ഹാളിൽ വച്ച് മുഹമ്മദ് റഫിയുടെ ഗാനങ്ങൾ കോർത്തിണക്കി 'സുഹാനി രാത്' ഗാനസന്ധ്യ അവതരിപ്പിക്കുന്നു. ലൈബ്രറി പ്രസിഡന്‍റ് എബ്രഹാം ഇട്ടിച്ചെറിയയുടെ അധ്യക്ഷതയിൽ ചേരുന്ന പരിപാടി സംഗീത ഗവേഷകൻ രവി മേനോൻ ഉദ്ഘാടനം ചെയ്യും.
സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, സിനിമ നടനും നിർമാതാവുമായ പ്രേം പ്രകാശ്, പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും വയലിനിസ്റ്റുമായ ഡോ. വി.എൽ. ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കും.
പ്രൊഫഷണൽ ഗായകരായ പ്രകാശ് കെ. ബാബു, അഷിത, ബഷീർ ആലപ്പി, ജോയ് ഐപ്പ്, അശോക് കുമാർ എന്നിവർ ലൈവ് ഓർക്കസ്ട്രയിൽ ഗാനങ്ങൾ ആലപിക്കും.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ അഡ്വ. വി.ബി. ബിനു (ജനറൽ കൺവീനർ, കെപിഎൽ കൾചറൽ സൊസൈറ്റി), പ്രേം പ്രകാശ്, ഡോ. വി.എൽ. ജയപ്രകാശ്, ഷാജി വേങ്കടത്ത്, കെ.സി. വിജയകുമാർ, വി. ജയകുമാർ എന്നിവർ പറഞ്ഞു.