തത്ത്വമസി 
Entertainment

ഷൂട്ടിങ് മുതൽ റിലീസ് വരെ വെറും 13 മണിക്കൂർ; റെക്കോഡുകൾ വാരിക്കൂട്ടി 'തത്ത്വമസി'| Video

മൈ ഒടിടിയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. യുട്യൂബിലൂടെ ഇതിനിടെ ആയിരക്കണക്കിന് പേർ സിനിമ കണ്ടു കഴിഞ്ഞു.

ഒരു സിനിമ ചിത്രീകരിച്ച് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം പൂർത്തിയാക്കി ഒടിടിയിൽ റിലീസ് ചെയ്യാൻ എത്ര സമയം വേണ്ടി വരും... കുറച്ചു മണിക്കൂറുകൾ മതിയാകുമെന്ന് 'തത്ത്വമസി'യുടെ അണിയറപ്രവർത്തകർ പറയും. പറയുക മാത്രമല്ല വെറും പതിമൂന്നു മണിക്കൂറുകൾ കൊണ്ട് തത്ത്വമസി എന്ന മുഴുനീള മലയാള സിനിമ ചിത്രീകരിച്ച് ഒടിടിയിലൂടെ റിലീസ് ചെയ്ത് റെക്കോഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് എൻ.ബി. രഘുനാഥ് എന്ന സംവിധായകൻ.

രാവിലെ 10 മണി മുതൽ വൈകിട്ട് 11.40 വരെയാണ് തത്ത്വമസി ചിത്രീകരിച്ച് എഡിറ്റിങ്ങും, ഓഡിയോ കറക്ഷനും കളർ കറക്ഷനും പൂർത്തിയാക്കി ഒടിടിയുടെ ക്ലിയറൻ‌സും നേടി റിലീസ് ചെയ്യാനായി സംവിധായകൻ എടുത്ത സമയം. വേഗം കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചതിനൊപ്പം യുആർഎഫ് വേൾഡ് റെക്കോഡ്, വേൾഡ് ഗ്രേറ്റസ് റെക്കോർഡ് എന്നിവയും 'തത്ത്വമസി' സ്വന്തമാക്കി. മൈ ഒടിടിയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. യുട്യൂബിലൂടെ ഇതിനിടെ ആയിരക്കണക്കിന് പേർ സിനിമ കണ്ടു കഴിഞ്ഞു. എൻ.ബി. രഘുനാഥ് തന്നെയാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

തത്ത്വമസി സിനിമയിൽ നിന്ന്

കോടതിമുറിക്കുള്ളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഒരു ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിനെത്തുടർന്നുണ്ടാകുന്ന വിവാദങ്ങളും മറ്റു കോടതി നടപടികളുമാണ് ചിത്രത്തിലുള്ളത്. കണ്ടുപരിചിതമായ പതിവ് കോടതി രംഗങ്ങളിൽ നിന്നും വിഭിന്നമാണ് 'തത്ത്വമസി'യിലെ കോടതി രംഗങ്ങൾ. പലപ്പോഴും സിനിമയ്ക്കുവേണ്ടി വികൃതമാക്കപ്പെട്ട കോടതിയിലെ വാദപ്രതിവാദങ്ങൾ ഒട്ടും തനിമ നഷ്ടപ്പെടാതെ കോടതിയുടെ സിനിമ അവതരണത്തിന് ഒരു പുതിയ ഭാഷ്യം നൽകുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്. ചാലക്കുടി ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എം.കെ. റോയ് പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

തത്ത്വമസി സിനിമയിൽ നിന്ന്

ആലുവ ഭാരത് മാതാ സ്ക്രൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ഒക്റ്റോബർ 21നായിരുന്നു ചിത്രീകരണം. ഇടപ്പള്ളിയിലെ ആവിഷ്കാര ഡിജിറ്റൽ സ്റ്റുഡിയോയിലാണ് എഡിറ്റിങ്ങും ഓഡിയോ കറക്ഷനും കളർ കറക്ഷനും പൂർത്തിയാക്കിയത്. ജില്ലാ കോടതികളിൽ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകരും ഡോക്റ്റർമാരും അടങ്ങുന്ന നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മേക്കപ്പും സൗണ്ട് റെക്കോഡും ഒഴികെ മറ്റെല്ലാം സ്വയം നിർവഹിക്കുകയായിരുന്നുവെന്ന് രഘുനാഥ്.പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ രഘുനാഥ് അധ്യാപകനായിരുന്നു.

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ